Netflix Series
സ്‌ക്വിഡ് ഗെയിം ഒരിക്കലും അവസാനിക്കുന്നില്ല; സ്‌പെഷ്യല്‍ ടീസറുമായി നെറ്റ്ഫ്‌ളിക്‌സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Sep 20, 02:46 am
Friday, 20th September 2024, 8:16 am

ഇപ്പോള്‍ ലോകമെമ്പാടുമുള്ള സീരീസ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊറിയന്‍ സീരീസാണ് സ്‌ക്വിഡ് ഗെയിം. ഒരൊറ്റ സീസണ്‍ കൊണ്ട് തന്നെ സീരീസ് പ്രേമികളുടെ ഫേവറിറ്റ് ലിസ്റ്റില്‍ ഇടം നേടാന്‍ സ്‌ക്വിഡ് ഗെയിമിന് സാധിച്ചിരുന്നു.

നെറ്റ്ഫ്ളിക്സില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട നോണ്‍ ഇംഗ്ലീഷ് സീരീസിന്റെ റെക്കോഡ് ഇപ്പോഴും സ്‌ക്വിഡ് ഗെയിമിന്റെ പേരിലാണ്. ആദ്യവസാനം പ്രേക്ഷകനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഈ സീരീസിന്റെ രണ്ടാം സീസണ്‍ ഡിസംബര്‍ 26നാണ് എത്തുന്നത്.

ഇപ്പോള്‍ സ്‌ക്വിഡ് ഗെയിമിന്റെ ഒരു സ്‌പെഷ്യല്‍ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സ്. ഒരു മിനിട്ടിന് താഴെയുള്ള ടീസറാണ് പുറത്തുവന്നത്. ‘ഗെയിം ഒരിക്കലും അവസാനിക്കുന്നില്ല. നിങ്ങള്‍ കളിക്കാന്‍ തയ്യാറാണോ?’ എന്ന ക്യാപ്ഷനോടെയാണ് ടീസറെത്തിയത്. കുറഞ്ഞ സമയം കൊണ്ട് തന്നെ സ്‌പെഷ്യല്‍ ടീസര്‍ നിരവധിയാളുകള്‍ കാണുകയും ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ ഡിസംബര്‍ 26ന് പുതിയ സീസണ്‍ കാണാനായി കാത്തിരിക്കുകയാണ് സ്‌ക്വിഡ് ഗെയിം ആരാധകര്‍. 2025ല്‍ മൂന്നാം സീസണും പുറത്തിറങ്ങുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. ഒമ്പത് എപ്പിസോഡുകള്‍ അടങ്ങിയ ആദ്യ സീസണ്‍ 2021 സെപ്റ്റംബറിലായിരുന്നു നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്തിരുന്നത്.

ആ വര്‍ഷം നെറ്റ്ഫ്‌ളിക്‌സിന് ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുത്ത സീരീസുകളില്‍ ഒന്നായി സ്‌ക്വിഡ് ഗെയിം മാറിയിരുന്നു. 21 മില്യണ്‍ ബജറ്റില്‍ അണിയിച്ചൊരുക്കിയ ആദ്യ സീസണ്‍ 900 മില്യണിലധികം വരുമാനമുണ്ടാക്കിയിരുന്നു.

സര്‍വൈവല്‍ ഡ്രാമ വിഭാഗത്തില്‍ ഒരുങ്ങിയ സ്‌ക്വിഡ് ഗെയിമിന് കൊറിയന്‍ സീരീസുകളും സിനിമകളും കാണുന്ന മലയാളി പ്രേക്ഷകരുടെ ഇടയിലും വന്‍ വരവേല്‍പ്പായിരുന്നു ലഭിച്ചത്.

പ്രത്യേകം തെരെഞ്ഞെടുക്കപ്പെടുന്ന ആളുകളെ ഒരിടത്ത് എത്തിച്ച് അവരെ കൊണ്ട് ഗെയിമുകള്‍ കളിപ്പിക്കുകയും ഗെയിമില്‍ തോല്‍ക്കുന്നവരെ കൊന്ന് കളയുകയും ചെയ്യുന്നതാണ് സീരീസ്. അവസാന ഗെയിമും വിജയിക്കുന്ന വ്യക്തിക്ക് വലിയ തുക സമ്മാനമായി ലഭിക്കുന്നതുമാണ് സീരീസിന്റെ ഇതിവൃത്തം.

Content Highlight: Netflix Released A Special Teaser Of Squid Game2