3 ടെസ്റ്റ് ടീമുകളെ തകര്‍ത്തെറിഞ്ഞവര്‍ അസോസിയേറ്റ് ടീമിനോട് തോറ്റു; ലോകകപ്പിനില്ല, ബൈ ബൈ സ്‌കോട്‌ലാന്‍ഡ്
icc world cup
3 ടെസ്റ്റ് ടീമുകളെ തകര്‍ത്തെറിഞ്ഞവര്‍ അസോസിയേറ്റ് ടീമിനോട് തോറ്റു; ലോകകപ്പിനില്ല, ബൈ ബൈ സ്‌കോട്‌ലാന്‍ഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 6th July 2023, 8:49 pm

ഐ.സി.സി വേള്‍ഡ് കപ്പ് ക്വാളിഫയറില്‍ സ്‌കോട്‌ലാന്‍ഡിനെ പരാജയപ്പെടുത്തി നെതര്‍ലന്‍ഡ് ലോകകപ്പിന് യോഗ്യത നേടി. വ്യാഴാഴ്ച ക്യൂന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് നെതര്‍ലന്‍ഡ്‌സ് സ്‌കോട്‌ലാന്‍ഡിനെ തകര്‍ത്തുവിട്ടത്.

മത്സരത്തില്‍ ടോസ് നേടിയ നെതര്‍ലന്‍ഡ്‌സ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്യൂ ക്രോസിനെ പുറത്താക്കി ഹോളണ്ട് സ്‌കോട്ടിഷ് പടയെ ഞെട്ടിച്ചിരുന്നു. സില്‍വര്‍ ഡക്കായാണ് താരം പുറത്തായത്.

എന്നാല്‍ വണ്‍ ഡൗണായെത്തിയ ബ്രാന്‍ഡന്‍ മാക്മുള്ളന്‍ ഓപ്പണര്‍ ക്രിസ്റ്റഫര്‍ മാക്‌ബ്രൈഡിനെ കൂട്ടുപിടിച്ച് സ്‌കോര്‍ ഉയര്‍ത്തി. എന്നാല്‍ ടീം സ്‌കോര്‍ 46ല്‍ നില്‍ക്കവെ മാക്‌ബ്രൈഡിനെയും മടക്കി നെതര്‍ലന്‍ഡ്‌സ് കൂട്ടുകെട്ട് പൊളിച്ചു.

14 പന്തില്‍ ഒമ്പത് റണ്‍സ് നേടിയ ജോര്‍ജ് മുന്‍സിക്ക് ശേഷം ക്യാപ്റ്റന്‍ റിച്ചി ബെറിങ്ടണാണ് ക്രീസിലെത്തിയത്. ടീം സ്‌കോര്‍ 64ല്‍ നില്‍ക്കവെ ഒന്നിച്ച ബെറിങ്ടണും മാക്മുള്ളനും ചേര്‍ന്ന് സ്‌കോറിങ്ങിന് അടിത്തറയിട്ടു.

സ്‌കോര്‍ 201ല്‍ നില്‍ക്കവെ 110 പന്തില്‍ നിന്നും 106 റണ്‍സ് നേടിയ മക്മുള്ളന്റെ വിക്കറ്റ് വീഴ്ത്തി ബാസ് ഡി ലീഡാണ് നെതര്‍ലന്‍ഡ്‌സിനാവശ്യമായ ബ്രേക് ത്രൂ നല്‍കിയത്. ടീം സ്‌കോര്‍ 234ല്‍ നില്‍ക്കവെ അര്‍ധ സെഞ്ച്വറി തികച്ച ബെറിങ്ടണും പുറത്തായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സാണ് സ്‌കോട്ടിഷ് വാറിയേഴ്‌സ് സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്‌സിനായി വിക്രംജിത് സിങ്ങും മാര്‍ക് ഒ ഡൗഡും ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. 65 റണ്‍സാണ് ഇവര്‍ ആദ്യ വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. 20 റണ്‍സെടുത്ത ഒ ഡൗഡിനെ മൈക്കല്‍ ലീസ്‌ക്കാണ് മടക്കിയത്.

ടീം സ്‌കോര്‍ 72ല്‍ നില്‍ക്കവെ 40 റണ്‍സ് നേടിയ വിക്രംജിത് പുറത്തായതിന് പിന്നാലെ ബാസ് ഡി ലീഡ് ക്രീസിലെത്തി. ശേഷം സിക്‌സറും ബൗണ്ടറിയുമായി ലീഡിന്റെ വെടിക്കെട്ടിനാണ് ക്യൂന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി സ്‌കോട്‌ലാന്‍ഡ് മത്സരം ലൈവ് ആക്കി നിര്‍ത്തി.

92 പന്തില്‍ നിന്നും 123 റണ്‍സ് നേടി റണ്ണൗട്ടായാണ് താരം മടങ്ങിയത്. എന്നാല്‍ പുറത്താകുമ്പോള്‍ വിജയത്തിന് തൊട്ടടുത്തെത്തിച്ചാണ് താരം പുറത്തായത്.

43ാം ഓവറിലെ രണ്ടാം പന്തില്‍ ലീഡ് പുറത്താകുമ്പോള്‍ നെതര്‍ലന്‍ഡ്‌സ് ലോകകപ്പ് യോഗ്യതക്ക് വെറും രണ്ട് റണ്‍സ് മാത്രം അകലെയായിരുന്നു. ആ ഓവറില്‍ തന്നെ സാഖിബ് സുല്‍ഫിക്കര്‍ നെതര്‍ലന്‍ഡ്‌സിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

പരാജയപ്പെട്ടെങ്കിലും തലയുയര്‍ത്തി തന്നെയാണ് സ്‌കോട്‌ലാന്‍ഡ് മടങ്ങുന്നത്. ഒരു ക്രിക്കറ്റ് പാരമ്പര്യവുമില്ലാതെ ക്വാളിഫയറിനെത്തി മുന്‍ ചാമ്പ്യന്‍മാരെയടക്കം മൂന്ന് ടെസ്റ്റ് പ്ലെയിങ് ടീമുകളെ തകര്‍ത്തെറിഞ്ഞാണ് സ്‌കോട്‌ലാന്‍ഡ് പടിയിറങ്ങുന്നത്. വരും എഡിഷനുകളില്‍ ശക്തമായി സ്‌കോട്‌ലാന്‍ഡ് മടങ്ങിയെത്തുമെന്ന് തന്നെയാണ് ക്രിക്കറ്റ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

 

Content highlight: Netherlands defeated Scotland, Qualified for World Cup