| Saturday, 29th January 2022, 11:59 am

'ഇതുവരെ പുരുഷന്മാരെ നേരിട്ടിട്ടില്ല'; സീരീസിലെ സെക്‌സിസ്റ്റ് പരാമര്‍ശത്തിന്റെ പേരില്‍ നെറ്റ്ഫ്‌ളിക്‌സിനെതിരെ 50 ലക്ഷം ഡോളറിന്റെ മാനനഷ്ടക്കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോസ് ഏഞ്ചലസ്: സ്ട്രീമിങ്ങ് പ്ലാറ്റ്‌ഫോം നെറ്റ്ഫ്‌ളിക്‌സിനെതിരെ 50 ലക്ഷം ഡോളറിന്റെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് മുന്‍ ചെസ് ഗ്രാന്റ് മാസ്റ്റര്‍.

ആദ്യ വനിതാ ചെസ് ഗ്രാന്റ് മാസ്റ്ററായ നോന ഗാപ്രിന്‍ഡാഷ്‌വിലിയാണ് പരാതി നല്‍കിയിരിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സിന്റെ ദ ക്വീന്‍സ് ഗാമ്പിറ്റ് എന്ന സീരീസിലെ സെക്‌സിസ്റ്റ് പരാമര്‍ശത്തിന്റെ പേരിലാണ് പരാതി നല്‍കിയിരിക്കുന്നത്.

ക്വീന്‍സ് ഗാമ്പിറ്റിലെ ഒരു എപ്പിസോഡില്‍ തന്നെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശമുണ്ടെന്നാണ് ഗാപ്രിന്‍ഡാഷ്‌വിലി പരാതിയില്‍ പറയുന്നത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ലോസ്യൂട്ട് ഫയല്‍ ചെയ്തത്.

താന്‍ ചെസില്‍ ഇതുവരെ പുരുഷന്മാരെ നേരിട്ടില്ല എന്ന് സീരീസിലെ കേന്ദ്ര കഥാപാത്രമായ ബേത് ഹാമൊനി പറയുന്ന ഡയലോഗാണ് ഗാപ്രിന്‍ഡാഷ്‌വിലിയെ ചൊടിപ്പിച്ചിരിക്കുന്നത്.

‘ഇതുവരെ പുരുഷന്മാരെ നേരിട്ടിട്ടില്ല /Never faced Men’ എന്ന ഒരു എപ്പിസോഡിലെ ഡയലോഗ് തന്നെ അപമാനിക്കുന്ന തരത്തിലാണെന്നാണ് ഗാപ്രിന്‍ഡാഷ്‌വിലി ആരോപിക്കുന്നത്.

താന്‍ നിരവധി പുരുഷന്മാരുമായി ചെസ് മത്സരങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഗാപ്രിന്‍ഡാഷ്‌വിലി പറയുന്നു.

സീരീസ് ഒരു സാങ്കല്‍പിക കഥയാണെന്നും കേസ് തള്ളണമെന്നും നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ ലോസ് ഏഞ്ചലസ് കോടതിയില്‍ വാദിച്ചിരുന്നെങ്കിലും വാദം കോടതി തള്ളുകയായിരുന്നു.

സാങ്കല്‍പിക കഥയാണ് എന്നുള്ളത് കൊണ്ട് ഗാപ്രിന്‍ഡാഷ്‌വിലിയെ അപമാനിച്ചതിന്മേലുള്ള മാനനഷ്ടക്കേസില്‍ നിന്നും നെറ്റ്ഫ്‌ളിക്‌സിന് ഒഴിഞ്ഞുമാറാനാവില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.

ഇന്റര്‍നാഷണല്‍ ചെസ് ഫെഡറേഷന്‍ നല്‍കുന്ന ഗ്രാന്റ് മാസ്റ്റര്‍ പട്ടം സ്വന്തമാക്കിയ ആദ്യത്തെ വനിതയാണ് ജോര്‍ജിയ സ്വദേശിയായ നോന ഗാപ്രിന്‍ഡാഷ്‌വിലി.

നടി അന്യ ടെയ്‌ലര്‍ ജോയ് ആയിരുന്നു സീരീസില്‍ കേന്ദ്ര കഥാപാത്രമായ ഫിക്ഷനല്‍ ചെസ് പ്ലെയര്‍ ബേത് ഹാമൊനിനെ അവതരിപ്പിച്ചത്.

വാള്‍ട്ടര്‍ ടെവിസിന്റെ ഇതേ പേരിലുള്ള 1983ലെ നോവലിനെ അടിസ്ഥാനമാക്കിയാണ് സീരീസ് നിര്‍മിച്ചിരിക്കുന്നത്. അനാഥയായ ഒരു പെണ്‍കുട്ടി ലോകത്തെ ഏറ്റവും മികച്ച ചെസ് പ്ലെയര്‍ ആയി മാറുന്നതാണ് സീരീസിന്റെ ഇതിവൃത്തം.


Content Highlight: Netflix to face Lawsuit by Chess Grandmaster for Grossly Sexist line

We use cookies to give you the best possible experience. Learn more