| Tuesday, 17th October 2023, 11:04 pm

പ്രവചനങ്ങള്‍ കാറ്റില്‍ പറത്തി നെതര്‍ലന്‍ഡ്‌സ്; ക്യാപ്റ്റന്റെ ചങ്കുറപ്പില്‍ സൗത്ത് ആഫ്രിക്ക ചാരം

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പില്‍ അട്ടമറികളുടെ ചരിത്രം അവസാനിക്കുന്നില്ല. കരുത്തരായ സൗത്ത് ആഫ്രിക്കയെ റണ്‍സിന് തകര്‍ത്ത് നെതര്‍ലന്‍ഡ്‌സ് ഈ ലോകകപ്പിലെ ആദ്യ വിജയം ആഘോഷിച്ചിരിക്കുകയാണ്. നെതര്‍ലന്‍ഡ്‌സ് ഉയര്‍ത്തിയ 246 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കക്ക് 207 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

നെതര്‍ലന്‍ഡ്‌സ് ഉയര്‍ത്തിയ 246 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ പ്രോട്ടീസിന് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ആദ്യ ഓവറുകളില്‍ ഡി കോക്കും ക്യാപ്റ്റന്‍ ബാവുമയും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തിയെങ്കിലും എട്ടാം ഓവറിലെ അവസാന പന്തില്‍ ഡി കോക്ക് പുറത്തായതോടെ സൗത്ത് ആഫ്രിക്കയുടെ പതനം ആരംഭിച്ചു.

വിക്കറ്റൊന്നും നഷ്ടപ്പെടാതെ 36 റണ്‍സ് എന്ന നിലയില്‍ നിന്നും 44 റണ്‍സിന് നാല് എന്ന നിലയിലേക്ക് നെതര്‍ലന്‍ഡ് പ്രോട്ടീസിനെ കൊണ്ടുചെന്നെത്തിച്ചു.

ക്യാപ്റ്റന്‍ തെംബ ബാവുമ (31 പന്തില്‍ 16), ക്വിന്റണ്‍ ഡി കോക്ക് (22 പന്തില്‍ 10), റാസി വാന്‍ ഡെര്‍ ഡസന്‍ (ഏഴ് പന്തില്‍ നാല്), ഏയ്ഡന്‍ മര്‍ക്രം (മൂന്ന് പന്തില്‍ ഒന്ന്) എന്നിവരുടെ വിക്കറ്റുകളാണ് സൗത്ത് ആഫ്രിക്കക്ക് നഷ്ടമായത്.

ഒരുവേള ഹെന്റിച്ച് ക്ലാസനും ഡേവിഡ് മില്ലറും ചേര്‍ന്ന് ടീമിനെ താങ്ങി നിര്‍ത്തുമെന്ന് തോന്നിച്ചിരുന്നു. എന്നാല്‍ ടീം സ്‌കോര്‍ 89ല്‍ നില്‍ക്കവെ അഞ്ചാം വിക്കറ്റായി ക്ലാസനും പുറത്തായി. 28 പന്തില്‍ 28 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

സൂപ്പര്‍ ഓള്‍ റൗണ്ടര്‍ മാര്‍കോ യാന്‍സെനും പൂര്‍ണമായി നിരാശപ്പെടുത്തി. 25 പന്തില്‍ ഒമ്പത് റണ്‍സാണ് താരം നേടിയത്. 52 പന്തില്‍ 43 റണ്‍സ് നേടിയ ഡേവിഡ് മില്ലറും അവസാന പ്രതീക്ഷയായ ജെറാള്‍ഡ് കോട്‌സിയും മടങ്ങിയതോടെ പ്രോട്ടീസ് തോല്‍വിയുറപ്പിച്ചു. 23 പന്തില്‍ 22 റണ്‍സ് നേടിയാണ് കോട്‌സി പുറത്തായത്.

കേശവ് മഹാരാജ് 37 പന്തില്‍ 40 റണ്‍സ് നേടി ചെറുത്ത് നില്‍പിന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇന്നിങ്‌സിലെ 43ാം ഓവറിലെ അഞ്ചാം പന്തില്‍ വാന്‍ ബീക്കിന് വിക്കറ്റ് നല്‍കിയാണ് താരം മടങ്ങിയത്.

നെതര്‍ലന്‍ഡ്‌സിനായി ലോഗന്‍ വാന്‍ ബീക് മൂന്ന് വിക്കറ്റ് നേടി. വാന്‍ ഡെര്‍ മെര്‍വ്, പോള്‍ വാന്‍ മീകരെന്‍, ബാസ് ഡി ലീഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കോളിന്‍ അക്കര്‍മാനാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്‌സിനും തുടക്കം പാളിയിരുന്നു. ഓപ്പണര്‍ വിക്രംജീത് സിങ്ങിനെ രണ്ട് റണ്‍സിന് പുറത്താക്കിയാണ് സൗത്ത് ആഫ്രിക്ക തുടങ്ങിയത്.

പിന്നാലെ മാക്സ് ഔ ഡൗഡും കോളിന്‍ അക്കര്‍മാനും ബാസ് ഡി ലീഡും കൂടാരം കയറിയിരുന്നു. 50 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലേക്കാണ് നെതര്‍ലന്‍ഡ്സിന്റെ ടോപ് ഓര്‍ഡര്‍ കാലിടറി വീണത്. തുടര്‍ന്നും കൃത്യമായി ഇടവേളകളില്‍ പ്രോട്ടീസ് വിക്കറ്റ് വീഴ്ത്തിക്കൊണ്ടിരുന്നു.

മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താനോ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാനോ ഓറഞ്ച് ആര്‍മി പണിപ്പെടുന്ന വേളയിലാണ് ഏഴാമനായി ക്യാപ്റ്റന്‍ സ്‌കോട് എഡ്വാര്‍ഡ്സ് കളത്തിലിറങ്ങിയത്.

ടോപ് ഓര്‍ഡറും മിഡില്‍ ഓര്‍ഡറും തകര്‍ന്ന മത്സരത്തില്‍ ക്യാപ്റ്റനൊപ്പം ചേര്‍ന്ന് വാലറ്റമാണ് പൊരുതാവുന്ന സ്‌കോറിലേക്ക് ടീമിനെ നയിച്ചത്.

നെതര്‍ലന്‍ഡ്സിനെ ഒന്നാകെ വിറപ്പിച്ച പ്രോട്ടീസ് ബൗളര്‍മാര്‍ അവരുടെ ക്യാപ്റ്റന് മുമ്പില്‍ കളി മറന്നു. 69 പന്തില്‍ പത്ത് ബൗണ്ടറിയുടെയും ഒരു സിക്സറിന്റെയും അകമ്പടിയോടെ പുറത്താകാതെ 78 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.

എഡ്വാര്‍ഡിസിനൊപ്പം ഒമ്പതാം നമ്പറില്‍ ഇറങ്ങിയ വാന്‍ ഡെര്‍ മെര്‍വും പത്താം നമ്പറില്‍ ഇറങ്ങിയ ആര്യന്‍ ദത്തും തകര്‍ത്തടിച്ചു.

മെര്‍വ് 19 പന്തില്‍ 29 റണ്‍സ് നേടി പുറത്തായപ്പോള്‍ ഒമ്പത് പന്തില്‍ പുറത്താകാതെ 29 റണ്‍സാണ് ആര്യന്‍ ദത്ത് സ്വന്തമാക്കിയത്. മൂന്ന് സിക്സറാണ് താരത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നത്.

ഈ ലോകകപ്പിലെ നെതര്‍ലന്‍ഡ്‌സിന്റെ ആദ്യ വിജയമാണിത്. ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ശേഷമാണ് ഡച്ച് പട വിജയം സ്വന്തമാക്കിയത്.

ശ്രീലങ്കയോടാണ് നെതര്‍ലന്‍ഡ്‌സ് അടുത്ത മത്സരം കളിക്കുന്നത്. ഒക്ടോബര്‍ 21ന് നടക്കുന്ന മത്സരത്തിന് ലഖ്‌നൗവിലെ എകാന സ്‌പോര്‍ട്‌സ് സിറ്റിയാണ് വേദിയാകുന്നത്.

Content Highlight: Netherlands defeated South Africa

We use cookies to give you the best possible experience. Learn more