| Monday, 2nd December 2024, 10:26 pm

ഡിംപിളും ഋഷിയും, നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയുടെ പ്രിയ ജോഡി തിരിച്ചെത്തുന്നു; മിസ്മാച്ച്ഡ് സീസണ്‍ ത്രീ ട്രെയ്‌ലര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നെറ്റ്ഫ്‌ളിക്‌സിലെ ഇന്ത്യന്‍ ഒ.ടി.ടി. സീരീസുകളില്‍ ഏറെ ആരാധകരുള്ള ഒരു സീരീസാണ് മിസ്മാച്ച്ഡ്. സന്ധ്യ മേനോന്റെ ‘വെന്‍ ഡിംപിള്‍ മെറ്റ് ഋഷി’ എന്ന നോവലിനെ അടിസ്ഥാനമാക്കിയായിരുന്നു ഈ സീരീസ് എത്തിയത്. ഇതുവരെ നെറ്റ്ഫ്‌ളിക്‌സില്‍ മിസ്മാച്ച്ഡിന്റെ രണ്ട് സീസണുകളായിരുന്നു റിലീസ് ചെയ്തിരുന്നത്.

ഡിസംബര്‍ 13ന് മൂന്നാമത്തെ സീസണ്‍ എത്തുന്നുവെന്ന വാര്‍ത്ത മിസ്മാച്ച്ഡ് ആരാധകര്‍ ഏറെ ആവേശത്തോടെയായിരുന്നു ഏറ്റെടുത്തത്. ഇപ്പോള്‍ മിസ്മാച്ച്ഡ് സീസണ്‍ ത്രീയുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സ്. മൂന്ന് മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ് പുറത്തിറങ്ങിയത്.

ഇന്ത്യയിലെ നെറ്റ്ഫ്‌ളിക്‌സിലെ ഏറ്റവും ജനപ്രിയമായ റോം-കോം സീരീസായ മിസ്മാച്ച്ഡ് സംവിധാനം ചെയ്തത് ആകര്‍ഷ് ഖുറാനയാണ്. ഋഷിയുടെയും ഡിംപിളിന്റെയും പ്രണയവും അവര്‍ക്കിടയിലെ പിണക്കങ്ങളുമാണ് ഈ സീരീസ് പറയുന്നത്.

ഋഷി ആയി രോഹിത് സറഫും ഡിംപിള്‍ ആയി പ്രജക്ത കോലിയും എത്തിയ മിസ്മാച്ച്ഡില്‍ അഹ്സാസ് ചന്ന, താരുക് റെയ്ന, മുസ്‌ക്കാന്‍ ജാഫെരി, രണ്‍വിജയ് സിംഹ, വിദ്യ മാല്‍വാഡെ, അഭിനവ് ശര്‍മ തുടങ്ങിയവരും ഒന്നിക്കുന്നു. ഇവര്‍ മൂന്നാമത്തെ സീസണിലും അഭിനയിക്കുന്നുണ്ട്.

റോണി സ്‌ക്രൂവാലയുടെ RSVP മൂവീസാണ് സീരീസ് നിര്‍മിക്കുന്നത്. മിസ്മാച്ച്ഡിന്റെ ആദ്യ സീസണ്‍ 2020 നവംബര്‍ 20നായിരുന്നു പ്രീമിയര്‍ ചെയ്തത്. രണ്ടാം സീസണ്‍ 2022 ഒക്ടോബറിലായിരുന്നു എത്തിയത്. രണ്ട് സീസണുകളിലായി ആകെ 14 എപ്പിസോഡുകളാണ് ഇതുവരെ നെറ്റ്ഫ്‌ളിക്‌സില്‍ പ്രീമിയര്‍ ചെയ്തത്.

Content Highlight: Netflix’s Series Mismatched Season Three Trailer Out

We use cookies to give you the best possible experience. Learn more