ന്യൂദല്‍ഹി: വിവാദങ്ങള്‍ക്കിടെ നെറ്റ്ഫ്‌ളിക്‌സിന്റെ ഡോക്യു-വെബ് സീരീസ് ബാഡ് ബോയ് ബില്ല്യണയറിന്റെ എപ്പിസോഡുകള്‍ റിലീസ് ചെയ്തു.
സഹാറ ഇന്ത്യ ചീഫ് സുബ്രത റോയിയുടെ ഹരജിയില്‍ ഡോക്യു-സീരീസിന് ബിഹാറിലെ കീഴ്ക്കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ കഴിഞ്ഞ ദിവസം ഒഴിവാക്കിയതിനു പിന്നാലെയാണ് റിലീസ്. സെപ്റ്റംബര്‍ രണ്ടിനായിരുന്നു നേരത്തെ സീരീസ് റിലീസ് ചെയ്യാനിരുന്നത്. അതേ സമയം സത്യം കമ്പ്യൂട്ടര്‍ സര്‍വീസസ് ഫൗണ്ടര്‍ ബി. രാമലിംഗ രാജുവിനെക്കുറിച്ചുള്ള എപ്പിസോഡ് പുറത്തു വിട്ടിട്ടില്ല.
സീരീസില്‍ പരാമര്‍ശിക്കുന്ന ബിസിനസുകാരായ പഞ്ചാബ് നാഷണല്‍ ബാങ്ക് അഴിമതിക്കേസിലെ പ്രതിയും നീരവ് മോദിയുടെ അമ്മാവനുമായ മെഹുല്‍ ചോക്സി, സഹാറ ഇന്ത്യ ചീഫ് സുബ്രത റോയ്, സത്യം കമ്പ്യൂട്ടര്‍ സര്‍വീസസ് ഫൗണ്ടര്‍ ബി. രാമലിംഗ രാജു എന്നിവര്‍ കോടതിയെ സമീപിച്ചതു മൂലം റിലീസ് നീണ്ടു പോവുകയായിരുന്നു. ഈ ഷോ തങ്ങളുടെ വിചാരണയെ ബാധിക്കുമെന്നായിരുന്നു അവര്‍ കോടതിയില്‍ ഉയര്‍ത്തിയ വാദം. ചോക്‌സിയുടെ ഹരജി നേരത്തെ ദല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.
ഹൈദരാബാദ് കോടതിയില്‍ നല്‍കിയ രാമലിംഗരാജുവിന്റെ ഹരജിയില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇദ്ദേഹത്തിന്റെ എപ്പിസോഡ് റിലീസ് ചെയ്യാത്തത്.
ഒരു മാസത്തോളമായി സ്‌റ്റേ പിന്‍വലിക്കാനായി നിയമനടപടികള്‍ സ്വീകരിച്ചു വരികയായിരുന്നു നെറ്റ്ഫ്‌ളിക്‌സ്. സുപ്രീം കോടതിയും പാട്‌ന ഹൈക്കോടതിയും നേരത്തെ സ്റ്റേ പിന്‍വലിക്കാനാവില്ലെന്നായിരുന്നു പറഞ്ഞത്.
ചതി, വഞ്ചന, അഴിമതി എന്നിവയിലൂടെ ഇന്ത്യയില്‍ വളര്‍ന്നു വന്ന കുപ്രസിദ്ധ വ്യവസായികളുടെ കഥയാണ് ബാഡ് ബോയ് ബില്ല്യണേഴ്‌സിലൂടെ നെറ്റ്ഫ്‌ളിക്‌സ് അവതരിപ്പിക്കുന്നത്. വിജയ്മല്യ, മെഹുല്‍ ചോക്‌സി, അദ്ദേഹത്തിന്റെ അനന്തരവന്‍ നീരവ് മോദി, സുബ്രതാ റോയ്, രാമലിംഗ രാജു തുടങ്ങി തട്ടിപ്പ് നടത്തിയ വ്യവസായികളുടെ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങളും ഡോക്യൂ സീരിസില്‍ പ്രതിപാദിക്കുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക