| Friday, 11th November 2022, 5:53 pm

ഞങ്ങള്‍ കാരണം ഫൈനലില്‍ എത്തിയിതല്ലേ... 'പാകിസ്ഥാന്‍ ആരാധകരേ യൂ ആര്‍ വെല്‍ക്കം'; വൈറലായി നെതര്‍ലന്‍ഡ്‌സ് കോച്ചിന്റെ ട്വീറ്റ്

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയെ ആധികാരികമായി പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു ഇംഗ്ലണ്ട് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. പത്ത് വിക്കറ്റും നാല് ഓവറും കയ്യിലിരിക്കെയാണ് ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്.

ഇന്ത്യ സെമിയില്‍ തോറ്റ് പുറത്തായതോടെ നെതര്‍ലന്‍ഡ്‌സ് ടീമിന്റെ കോച്ച് റയാന്‍ കാംപ്‌ബെല്ലിന്റെ ട്വീറ്റ് വൈറലാവുകയാണ്. നവംബര്‍ ഒമ്പതിന് ന്യൂസിലാന്‍ഡിനെ തോല്‍പിച്ച് പാകിസ്ഥാന്‍ ഫൈനലില്‍ പ്രവേശിച്ചതിന് പിന്നാലെ അദ്ദഹം പങ്കുവെച്ച ട്വീറ്റാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

പാകിസ്ഥാന്‍ ആരാധകരെ അഭിസംബോധനെ ചെയ്ത്, പാകിസ്ഥാന്‍ ടീമിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലിനെ മെന്‍ഷന്‍ ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം ട്വീറ്റ് പങ്കുവെച്ചത്.

‘പാകിസ്ഥാന്‍ ആരാധകരേ യൂ ആര്‍ വെല്‍ക്കം’ എന്നെഴുതി വിങ്കിങ് ഇമോജികള്‍ക്കും നെതര്‍ലന്‍ഡ്‌സ് പതാകക്കും ഒപ്പമാണ് അദ്ദേഹം ട്വീറ്റ് പങ്കുവെച്ചത്.

സൂപ്പര്‍ 12 മത്സരത്തില്‍ നൂറ്റാണ്ടിന്റെ അട്ടിമറിയായി പോലും വിശേഷിപ്പിക്കാവുന്ന വിജയം നെതര്‍ലന്‍ഡ്‌സ് സ്വന്തമാക്കിയതോടെയാണ് പാകിസ്ഥാന് മുന്നോട്ടുള്ള വഴി തുറന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സൗത്ത് ആഫ്രിക്കയെ നെതര്‍ലന്‍ഡ്‌സ് പരാജയപ്പെടുത്തുമെന്ന് ഒരാള്‍ പോലും കരുതിയിരുന്നില്ല.

ഇതോടെ കറാച്ചയിലേക്ക് വിമാനം കയറാന്‍ പെട്ടി പാക്ക് ചെയ്ത പാകിസ്ഥാന്‍ ലൈഫ്‌ലൈന്‍ ലഭിക്കുകയും അവര്‍ അത് കൃത്യമായി വിനിയോഗിക്കുകയും ചെയ്തു.

ബംഗ്ലാദേശിനെ തോല്‍പിച്ച് സെമിയിലെത്തിയ പാകിസ്ഥാന്‍ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെയും തോല്‍പിച്ച് കലാശക്കളിക്ക് യോഗ്യത നേടിയിരുന്നു.

പാകിസ്ഥാന്‍ സെമിയിലും ഫൈനലിലും പ്രവേശിച്ചതിന് പിന്നാലെ ടീമിനെതിരെ വ്യാപകമായ ട്രോളുകളും ഉയര്‍ന്നിരുന്നു. പാകിസ്ഥാന്‍ ഫൈനലില്‍ പ്രവേശിച്ചത് നെതര്‍ലാന്‍ഡ്‌സിന്റെ കനിവ് കൊണ്ടാണെന്നും അല്ലാതെ ഒരു ടീം എന്ന നിലയില്‍ പാകിസ്ഥാന്‍ പരാജയമാണെന്നുമായിരുന്നു ഇവര്‍ പറഞ്ഞത്.

ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനോട് 13 റണ്‍സിന് തോറ്റതിന് പിന്നാലെയാണ് പ്രോട്ടീസിന്റെ ലോകകപ്പ് മോഹങ്ങള്‍ കൊഴിഞ്ഞു വീണത്. ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചില്ലായിരുന്നുവെങ്കില്‍ അവര്‍ക്ക് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ സെമിയില്‍ പ്രവേശിക്കാന്‍ സാധിക്കുമായിരുന്നു.

എന്നാല്‍ ഭാഗ്യം എന്ന ഫാക്ടര്‍ ഇത്തവണയും സൗത്ത് ആഫ്രിക്കയെ തൊടാതെ പോയപ്പോള്‍ പാകിസ്ഥാനെ ആ ഭാഗ്യം വേണ്ടുവോളം കടാക്ഷിക്കുകയായിരുന്നു.

Content Highlight: Netherlands coach Ryan Campbell’s tweet goes viral

We use cookies to give you the best possible experience. Learn more