വരാനിരിക്കുന്ന യൂറോകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തില്‍ നെതര്‍ലാന്‍ഡ്‌സിന് തകര്‍പ്പന്‍ ജയം. കാനഡയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് തകര്‍ത്തുവിട്ടത്.
നെതര്‍ലാന്‍സിലെ ഡി ക്യുപ്പ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-3-3 എന്ന ഫോര്‍മേഷനിലാണ് ഓറഞ്ച് പട കളത്തിലിറങ്ങിയത്. മറുഭാഗത്ത് 4-4-2 എന്ന ശൈലിയിലാണ് കാനഡ അണിനിരന്നത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. രണ്ടാം പകുതിയിലാണ് ഓറഞ്ച് പട നാലു ഗോളുകള്‍ എതിരാളികളുടെ പോസ്റ്റിലേക്ക് അടിച്ചു കയറ്റിയത്.
50ാം മിനിട്ടില്‍ മെംപിസ് ഡിപേയാണ് നെതര്‍ ലാന്‍ഡ്‌സിന്റെ ഗോളടി മേളയ്ക്ക് തുടക്കം കുറിച്ചത്. 57ാം മിനിട്ടില്‍ ജെറെമി ഫ്രിപൊങ് രണ്ടാം ഗോളും നേടി. ആറ് മിനിട്ടുകള്‍ക്ക് ശേഷം വോള്‍ട്ട് വെഗ്‌ഹോര്‍സ്റ്റ് മൂന്നാം ഗോളും നേടി. 83ാം മിനിട്ടില്‍ വിര്‍ജില്‍ വാന്‍ ഡിക്കിലൂടെ നെതര്‍ലാന്‍ഡ്‌സ് നാലാം ഗോളും നേടിയതോടെ മത്സരം പൂര്‍ണമായും ഓറഞ്ച് പട സ്വന്തമാക്കുകയായിരുന്നു.
മത്സരത്തിന്റെ സര്‍വ്വ മേഖലയിലും നെതര്‍ലാന്‍ഡ്‌സ് ആയിരുന്നു ആധിപത്യം പുലര്‍ത്തിയിരുന്നത്. 61 ബോള്‍ പോസഷന്‍ മത്സരത്തില്‍ പുലര്‍ത്തിയ നെതര്‍ലാന്‍ഡ് 20 ഷോട്ടുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് ഉതിര്‍ത്തത്. ഇതില്‍ 11 എണ്ണവും ലക്ഷ്യത്തിലേക്ക് ആയിരുന്നു.
മറുഭാഗത്ത് കാനഡയ്ക്ക് ആറ് ഷോട്ടുകള്‍ മാത്രമേ നെതർലാൻഡ്‌സിന്റെ പോസ്റ്റിലേക്ക് ഉന്നം വയ്ക്കാന്‍ സാധിച്ചത് ഇതില്‍ രണ്ടെണ്ണം മാത്രമാണ് ഓണ്‍ ടാര്‍ഗറ്റിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത്. ജൂണ്‍ 11ന് ഐസ്ലാന്‍ഡിനെതിരെയാണ് നെതര്‍ലാന്‍സിന്റെ അടുത്ത സൗഹൃദ മത്സരം നടക്കുന്നത്.
അതേസമയം ഗ്രൂപ്പ് ഡിയിലാണ് നെതെര്‍ലാന്‍ഡ് യൂറോ കപ്പില്‍ കിരീടത്തിനായി പോരാടുന്നത്. ഓറഞ്ച് പടയ്‌ക്കൊപ്പം പോളണ്ടും , ഖത്തര്‍ ലോകകപ്പ് ഫൈനലിസ്റ്റുകളായ ഫ്രാന്‍സും ഓസ്ട്രിയയുമാണ് ഉള്ളത്.
ജൂണ്‍ 16നാണ് നെതര്‍ലാന്‍സിന്റെ യൂറോ കപ്പിലെ ആദ്യ മത്സരം നടക്കുന്നത്. ഫോക്‌സ് പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പോളണ്ടാണ് നെതര്‍ലാന്‍ഡ്സിന്റെ എതിരാളികള്‍.
Content Highlight: Netherlands beat Canada in Friendly game