| Monday, 30th October 2023, 8:35 am

'എനിക്ക് തെറ്റുപറ്റി, അതിന് ക്ഷമ ചോദിക്കുന്നു': നെതന്യാഹു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെല്‍ അവീവ്: ഇസ്രഈല്‍- ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഇസ്രഈലി സുരക്ഷാ മേധാവികളെ കുറ്റപ്പെടുത്തിയതിന് മാപ്പ് പറഞ്ഞ് നെതന്യാഹു.

ഹമാസിന്റെ ആക്രമണം മുന്‍കൂട്ടി കാണുന്നതില്‍ രാജ്യത്തിന്റ സുരക്ഷാ സംവിധാനങ്ങള്‍ പരാജയപ്പെട്ടെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ശനിയാഴ്ച തന്റെ എക്‌സ് അക്കൗണ്ടിലൂടെ പറഞ്ഞിരുന്നു. തുടര്‍ന്ന് പോസ്റ്റിനെതിരെ മന്ത്രിസഭക്കുള്ളില്‍ നിന്നും രാഷ്ട്രീയകക്ഷികളില്‍ നിന്നും വിമര്‍ശനമുയര്‍ന്നതോടെ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.

രാജ്യം കൂടുതല്‍ ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി പ്രതിരോധമന്ത്രി ഗാല്ലന്റ്, നെസ്സറ്റ് (ഇസ്രഈല്‍ നിയമനിര്‍മ്മാണ സഭ ) അംഗം ഗാന്‍ഡ്‌സ് എന്നിവരുമായി ചേര്‍ന്ന് നെതന്യാഹു സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് ഇന്റലിജന്‍സ് വിഭാഗമായ ഷിന്‍ബെറ്റിനെ കുറ്റപ്പെടുത്തിയും പരിഹസിച്ചും ഉള്ള കുറിപ്പ് അദ്ദേഹം എക്‌സില്‍ പോസ്റ്റ് ചെയ്തത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് മന്ത്രിസഭയില്‍ നിന്നും ഉണ്ടായത്.

യുദ്ധമന്ത്രിസഭാംഗവും മുന്‍ ജനറലും ആയ ഗ്യാന്‍സ് തന്നെ ആദ്യം രംഗത്തെത്തി. പ്രസ്താവന പിന്‍വലിക്കണമെന്ന് അദ്ദേഹം നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

നെതന്യാഹു പരിധി ലംഘിക്കുന്നു എന്നായിരുന്നു പ്രതിപക്ഷ കക്ഷി നേതാവായ യൈര്‍ ലാപിടിന്റെ പ്രതികരണം. ഹമാസിനും ഹിസ്ബുല്ലക്കുമെതിരെ പോരാടുന്ന സൈനികരെയും കമാന്‍ഡര്‍മാരെയും പിന്തുണയ്ക്കുന്നതിനു പകരം കുറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ലാപിഡ് പറഞ്ഞു.

നെതന്യാഹുവിന്റെ പ്രസ്താവന തെറ്റാണെന്നും മാപ്പ് പറയണമെന്നും വിദേശകാര്യ മന്ത്രി ഗാബി അഷ്‌കേ നാസിയും ലേബര്‍ പാര്‍ട്ടി അധ്യക്ഷന്‍ മീറവ് മിഷേലിയും ആവശ്യപ്പെട്ടു.

ദേശീയ സുരക്ഷാ മന്ത്രിയും തീവ്ര വലതുപക്ഷ നേതാവുമായ ബെന്‍ഗ്വിറും വിമര്‍ശനവുമായി എത്തിയതോടെ നെതന്യാഹു തന്റെ എക്‌സ് പോസ്റ്റ് പിന്‍വലിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തു.

‘എനിക്ക് തെറ്റുപറ്റി ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ പറയാന്‍ പാടില്ലായിരുന്നു. അതിന് ക്ഷമ ചോദിക്കുന്നു. സുരക്ഷാസേന മേധാവികള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നു,’ നെതന്യാഹു എക്സില്‍ പറഞ്ഞു.

Content Highlight: Nethanyahu apologizes to Israeli military

We use cookies to give you the best possible experience. Learn more