ചെന്നൈ: നെറ്റ്ഫ്ളിക്സിന്റെ പുതിയ തമിഴ് ആന്തോളജി സിനിമ പാവ കഥൈകളുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ടീസര്‍ പുറത്തുവിട്ടു. ഗൗതം മേനോന്‍, സുധാ കൊങ്കാര, വെട്രിമാരന്‍, വിഗ്‌നേഷ് ശിവന്‍ എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സിനിമ ഡിസംബര്‍ 18 ന് റിലീസ് ചെയ്യും. പ്രണയം, അഭിമാനം, ബഹുമാനം തുടങ്ങി ബന്ധങ്ങളുടെ സങ്കീര്‍ണതയാണ് നാല് സിനിമകളിലൂടെ പറയുന്നത്. ലെസ്ബിയന്‍ പ്രണയം, ദുരഭിമാനം കൊണ്ട് ഉണ്ടാവുന്ന പ്രണയ തകര്‍ച്ച, ബന്ധങ്ങളുടെ സങ്കീര്‍ണത എന്നിവയെല്ലാം ചിത്രത്തില്‍ വിഷയമാകുന്നുണ്ട്.
ആദിത്യ ഭാസ്‌കര്‍, ഭവാനി, ഹരി, പ്രകാശ് രാജ്, സായ് പല്ലവി, ശാന്തനു ഭാഗ്യരാജ്, തുടങ്ങി നിരവധി പേരാണ് ഈ ആന്തോളജി ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.
ആര്‍.എസ്.വി.പി മൂവിസും ഫ്ലൈയിംഗ് യൂണികോണ്‍ എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നേരത്തെ ആമസോണ്‍ പ്രൈമിന് വേണ്ടി പുത്തംപുതു കാലൈ എന്ന ആന്തോളജി പുറത്തിറങ്ങിയിരുന്നു.
സുഹാസിനി മണിരത്‌നം, സുധാകൊങ്കാര, ഗൗതം മേനോന്‍, രാജീവ് മേനോന്‍, കാര്‍ത്തിക് സുബ്ബരാജ്, എന്നിവരുടെ നേതൃത്വത്തിലാണ് പുത്തംപുതുകാലൈ ചിത്രം ഒരുങ്ങിയത്.
മണിരത്നത്തിന്റെ നേതൃത്വത്തില്‍ ഒമ്പത് സംവിധായകര്‍ ഒന്നിക്കുന്ന ‘നവരസ’യും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഈ ചിത്രം നെറ്റ്ഫ്ളിക്സ് റിലീസ് ചെയ്യുമെന്നാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഒമ്പത് എപ്പിസോഡുകളിലായി എത്തുന്ന ഒമ്പത് കഥകള്‍ ഒമ്പത് സംവിധായകര്‍ സംവിധാനം ചെയ്യുന്നു എന്നതാണ് നവരസയുടെ പ്രത്യേകത. മണിരത്നത്തിന് പുറമെ ഗൗതം മേനോന്‍, അരവിന്ദ് സ്വാമി, സിദ്ധാര്‍ത്ഥ്, കാര്‍ത്തിക് നരേന്‍, കെ വി ആനന്ദ്, ബെജോയ് നമ്പ്യാര്‍, രതിന്ദ്രന്‍ പ്രസാദ്, പൊന്റാം എന്നിവരാണ് നിലവില്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഇത് ശരിയാണെങ്കില്‍ നടന്മാരായ അരവിന്ദ് സ്വാമിയുടെയും സിദ്ധാര്‍ത്ഥിന്റെയും സംവിധായകരായുള്ള അരങ്ങേറ്റമായിരിക്കും ഇത്. ഇതില്‍ ചിലരുടെ ചിത്രങ്ങളില്‍ അഭിനയിക്കുന്ന താരങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ഇതിന് പിന്നാലെ വേല്‍സിന് വേണ്ടി ഗൗതം മേനോന്‍ ‘ഒരു കുട്ടി ലൗ സ്റ്റോറി’ എന്ന ചിത്രവും, പാ രഞ്ജിത്, വെങ്കട്ട് പ്രഭു തുടങ്ങിയവര്‍ക്കൊപ്പം ഹോട്സ്റ്റാറിന് വേണ്ടിയുളള ചിത്രവും ഒരുക്കുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക