|

ഈ വിട്ടുകളഞ്ഞത് ലോകകപ്പിലെ വിലയേറിയ ക്യാച്ചോ? അട്ടിമറികളുടെ ചരിത്രം അവസാനിക്കുന്നില്ലേ?

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ സൗത്ത് ആഫ്രിക്ക പതറുന്നു. മഴമൂലം 43 ആയി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ഡച്ച് പട ഉയര്‍ത്തിയ 246 റണ്‍സിന്റെ വിജയലക്ഷ്യം ചെയ്‌സ് ചെയ്തിറങ്ങിയ സൗത്ത് ആഫ്രിക്കക്ക് നിലവില്‍ കാര്യങ്ങള്‍ ഒട്ടും പന്തിയല്ല.

ടീമിന്റെ മുന്‍നിര ബാറ്റര്‍മാരെ വളരെ പെട്ടെന്ന് മടക്കിയാണ് നെതര്‍ലന്‍ഡ്‌സ് കരുത്ത് കാട്ടിയത്. ക്യാപ്റ്റന്‍ തെംബ ബാവുമ (31 പന്തില്‍ 16), ക്വിന്റണ്‍ ഡി കോക്ക് (22 പന്തില്‍ 10), റാസി വാന്‍ ഡെര്‍ ഡസന്‍ (ഏഴ് പന്തില്‍ നാല്), ഏയ്ഡന്‍ മര്‍ക്രം (മൂന്ന് പന്തില്‍ ഒന്ന്) എന്നിവരുടെ വിക്കറ്റുകള്‍ 50 റണ്‍സിനിടെ പ്രോട്ടീസിന് നഷ്ടമായിരുന്നു.

ടീം സ്‌കോര്‍ 85ല്‍ നില്‍ക്കവെ ഹെന്റിച്ച് ക്ലാസനെയും 109ല്‍ നില്‍ക്കവെ മാര്‍കോ യാന്‍സനെയും സൗത്ത് ആഫ്രിക്കക്ക് നഷ്ടമായി. ക്ലാസന്‍ 28 പന്തില്‍ 28 റണ്‍സ് നേടിയപ്പോള്‍ 25 പന്തില്‍ ഒമ്പത് റണ്‍സായിരുന്നു പ്രോട്ടീസ് സൂപ്പര്‍ ഓള്‍ റൗണ്ടര്‍ യാന്‍സന്റെ സമ്പാദ്യം.

സൂപ്പര്‍ താരം ഡേവിഡ് മില്ലര്‍ ക്രീസിലുണ്ട് എന്നതാണ് സൗത്ത് ആഫ്രിക്കയുടെ ഏക ആശ്വാസം. 30 ഓവര്‍ പിന്നിടുമ്പോള്‍ 46 പന്തില്‍ 39 റണ്‍സുമായാണ് മില്ലര്‍ ക്രീസില്‍ തുടരുന്നത്.

എന്നാല്‍ മില്ലറിനെ പുറത്താക്കാനുള്ള അവസരം നെതര്‍ലന്‍ഡ്‌സ് കൈവിട്ടുകളഞ്ഞിരുന്നു. ബൗണ്ടറി ലൈനിന് സമീപത്ത് നിന്നും മില്ലറിനെ പുറത്താക്കാനുള്ള അവസരമാണ് ഡച്ച് താരം ബാസ് ഡി ലീഡ് നഷ്ടപ്പെടുത്തിയത്.

ക്യാച്ചസ് വിന്‍സ് മാച്ചസ് എന്നത് വെറും വാക്കല്ല എന്ന് ക്രിക്കറ്റിന്റെ ചരിത്രം പലപ്പോഴായി തെളിയിച്ചതാണ്. അത്തരത്തില്‍ ഈ ഡ്രോപ് ക്യാച്ച് മത്സരത്തിലെ വലിയൊരു ഘടകമാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

നേരത്തെ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്‌സിന് ബാറ്റിങ് തകര്‍ച്ച നേരിട്ടിരുന്നു. ടോപ് ഓര്‍ഡറും മിഡില്‍ ഓര്‍ഡറും തകര്‍ന്ന മത്സരത്തില്‍ വാലറ്റമാണ് പൊരുതാവുന്ന സ്‌കോറിലേക്ക് ടീമിനെ നയിച്ചത്. ഇതിന് ചുക്കാന്‍ പിടിച്ചതാകട്ടെ ക്യാപ്റ്റന്‍ സ്‌കോട് എഡ്വാര്‍ഡ്‌സും.

നെതര്‍ലന്‍ഡ്സിനെ ഒന്നാകെ വിറപ്പിച്ച പ്രോട്ടീസ് ബൗളര്‍മാര്‍ അവരുടെ ക്യാപ്റ്റന് മുമ്പില്‍ കളി മറന്നു. 69 പന്തില്‍ പത്ത് ബൗണ്ടറിയുടെയും ഒരു സിക്സറിന്റെയും അകമ്പടിയോടെ പുറത്താകാതെ 78 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.

എഡ്വാര്‍ഡിസിനൊപ്പം ഒമ്പതാം നമ്പറില്‍ ഇറങ്ങിയ വാന്‍ ഡെര്‍ മെര്‍വും പത്താം നമ്പറില്‍ ഇറങ്ങിയ ആര്യന്‍ ദത്തും തകര്‍ത്തടിച്ചു.

മെര്‍വ് 19 പന്തില്‍ 29 റണ്‍സ് നേടി പുറത്തായപ്പോള്‍ ഒമ്പത് പന്തില്‍ പുറത്താകാതെ 29 റണ്‍സാണ് ആര്യന്‍ ദത്ത് സ്വന്തമാക്കിയത്. മൂന്ന് സിക്സറാണ് താരത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നത്.

മൂവരും ചേര്‍ന്ന് അവസാന ഒമ്പത് ഓവറില്‍ 109 റണ്‍സാണ് അടിച്ചെടുത്തത്.

മഴമൂലം ഓവറുകള്‍ വെട്ടിച്ചരുക്കിയ മത്സരത്തില്‍ 43 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സാണ് നെതര്‍ലന്‍ഡ്സ് നേടിയത്. ഇവരുടെ ഇന്നിങ്സിന് പുറമെ എക്സ്ട്രാസ് ഇനത്തില്‍ ലഭിച്ച 32 റണ്‍സും ടീം ടോട്ടലില്‍ നിര്‍ണായകമായി.

Content Highlight: Netherlands dropped David Miller

Latest Stories