ചോദ്യം ചെയ്യപ്പെടാത്ത നേതൃത്വം പലരുടേയും സ്വപ്നമാണ്. ഈ നേതൃത്വത്തിന്റെ നിര്‍മിതിയില്‍ ബിംബവല്‍ക്കരണത്തിന് അതീവ പ്രാധാന്യമുണ്ട്. പലപ്പോഴും നേതാവ് ജീവിച്ചിരിക്കുമ്പോള്‍ ബിംബവല്‍ക്കരണം സാധ്യമായില്ലെങ്കില്‍ പിന്നെ മരണമാണ് അടുത്ത അവസരം. ഏകപക്ഷീയമായ മഹത്വവല്‍ക്കരണവും വിമര്‍ശനാത്മക വിലയിരുത്തലുകളുടെ അഭാവവും മരണശേഷമുള്ള ബിംബവല്‍ക്കരണം താരതമ്യേന എളുപ്പമാക്കുന്നു. അത് കൊണ്ട് തന്നെ ഇതേ രാഷ്ട്രീയം പിന്തുടരുന്ന മറ്റു നേതാക്കള്‍ക്ക് വലിയൊരു സാധ്യതയാണ് നേതാവിന്റെ മരണം നല്‍കുന്നത്.
ചാനലുകളും ലൈവ് കവറേജുകളും വ്യാപകമായതിന് ശേഷം മരണപ്പെട്ട നേതാക്കളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിംഗ് രീതിയില്‍ പ്രകടമായ മാറ്റം കാണുന്നുണ്ട്. മരിച്ച ആളെ വിമര്‍ശനാത്മകമായി വിലയിരുത്തുന്നില്ലെന്ന് മാത്രമല്ല പലപ്പോഴും മഹത്വവല്‍ക്കരിക്കാനുള്ള വ്യഗ്രതയില്‍ തീര്‍ത്തും വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ വരെ തട്ടി വിടുന്നു.
കടുത്ത വംശീയവാദിയും വര്‍ഗീയ വാദിയുമായ ബാല്‍ താക്കറേയെ മരണത്തോടെ മഹാനായ രാജ്യസ്‌നേഹിയാക്കി മാറ്റി. തന്റെ ജീവിതത്തിലുടനീളം ഇന്ത്യ എന്ന ആശയത്തിന് തന്നെ കടകവിരുദ്ധമായ രീതിയില്‍ മറാത്താ വംശീയ വാദത്തിന് വേണ്ടി നില കൊണ്ട ആളായിരുന്നുവെന്നതൊന്നും മാധ്യമങ്ങള്‍ പരിഗണിച്ചില്ല. അതിന്റെ ഏറ്റവും വലിയ ഇരകളായ മലയാളികളെ പ്രതിനിധാനം ചെയ്യുന്ന മാധ്യമങ്ങള്‍ പോലും ഇതില്‍ നിന്ന് വലിയ വ്യത്യാസം കാണിച്ചില്ല. അങ്ങനെ മാധ്യമങ്ങള്‍ സൗജന്യമായി നല്‍കിയ താക്കറേ എന്ന ബിംബത്തെ കാഷ് ഇന്‍ ചെയ്താണ് ശിവസേന നില നിന്ന് പോരുന്നത്.
കേരളത്തില്‍ കരുണാകരന്‍ ജീവിച്ചിരുന്നപ്പോള്‍ കരുണാകരന്റെ ഭൂത, വര്‍ത്തമാന പ്രവര്‍ത്തനങ്ങള്‍ എന്നും വിമര്‍ശനാത്മകമായി വിലയിരുന്നു (കരുണാകരന്‍ മുന്നോട്ട് വെച്ച അപകടകരമായ വലതുപക്ഷ ആശയങ്ങളും തൊഴിലാളി വിരുദ്ധതയും മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു എന്നത് നിഷേധിക്കുന്നില്ല ). പക്ഷേ മരണത്തോടെ കാര്യങ്ങള്‍ മാറി. കരുണാകരനെ (അത് വഴി കരുണാകരന്‍ ചെയ്ത് കൂട്ടിയ പ്രവര്‍ത്തനങ്ങളേയും ) മഹത്വവല്‍ക്കരിക്കാന്‍ മാധ്യമങ്ങള്‍ മല്‍സരിച്ചു.
വളരെ പെട്ടെന്നാണ് കരുണാകരന്‍ എന്ന ബിംബം രൂപപ്പെട്ടു വരുന്നത്. കരുണാകരന്റെ പിന്തുടര്‍ച്ചക്കാരെ കുറച്ചൊന്നുമല്ല ഇത് സഹായകരമാവുന്നത്. നായനാരെക്കുറിച്ചുള്ള വിലയിരുത്തലുകളും അദ്ദേഹം മുന്നോട്ട് വെച്ച രാഷ്ട്രീയത്തെ വിലയിരുത്തുന്നതിന് പകരം നായനാരുടെ ഫലിതങ്ങളിലും ഭാഷാ ശൈലികളിലും പിടിച്ചു തൂങ്ങുന്നതായിരുന്നു കൂടുതലും.
ശിഹാബ് തങ്ങള്‍ ജീവിച്ച കാലത്ത് ലീഗുകാര്‍ക്കിടയില്‍ വലിയ സ്വീകാര്യതയുള്ള നേതാവായിരുന്നു എന്നത് സത്യം. പക്ഷേ അതിനപ്പുറം പൊതു സമൂഹത്തിലും ലീഗേതര മുസ്‌ലിംങ്ങളിലും തങ്ങളുടെ രാഷ്ട്രീയം വലിയ സ്വീകാര്യത നേടിയിട്ടില്ലായിരുന്നു. പക്ഷേ മരണത്തെ തുടര്‍ന്ന് ലഭിച്ച വമ്പിച്ച രീതിയിലുള്ള (ഏകപക്ഷീയമായ) കവറേജ് സമര്‍ത്ഥമായി മാര്‍ക്കറ്റ് ചെയ്യാനും തുടര്‍ ശ്രമങ്ങളുണ്ടായി. തങ്ങളുടെ പേരില്‍ ചില ജീവകാരുണ്യ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും അതിന് വ്യാപകമായ പ്രചാരണം നല്‍കുകയും ചെയ്തിരുന്നു.
ബാബരി മസ്ജിദ് തകര്‍ത്തതിന് ശേഷവും കോണ്‍ഗ്രസ്സിനോടൊത്തുള്ള അധികാരത്തില്‍ പിടിച്ചു തൂങ്ങാന്‍ വേണ്ടി തങ്ങളും ലീഗും പടച്ചുവിട്ട ന്യായീകരണങ്ങള്‍ക്ക് സമര്‍ത്ഥമായി പൊതു സമൂഹത്തില്‍ സ്വീകാര്യത നേടിയെടുക്കാനും ഈയവസരം ഉപയോഗിച്ചു. മലപ്പുറത്തെ മുസ്‌ലിംങ്ങള്‍ അന്ന് വര്‍ഗീയ കലാപത്തിനിറങ്ങാതിരുന്നത് തങ്ങളുടെ “പക്വമായ ഇടപെടല്‍ ” കാരണമാണെന്ന പച്ച നുണ ഒരുദാഹരണം. ഫലത്തില്‍ ശിഹാബ് തങ്ങള്‍ പിന്തുടര്‍ന്നിരുന്ന അറു പിന്തിരിപ്പനും ഏറെ സ്ത്രീ വിരുദ്ധവുമായ പൗരോഹിത്യത്തിലധിഷ്ഠിതമായ രാഷ്ട്രീയത്തെ മഹത്വവല്‍ക്കരിക്കുന്നതിലേക്കാണ് മരണശേഷമുള്ള ഈ പ്രചാരണങ്ങള്‍ എത്തിച്ചത്.
പറഞ്ഞു വരുന്നത് മരണത്തെ തുടര്‍ന്ന് തീര്‍ത്തും ഏകപക്ഷീയവും വാസ്തവ വിരുദ്ധവുമായി ഒരു വ്യക്തിയെ പറ്റി വന്‍ തോതില്‍ കവറേജ് നല്‍കുമ്പോള്‍ ഉണ്ടാവുന്ന ഇംപാക്റ്റ് ആണ്. കേവലം വ്യക്തികള്‍ എന്നതിനപ്പുറം അവരുടെ രാഷ്ട്രീയ നിലപാടുകളേയും പൊതു ഇടപെടലുകളേയും വിമര്‍ശനാത്മകമായല്ലാതെ വിലയിരുത്തുന്നതാണ് പ്രശ്‌നം. നിശിതമായി വിമര്‍ശിക്കപ്പെടേണ്ട പല ആശയങ്ങളും അതിനെ അടിസ്ഥാനമാക്കിയ രാഷ്ട്രീയവും പിന്‍ വാതിലിലൂടെ ജനമനസ്സുകളില്‍
സ്വീകാര്യത നേടുന്നതിലെ അപകടം തിരിച്ചറിയണം. ജയലളിതയുടെ രാഷ്ട്രീയം ഏകപക്ഷീയമായി വിലയിരുത്തിയപ്പോള്‍ ചര്‍ച്ചയാവാതെ പോയത് പെരിയാറില്‍ നിന്ന് കരുണാനിധിയിലൂടെ ജയലളിതയിലെത്തിയപ്പോള്‍ തമിഴ് രാഷ്ട്രീയത്തിന് നേരിട്ട അപചയമാണ്, ഒരു ജനാധിപത്യ സംവിധാനകത്തും അവര്‍ വിജയകരമായി നടപ്പിലാക്കിയ സ്വേച്ചാധിപത്യ ഭരണ സംവിധാനമാണ്.
അപ്പീലിന്റെ പിന്‍ബലത്തില്‍ മാത്രം തല്‍ക്കാലത്തേക്ക് തടവറയില്‍ നിന്ന് രക്ഷപ്പെട്ട് നില്‍ക്കുകയായിരുന്ന ജയലളിതയെയാണ് സകലരുടേയും അമ്മയായി അവതരിപ്പിക്കപ്പെട്ടിരുന്നത്. അബ്ദുല്‍ കലാം മരിച്ചപ്പോഴും ഇത് വേറൊരു രീതിയില്‍ കണ്ടു. കലാമിന്റെ സ്വപ്നങ്ങളും ലാളിത്യ ജീവിത ശൈലിയും ആയുധ നിര്‍മാണ മേഖലയിലെ കഴിവുകളുമെല്ലാം ചര്‍ച്ചയായപ്പോള്‍ ഹിന്ദുത്വ രാഷ്ട്രീയവുമായി കലാമിനുള്ള അടുപ്പവും കലാം എത്ര സമര്‍ത്ഥമായിട്ടായിരുന്നു ഈ രാഷ്ട്രീയ വളര്‍ച്ചയില്‍ ഉപയോഗിക്കപ്പെട്ടിരുന്നതും ചര്‍ച്ചയായതേ ഇല്ലായിരുന്നു.
ഇത് ഇന്ത്യയിലെ നേതാക്കളില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്നതുമല്ല, സൗദി രാജാവിനെ മഹത്വവല്‍ക്കരിക്കാന്‍ വേണ്ടി പച്ച നുണകളായിരുന്നു മാധ്യമം തട്ടി വിട്ടിരുന്നത്. നാളെ മോദിയും അമിത് ഷായും മരിച്ചാലും ഇതേ പോലെ വിലയിരുത്തലുകള്‍ വരുന്നത് ഭീകര ഫലമുളവാക്കും. ഇവര്‍ ചെയ്തു കൂട്ടിയ കൊടിയ ഹിംസയും അഴിമതികളും ജനമനസ്സുകളില്‍ നിന്ന് വളരെ പെട്ടെന്നാണ് മായ്ക്കപ്പെടുന്നത്.
“സമ്മതങ്ങളുടെ നിര്‍മ്മിതി” എന്ന അപ്രഖ്യാപിത മാധ്യമ അസംബന്ധത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി മാറുകയാണ് നേതാക്കളുടെ മരണ വാര്‍ത്തകളും അനുബന്ധ ചര്‍ച്ചകളും. ജനപ്രതിനിധികളെന്നാല്‍ റോഡ്‌തോട്പാലം കരാറുകാരാണെന്ന് ഫ്‌ലക്‌സ് വിപ്ലവകാലത്തെ വികല ജനാധിപത്യ ബോധത്തിന്റെ തുടര്‍ച്ചയാണ് അപകടകരമായ ഈ സമ്മത നിര്‍മ്മിതികളും. സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യങ്ങളെയും സമവാക്യങ്ങളേയും “ജനപിന്തുണ”, “ആള്‍ക്കൂട്ടം” തുടങ്ങിയവയിലൂടെ മാത്രം വിലയിരുത്തുമ്പോള്‍ പലപ്പോഴും ഇരയാവുന്നത് സത്യവും നീതിയുമായിരിക്കും.
ഇതേ കാര്യം തന്നെ ഇ അഹമ്മദിന്റെ കാര്യത്തിലും ആവര്‍ത്തിക്കുകയാണ്.
7 തവണ എം.പി, 5 തവണ എം.എല്‍.എ, 5 വര്‍ഷം സംസ്ഥാന വ്യവസായ മന്ത്രി, 10 വര്‍ഷത്തിലധികം കേന്ദ്ര മന്ത്രി, 6 വര്‍ഷത്തിലധികം യു.എന്നിലെ ഇന്ത്യന്‍ പ്രതിനിധി, മറ്റനേകം അധികാര കേന്ദ്രങ്ങളില്‍ നിര്‍ണായക പ്രാതിനിധ്യം ! ഇത്രയുമധികം അധികാരം കയ്യാളിയ ഇ.അഹമ്മദിന്റെ സംഭാവനകള്‍ എന്തെല്ലാമാണ് ? സ്വാഭാവികമായും അഹമ്മദിനെ വിലയിരുത്തേണ്ടത് ആ അധികാര പദവികളെ അഹമ്മദ് എങ്ങനെ വിനിയോഗിച്ചു എന്ന് പരിശോധിച്ചായിരിക്കണം.
ന്യൂനപക്ഷ രാഷ്ട്രീയത്തിനും അവരുടെ അവകാശങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയാണെന്നാണ് ലീഗ് അവകാശപ്പെടുന്നത്. എങ്കില്‍ എന്തായിരുന്നു അതിന്റെ സമുന്നത നേതാവായ അഹമ്മദിന്റെ ഇതുമായി ബന്ധപ്പെട്ട നിലപാടുകളും പ്രവര്‍ത്തനങ്ങളും ? ന്യൂനപക്ഷങ്ങളിലെ അരക്ഷിതാവസ്ഥക്ക് ഏറ്റവും വലിയ കാരണമായിരുന്ന ബാബരി മസ്ജിദ് പ്രശ്‌നത്തില്‍ എന്തായിരുന്നു അഹമ്മദിന്റെ നിലപാട്?
ആദ്യം രാജീവും പിന്നീട് നരസിംഹ റാവുവും ബി.ജെ.പിക്ക് അനുകൂലമായി നിലപാടെടുത്തപ്പോള്‍ അതിന് സഹായകരമായ നിലപാടല്ലേ ലീഗും അഹമ്മദും സ്വീകരിച്ചിരുന്നത്? ഇതേ സമീപനം തന്നെയായിരുന്നില്ലേ പിന്നീടെല്ലാ വിഷയത്തിലും? യു.എ.പി.എക്കെതിരില്‍ ഇ അഹമ്മദ് എന്നെങ്കിലും ആര്‍ജവമുള്ള നിലപാടെടുത്തിരുന്നോ? തന്റെ പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ മലബാറിന്റെ പിന്നോക്കാവസ്ഥ മാറ്റാന്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തിയോ ? ഉണ്ടെങ്കില്‍ എന്തുകൊണ്ട് വേണ്ട രീതിയില്‍ വിജയിക്കാതെ പോയി ?
ഗള്‍ഫിലെ മലയാളികളുടെ സ്ഥിതി എല്ലാ രീതിയിലും പരമ ദയനീയമാണെന്ന് പറയുന്നവര്‍ തന്നെ ഗള്‍ഫ് മലയാളികള്‍ക്ക് വേണ്ടി അഹമ്മദ് ഒരു പാട് ചെയ്തു എന്ന് പറയുന്നതില്‍ വൈരുദ്ധ്യമില്ലേ? ( ഇനി നാളെ വയലാര്‍ രവിയോ സുഷമാ സ്വരാജോ മരിച്ചാലോ ഇങ്ങനെ മന്ത്രിയുടെ “സഹായ ഹസ്ത” വും “കാരുണ്യ” വുമൊക്കെ നേരിട്ടറിഞ്ഞ കഥകള്‍ വരും. അതൊക്കെ ശരിയുമായിരിക്കും. പക്ഷേ ഇവരെല്ലാവരും കൂടി ഭരിച്ച് പ്രവാസികള്‍ ദുരിതത്തിലായതിന്റെ കാരണവും രാഷ്ട്രീയവും മാത്രം ചര്‍ച്ച ചെയ്യപ്പെടാതെ പോവും.)
എല്ലാറ്റിനുമപ്പുറം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ന്യൂനപക്ഷാവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയിരുന്ന നേതാക്കളിലൊരാളായ ഇബ്രാഹിം സുലൈമാന്‍ സേട്ടിനെ നിര്‍ണായകാവസരത്തില്‍ പുകച്ചു പുറത്ത് ചാടിക്കുന്നതില്‍ സജീവ പങ്കാളിത്തം വഹിച്ചയാളല്ലേ ഇ അഹമ്മദ് ? സേട്ടും അദ്ദേഹത്തെ ക്രൂരമായി പുകച്ചു പുറത്ത് ചാടിക്കാന്‍ കൂട്ടുനിന്നയാളും ഒരേ പോലെ കേമന്‍മാരാണെന്ന് പറയുന്നത് പരിഹാസ്യമല്ലേ ?
കുറേ തവണ ഗള്‍ഫിലെ രാജാക്കന്‍മാരെ സന്ദര്‍ശിച്ചു, ഹജ്ജ് ക്വാട്ട കൂട്ടി, ഏതാനും ബന്ദികളെ മോചിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ എന്നിവയില്‍ നേട്ടങ്ങളുടെ പട്ടിക ഒതുങ്ങുന്നതെന്തു കൊണ്ടാണ് എന്നും പരിശോധിക്കണം. ഹജ്ജ് ക്വാട്ട കൂട്ടി എന്നത് എടുത്ത് പറയുമ്പോള്‍ തന്നെയാണ് ഇതിന്റെ കൂടെ ഉയര്‍ന്നു വന്നിട്ടുള്ള ഗുരുതരമായ അഴിമതി, സ്വജനപക്ഷപാതിത്വ ആരോപണങ്ങളും ചര്‍ച്ച ചെയ്യേണ്ടത്.
സുദീര്‍ഘകാലം എം.പിയായത് പറയുമ്പോള്‍ തന്നെയാണ് സ്വന്തം ആരോഗ്യത്തേയും പാര്‍ട്ടിയിലെ യുവ തലമുറയെയും ക്രൂരമായി അവഗണിച്ച് സീറ്റ് പിടിച്ച് വാങ്ങിയ കാര്യവും പറയേണ്ടത്. മികച്ച പ്രാസംഗികനായിരുന്നു എന്ന് അനുസ്മരിക്കുമ്പോള്‍ തന്നെ ആ കഴിവ് യു.എ.പി.എക്കെതിരായി ഉപയോഗിച്ചിട്ടില്ലായിരുന്നുവെന്ന് കൂടി പറഞ്ഞാലേ ചിത്രം പൂര്‍ണ്ണമാവൂ. ഇതിലെല്ലാം ഏകപക്ഷീയമായി ഒരു വശം മാത്രം ചര്‍ച്ച ചെയ്യുമ്പോള്‍ അത് വലിയൊരു നുണയും അതിലേറെ വലിയ നീതികേടുമാവും. പ്രത്യേകിച്ചും ഇവരുടെയൊക്കെ നിലപാടുകളുടെ ഇരകളോട്.
മികച്ച നേതാവും ശരിയായ രാഷ്ട്രീയ നിലപാടും ആയിരുന്നെങ്കില്‍ യാതൊരു ഓഡിറ്റിങ്ങിനേയും ഭയക്കേണ്ടതില്ല. അതല്ല, മരണത്തിന്റെ ആനുകൂല്യത്തില്‍ മാത്രം നില നില്‍പുള്ള ദുര്‍ബല നിലപാടുകളാണെങ്കില്‍ അത് വിമര്‍ശന വിധേയമാക്കേണ്ടതുണ്ട്, ഏത് നേതാവാണെങ്കിലും. കാരണം ആ നിലപാടുകള്‍ മരിച്ച വ്യക്തിയെയോ പാര്‍ട്ടിയെയോ മാത്രം ബാധിച്ച / ബാധിക്കുന്ന കാര്യമല്ല. സമൂഹത്തെ ഒന്നടങ്കം ബാധിക്കുന്നതാണ്. അത് കൊണ്ട് തന്നെ എല്ലാവരും വിലയിരുത്തട്ടെ, ഏതെല്ലാം സമയത്താണോ ഒരാളുടെ രാഷ്ട്രീയം ചര്‍ച്ചയാവുന്നത് , ആ സമയത്തെല്ലാം അതിന്റെ മറുവാദവും ഉയരേണ്ടതുണ്ട്.
അതാണ് ജനാധിപത്യത്തോട് നീതി പുലര്‍ത്തുന്ന സമീപനം. അഹമ്മദിന്റെ അപ്രതീക്ഷിത മരണവും ഫാഷിസ്റ്റ് സര്‍ക്കാര്‍ ബന്ധുക്കളെ പോലും കബളിപ്പിച്ചതും തീര്‍ച്ചയായും ഞെട്ടിപ്പിക്കുന്നതാണ്. പക്ഷേ അതൊന്നും സത്യം വളച്ചൊടിക്കാന്‍ കാരണമാവരുത്. അഹമ്മദിന്റെ മരണ വാര്‍ത്ത പാടെ അവഗണിച്ച പ്രമുഖ മാധ്യമങ്ങളുടെയും ഏകപക്ഷീയമായ കവറേജിലൂടെ അഹമ്മദിന്റെ കടുത്ത രാഷ്ട്രീയ പരാജയങ്ങളെ മൂടി വെക്കാന്‍ ശ്രമിച്ച മാധ്യമം/മീഡിയാ വണ്ണിന്റെയും നിലപാടുകള്‍ നീതിയുടെ പക്ഷത്തല്ല.
അഹമ്മദിനെ മുസ്‌ലിം തീവ്രവാദിയായി ചിത്രീകരിക്കുന്ന നീചമായ സംഘി മനസ്സിനെ തുറന്നെതിര്‍ക്കാന്‍ അഹമ്മദിനെ അമിതമായി മഹത്വവല്‍ക്കരിക്കേണ്ടതില്ല. അഹമ്മദിന്റെ മൃതദേഹത്തെ പോലും അപമാനിക്കാന്‍ ധാര്‍ഷ്ട്യം കാണിച്ച ഒരു ഭരണകൂടവും അഹമ്മദിനെ തീവ്രവാദിയായി ചിത്രീകരിച്ച് മരണത്തില്‍ ആഹ്ലാദം കണ്ടെത്തിയ അവരുടെ അണികളും ഇന്നിവിടെയുണ്ട്. ഈ ഭീകര യാഥാര്‍ത്ഥ്യത്തെ നേരിടാന്‍ അഹമ്മദും അഹമ്മദിന്റെ പാര്‍ട്ടിയും ഇക്കാലമത്രയും ക്രിയാത്മകമായി എന്താണ് ചെയ്തത് എന്നാണ് വിലയിരുത്തേണ്ടത്.
അഹമ്മദ് അര്‍ഹിക്കുന്ന ആദരാജ്ഞലികള്‍ നല്‍കുന്നതോടൊപ്പം തന്നെ അഹമ്മദ് മുന്നോട്ട് വെച്ചിരുന്ന രാഷ്ട്രീയത്തെ വിമര്‍ശനാത്മകമായി വിലയിരുത്തുകയും വേണം. അഹമ്മദിന് കിട്ടിയ വമ്പിച്ച അവസരങ്ങള്‍ താന്‍ പ്രതിനിധാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന സമുദായത്തിനും സമൂഹത്തിനും ഗുണപരമാവുന്ന രീതിയില്‍ ചെലവഴിക്കുന്നതില്‍ വിജയിച്ചോ എന്നും പരിശോധിക്കപ്പെടണം.