ടെല്‍ അവീവ്: ജുഡീഷ്യല്‍ നിയമപരിഷ്‌കരണം നിര്‍ത്തിവെക്കണമെന്ന ഇസ്രഈല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിന്റെ അഭിപ്രായത്തിന് പിന്നാലെ അദ്ദേഹത്തെ പുറത്താക്കി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വിമര്‍ശനത്തിന്റെ പിന്നാലെ തന്നെ പ്രധാനമന്ത്രിയുടെ ഓഫീസ് അദ്ദേഹത്തെ പുറത്താക്കിയെന്ന പ്രസ്താവനയിറക്കുകയായിരുന്നു.
നെതന്യാഹുവിന്റെ വലത്പക്ഷ ലികുഡ് പാര്‍ട്ടി നേതാവായ ഗാലന്റ് കഴിഞ്ഞ ദിവസമാണ് വിവാദമായ ജുഡീഷ്യല്‍ പരിഷ്‌കരണം സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടത്.
‘ നേരിയ ഭൂരിപക്ഷമുള്ള ഭരണപക്ഷത്ത് നിന്ന് രണ്ട് അംഗങ്ങള്‍ പ്രധാനമന്ത്രിക്കെതിരെ തിരിയുമ്പോള്‍ സര്‍ക്കാരിന്റെ ഭൂരിപക്ഷം തകരാന്‍ കാരണമേയാക്കാം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ നിയമം പ്രാബല്യത്തില്‍ വരികയാണെങ്കില്‍ ഇസ്രഈല്‍ 1948ന് ശേഷം നേരിടാന്‍ പോകുന്ന വലിയ പ്രതിസന്ധിയായിരിക്കുമെന്നും റാപോപാര്‍ട്ട് പറഞ്ഞു.
ഗല്ലന്റിന്റെ പുറത്താക്കല്‍ തീരുമാനം വന്നതിന് പിന്നാലെ ന്യൂയോര്‍ക്കിലെ കൗണ്‍സല്‍ ജനറല്‍ അസഫ് സമീറും രാജിവെക്കുന്നതായി അറിയിച്ചിരുന്നു.
‘ഇനിയും ഈ സര്‍ക്കാറിന്റെ പ്രതിനിധിയാകാന്‍ എനിക്ക് സാധിക്കില്ല. ജനാധിപത്യവും സ്വാതന്ത്ര്യവും ഉള്ളൊരു രാജ്യമാണ് ഇസ്രഈല്‍ എന്ന് ലോകത്തെ അറിയിക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നെതന്യാഹുവിന് ഗാല്ലന്റിനെ പുറത്താക്കാന്‍ പറ്റുമായിരിക്കും. എന്നാല്‍ ഇവിടുത്തെ ജനങ്ങളെ പിന്തിരിപ്പിക്കാന്‍ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് യെര്‍ ലാപിഡും പറഞ്ഞു.
അതേസമയം ഗല്ലന്റിന് പിന്തുണയുമായി രണ്ട് ലികുഡ് പാര്‍ട്ടി നേതാക്കളും രംഗത്ത് വന്നു.
ഈ മാസം തുടക്കത്തില്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗും നെതന്യാഹുവിന്റെ തീരുമാനങ്ങളില്‍ ആശങ്ക അറിയിച്ചിരുന്നു.
അതേസമയം ഗാല്ലന്റിന്റെ പുറത്താക്കല്‍ നടപടിയില്‍ പ്രതിഷേധിച്ചും ഇസ്രഈലില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങിയെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പ്രതിഷേധക്കാരെ ജലപീരങ്കികളുപയോഗിച്ചാണ് പൊലീസ് നേരിട്ടത്.
നിയമപരിഷ്‌കരണവുമായി മുന്നോട്ട് പോകുമെന്ന നതന്യാഹുവിന്റെ തീരുമാനങ്ങള്‍ക്ക് പിന്നാലെയായിരുന്നു ഗാലന്റ് അതിനെ എതിര്‍ത്ത് രംഗത്ത് വന്നത്. ഈ നിയമം രാജ്യത്തിന്റെ സുരക്ഷക്ക് പ്രത്യക്ഷ ഭീഷണിയാണെന്നും അതുകൊണ്ട് നിമനിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നുമായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്.