ലോകകപ്പില്‍ വിരാട് കോഹ്‌ലിയെ പുറത്താക്കുമെന്ന് നെതര്‍ലന്‍ഡ്‌സ് സ്റ്റാര്‍ പേസര്‍ ലോഗന്‍ വാന്‍ ബീക്. അഞ്ച് പന്തുകള്‍ കൊണ്ട് വിരാടിനെ പുറത്താക്കാന്‍ സാധിക്കുമെന്നും ആ പന്തുകള്‍ എങ്ങനെയാണ് താന്‍ എറിയാന്‍ ഉദ്ദേശിക്കുന്നതെന്നും വാന്‍ ബീക് പറഞ്ഞു.
പ്രമുഖ കായിക മാധ്യമമായ ക്രിക്ട്രാക്കറിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വാന്‍ ബീക് ഇക്കാര്യം പറഞ്ഞത്.
വിരാടിനെതിരെ ആദ്യ രണ്ട് പന്തും ഔട്ട് സ്വിങ്ങറുകള്‍ എറിയുമെന്നും തുടര്‍ന്ന് ഓഫ് കട്ടറുകളെറിയുമെന്നുമാണ് വാന്‍ ബീക് പറഞ്ഞത്. ഈ പന്തുകള്‍ എത്തരത്തിലായിരിക്കും വിരാട് കളിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും വാന്‍ ബീക് കണക്കുകൂട്ടി പറയുന്നുണ്ട്.
‘ഞാന്‍ വിരാട് കോഹ്‌ലിക്കെതിരെ പന്തെറിയുമ്പോള്‍, എന്റെ ആദ്യ രണ്ട് പന്തുകളും ഔട്ട്സ്വിങ്ങറായിരിക്കും. അതിനുശേഷം, ഞാന്‍ ഒരു സ്ലോ ബോള്‍, ഓഫ് കട്ടര്‍ സ്ലോ ബോള്‍ എറിയും. വിരാട് അത് ബൗണ്ടറി കടത്തും.
ഞാന്‍ തിരികെ നടന്ന് അസ്വസ്ഥനായതുപോലെ അഭിനയിച്ച് കളി വൈകിപ്പിക്കുകയും ക്യാപ്റ്റനെ എന്റെയടുത്ത വരാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. ഞങ്ങള്‍ സംസാരിക്കുന്നതായി അഭിനയിക്കും. എന്നിട്ട് ഞാന്‍ ആ രീതിയില്‍ പന്തെറിയാന്‍ പോകുന്നു എന്ന് കാണിച്ച് ഗ്രൗണ്ടിന്റെ ഒരു മൂലയിലേക്ക് ചൂണ്ടിക്കാണിക്കും. പക്ഷേ ഞാന്‍ അങ്ങനെ പന്തെറിയില്ല, വിരാടിനെ ഞങ്ങള്‍ പറ്റിക്കും.
ഇവിടെ തീര്‍ന്നില്ല. നാലാമത് ഞാന്‍ ഒരു നല്ല ഹാഫ് വോളിയായിരിക്കും ചെയ്യുന്നത്. വിരാട് അതും ഫോര്‍ അടിക്കും. ഇതുകണ്ട് കാണികള്‍ ആവേശത്തില്‍ ആര്‍ത്തിരമ്പും, കോഹ്‌ലി താന്‍ എക്കാലത്തെയും മികച്ച താരമാണെന്ന് കരുതും, ഒരുപക്ഷേ അദ്ദേഹം മികച്ച കളിക്കാരന്‍ തന്നെയായിരിക്കാം.
എന്നാല്‍ ഇപ്പോള്‍ എന്റെ പദ്ധതിയുടെ ഭാഗമായി വിരാടിനെ എനിക്ക് ആവശ്യമുള്ള ഇടത്തേക്ക് എത്തിച്ചിരിക്കുകയാണ്. എനിക്ക് അഞ്ച് പന്തുകള്‍ മാത്രമേ ആവശ്യമുള്ളൂ. ഞാന്‍ ലക്ഷ്യത്തിലെത്തി.
‘ഞാന്‍ നിങ്ങള്‍ക്കായി എന്തും ചെയ്യാം, വിരാട് കോഹ്‌ലിയെ ഇപ്പോള്‍ തന്നെ പുറത്താക്കാന്‍ എന്നെ അനുവദിക്കൂ’ എന്ന ക്രിക്കറ്റ് ദൈവങ്ങളോട് പ്രാര്‍ത്ഥിക്കും. അടുത്തതായി ഞാന്‍ കണ്ണടച്ചുകൊണ്ട് ഓടിവന്ന് പന്തെറിയുകയും വിരാട് പുറത്താവുകയും ചെയ്യും,’ വാന്‍ ബീക് ചിരിച്ചുകൊണ്ട് പദ്ധതി വിശദീകരിച്ചു.
ഇതിന്റെ വീഡിയോയും വൈറലാവുകയാണ്.
ഒക്ടോബര്‍ മൂന്നിന് തങ്ങളുടെ സന്നാഹ മത്സരത്തിലാണ് ഇന്ത്യ ആദ്യമായി നെതര്‍ലന്‍ഡ്‌സിനെ നേരിടുന്നത്. കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയമാണ് വേദി. ശേഷം നവംബര്‍ 12നാണ് ലോകകപ്പിലെ ഇന്ത്യ – നെതര്‍ലന്‍ഡ്‌സ് മത്സരം. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി.
Content Highlight: Netherland bowler about his plan to dismiss Virat Kohli
ഡൂള്‍ന്യൂസിനെ വാട്‌സ്ആപ്പ് ചാനലില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക് ചെയ്യുക