| Wednesday, 3rd July 2024, 11:50 am

ആ യുദ്ധം അവസാനിപ്പിക്കാന്‍ നെറ്റ്ഫ്ളിക്സ്; ഗ്ലോബല്‍ ഹിറ്റ് കൊറിയന്‍ ഹൊറര്‍ സീരീസിന്റെ ട്രെയ്‌ലറെത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സയന്റിഫിക് ഫിക്ഷന്‍ ഹൊറര്‍ ഴോണറുകള്‍ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. ഈ ഴോണറില്‍ എത്തിയ അപ്പോക്കലിപ്റ്റിക് ഹൊറര്‍ കൊറിയന്‍ സീരീസായിരുന്നു സ്വീറ്റ് ഹോം. കിം കാര്‍ണ്‍ബിയുടെയും ഹ്വാങ് യങ്-ചാനിന്റെയും അതേ പേരിലുള്ള നേവര്‍ വെബ്ടൂണിനെ അടിസ്ഥാനമാക്കി ഇറങ്ങിയ സീരീസായിരുന്നു ഇത്.

2.1 ബില്യണില്‍ കൂടുതല്‍ നെറ്റ് വ്യൂകള്‍ ലഭിച്ച വെബ്ടൂണായിരുന്നു സ്വീറ്റ് ഹോം. ഇത് സീരീസാക്കിയപ്പോള്‍ സോങ് കാങ്, ലീ ജിന്‍-വൂക്ക്, ലീ സി-യങ് എന്നിവരായിരുന്നു പ്രധാനവേഷത്തില്‍ എത്തിയത്. നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത സീരീസിന് മലയാളികള്‍ക്കിടയില്‍ പോലും ആരാധകര്‍ ഏറെയാണ്.

2020 ഡിസംബര്‍ 18നായിരുന്നു സ്വീറ്റ് ഹോമിന്റെ ആദ്യ സീസണ്‍ നെറ്റ്ഫ്‌ളിക്‌സില്‍ എത്തിയത്. 2023 ഡിസംബര്‍ ഒന്നിനായിരുന്നു രണ്ടാമത്തെ സീസണ്‍ റിലീസായത്. സ്വീറ്റ് ഹോമിന്റെ ആദ്യ ഭാഗത്തിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. ആ സീസണ്‍ പുറത്തിറങ്ങിയപ്പോള്‍ വലിയ ഗ്ലോബല്‍ ഹിറ്റായി മാറിയിരുന്നു.

രണ്ടാം സീസണിന് ആദ്യത്തേതിന്റെ അത്രയും മികച്ച് നില്‍ക്കാന്‍ സാധിച്ചില്ലെങ്കിലും സീരീസ് കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ സ്വീറ്റ് ഹോമിന്റെ മൂന്നാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. മൂന്നാമത്തെ സീസണോടെ ഈ സീരീസ് അവസാനിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.


ഇപ്പോള്‍ അവസാന ഭാഗത്തിന്റെ ഒഫിഷ്യല്‍ ട്രെയ്ലര്‍ പുറത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്ളിക്സ്. ‘ലോകം രാക്ഷസന്മാരും മനുഷ്യരും തമ്മിലുള്ള അതിര്‍വരമ്പിലേക്ക് നീങ്ങുന്നു. മനുഷ്യരാശിയെ ബുദ്ധിമുട്ടുള്ള ഒരു തെരഞ്ഞെടുപ്പിലേക്ക് വിടുന്നു. ആഗ്രഹങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍, നിരാശാജനകമായ പോരാട്ടം നടക്കുന്നു’ എന്ന ക്യാപ്ഷനോടെയാണ് ട്രെയ്ലര്‍ പുറത്തുവിട്ടത്.

ഈ സീസണ്‍ 2024 ജൂലൈ 19നാണ് നെറ്റ്ഫ്‌ളിക്‌സില്‍ എത്തുക. രണ്ടാമത്തെ സീസണിന് പിന്നാലെ നീണ്ട കാത്തിരിപ്പ് സമ്മാനിക്കാതെ അടുത്ത സീസണ്‍ പെട്ടെന്ന് എത്തുന്നതിന്റെ സന്തോഷത്തിലാണ് സ്വീറ്റ് ഹോം ആരാധകര്‍.

Content Highlight: Netflix Series Sweet Home 3 Official Trailer Out

We use cookies to give you the best possible experience. Learn more