| Thursday, 16th July 2020, 7:32 pm

നെറ്റ്ഫ്‌ളിക്‌സില്‍ ഇനി ഇന്ത്യന്‍ ഒറിജിനലുകളുടെ കാലം; ബോളിവുഡ് താരനിരക്കൊപ്പം മലയാളികളുടെ പേളി മാണിയും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയും സീരിസുമടക്കം 17 ഒറിജിനലുകളുമായി നെറ്റ്ഫ്‌ളിക്‌സ് എത്തുന്നു. തിയറ്റില്‍ പോകാനാകാതെ വിഷമിച്ചിരിക്കുന്ന സിനിമാപ്രേമികള്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കുകയാണ് നെറ്റ്ഫ്‌ളിക്‌സ്.

വമ്പന്‍ താരനിരയാണ് ഓരോ ചിത്രത്തിലും അണിനിരക്കുന്നത്. അഭിഷേക് ബച്ചന്‍, രാജ്കുമാര്‍ റാവോ, ആദിത്യ റോയ് കപൂര്‍, സന്യ മല്‍ഹോത്ര, പങ്കജ് ത്രിപാഠി എന്നിവരോടൊപ്പം പേളി മാണിയുമെത്തുന്ന ലുഡോ എന്ന ചിത്രത്തിനായി മലയാളി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വ്യത്യസ്തരായ നാല് പേരുടെ ജീവിതം പറയുന്ന ചിത്രമാണിത്.

View this post on Instagram

Are you excited or ARE YOU EXCITED?!

A post shared by Netflix India (@netflix_in) on

വ്യത്യസ്ത അനുഭവങ്ങളിലൂടെ ജീവിതത്തില്‍ സംഭവിക്കുന്ന പരിവര്‍ത്തനത്തിന്റെ കഥ പറയുന്ന സഞ്ജയ് ദത്ത് നായകനാകുന്ന തോര്‍ബാസ് ആണ് മറ്റൊരു ചിത്രം. ദുല്‍ഖര്‍ ചിത്രമായ കര്‍വാനിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ മിഥില പാല്‍ക്കറും ബോളിവുഡ് നടി കജോളും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ത്രിബംഗ-തേദി മേദി ക്രേസിയും വന്‍ വിജയമാകുമെന്നാണ് കരുതപ്പെടുന്നത്.

കൊങ്കണ ശര്‍മയും ഭൂമി പഠ്‌നാക്കറും മുഖ്യവേഷത്തിലെത്തുന്ന സ്ത്രീ ജീവിതങ്ങളുടെ വ്യത്യസ്തമായ കഥ പറയുന്ന ‘ഡോളി കിറ്റി ഓര്‍ വോ ചംക്‌തേ സിതാരെ’ എന്ന ചിത്രവും നെറ്റ്ഫ്‌ളിക്‌സില്‍ ഉടനെത്തും. ബന്ധുക്കളായ രണ്ട് പെണ്‍കുട്ടികളും അവര്‍ സ്വതന്ത്രമായി ജീവിക്കാന്‍ നടത്തുന്ന ശ്രമങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ കഥ.

പ്രണയചിത്രമായ ജിന്നി വെഡ്‌സ് സണ്ണിയും പുതിയ സിനിമകളുടെ കൂട്ടത്തിലുണ്ട്. യാമി ഗൗതവും വിക്രാന്ത് മസ്സേയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

വെനീസ് ക്രിട്ടിക്‌സ് വീക്കിന്റെ ഉദ്ഘാടനചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ‘ബോംബേ റോസ് ആണ് ആരാധകര്‍ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. ഈ അംഗീകാരത്തിന് അര്‍ഹത നേടിയ ഇന്ത്യയില്‍ നിന്നുള്ള ആദ്യ ആനിമേഷന്‍ ചിത്രമായ ബോംബേ റോസ് ഏറെ നാളുകളായി വാര്‍ത്തയില്‍ നിറഞ്ഞുനിന്നിരുന്നു.

ഫീല്‍ ഗുഡ് ചിത്രങ്ങളോടൊപ്പം ത്രില്ലറുകള്‍ കൂടി ഇക്കൂട്ടത്തിലുണ്ട്. രാധിക ആപ്‌തേയും നവാസുദ്ദീന്‍ സിദ്ദിഖിയും പ്രധാന റോളുകളിലെത്തുന്ന രാത് അക്കേലി ഹേ മികച്ച ക്രൈം ത്രില്ലറായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍. ആദിത്യ ശ്രീവാസ്തവ, തിഗ് മാന്‍ഷു ദുലിയ, നിശാന്ത് ദാഹിയ, ശ്വേത ത്രിപാഠി എന്നിവരും ചിത്രത്തിലുണ്ട്.

യഥാര്‍ത്ഥ സംഭവങ്ങളെ അവലംബിച്ച് ഒരുക്കിയിരിക്കുന്ന ഗുഞ്ജന്‍ സ്‌കസേന: ദ കാര്‍ഗില്‍ ഗേള്‍ എന്ന ചിത്രത്തില്‍ ജാന്‍വി കപൂര്‍, പങ്കജ് ത്രിപാഠി, അംഗദ് ബേദി, വിനീത് കുമാര്‍, മാനവ് വിജ്, അയേഷ റാസ മിശ്ര എന്നിവരാണ് അഭിനയിക്കുന്നത്. പഞ്ചാബിലെ ഒരു ഗ്രാമത്തിലെ കഥ പറയുന്ന ഹൊറര്‍ ചിത്രമായ പഞ്ചാബ് കാലി ഖുലിയില്‍ ശബാന ആസ്മിയാണ് പ്രധാന റോളിലെത്തുന്നത്. നവാസുദ്ദീന്‍ സിദ്ദീഖിയുടെ തന്നെ സീരിയസ് മെന്‍ എന്ന ചിത്രവും നെറ്റഫ്‌ളിക്‌സില്‍ റിലീസ് ചെയ്യും. നാസറും ശ്വേത ബസു പ്രസാദുമാണ് ഇതിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പൊലീസ് ചിത്രമായ ക്ലാസ് ഓഫ് ’83 ബോബി ഡിയോളിന്റെ കരിയറിലെ തന്നെ മികച്ച ചിത്രമായിരിക്കുമെന്നാണ് ഉയരുന്ന അഭിപ്രായങ്ങള്‍. ഡാര്‍ക് കോമഡി ചിത്രമായ AK vs AKയില്‍ അനില്‍ കപൂറും സംവിധാനയകന്‍ അനുരാഗ് കശ്യപുമാണ് എത്തുന്നത്.

വിവിധ ഴോണറികളിലെത്തുന്ന നെറ്റ്ഫ്‌ളിക്‌സ് സിനിമകളോടൊപ്പം തന്നെ ഇന്ത്യന്‍ സീരിസുകളും നെറ്റ്ഫ്‌ളിക്‌സിലെത്തുന്നുണ്ട്. പ്രജക്ത കോലിയും രോഹിത് സരഫും പ്രധാന വേഷത്തിലെത്തുന്ന പുതിയ കാലത്തെ പ്രണയം പ്രമേയമാകുന്ന സീരിസായ മിസ് മാച്ച്ഡ് ആണ് ഒരു സീരിസ്. സന്ധ്യ മേനോന്റെ വെന്‍ ഡിംപിള്‍ മെറ്റ് റിഷി എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ സീരിസ് ഒരുക്കിയിരിക്കുന്നത്.

വിക്രം സേത്തിന്റെ പ്രശസ്തമായ എ സ്യൂട്ടബിള്‍ ബോയ് എന്ന നോവലാണ് അതേ പേരില്‍ സീരിസായി നെറ്റഫ്‌ളിക്‌സിലെത്തുന്നത്. സമൂഹം ഇന്നും മുഖം ചുളിക്കുന്ന ചില ബന്ധങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യരുടെ കഥയാണ് ഈ സീരിസ്. ഇഷാന്‍ ഖട്ടര്‍, തബു, തന്യ മണിക് തല, രസിക ദുഗല്‍, ഷബാന ഗോസ്വാമി, രാം കപൂര്‍ എന്നിവരാണ് സീരിസിലുള്ളത്. അമേരിക്കയിലും കാനഡയിലുമൊഴികെ മറ്റെല്ലാ രാജ്യങ്ങളിലും ഈ സീരിസ് റിലീസ് ചെയ്യും.

ഇതു കൂടാതെ മസബ മസബ, ബോംബെ ബീഗംസ്, ബാഗ് ബീനി ബാഗ് എന്നീ സീരിസുകളും ഉടന്‍ തന്നെ നെറ്റഫ്‌ളിക്‌സിലെത്തും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more