| Thursday, 8th July 2021, 3:59 pm

ബീഫ് എന്നെഴുതാന്‍ പേടിയാണോ നെറ്റ്ഫ്‌ളിക്‌സേ?; ദക്ഷിണേന്ത്യക്കായുള്ള ഗാനത്തിലെ നീരജ് മാധവിന്റെ ഭാഗത്തിലെ സബ്‌ടൈറ്റിലിനെതിരെ വിമര്‍ശനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദക്ഷിണേന്ത്യക്ക് വേണ്ടി പ്രത്യേകമായി ഇറക്കിയ പുതിയ പാട്ടിനോടനുബന്ധിച്ച് നെറ്റ്ഫ്‌ളിക്‌സിനെതിരെ വിമര്‍ശനമുയരുന്നു. സൗത്ത് ഇന്ത്യന്‍ ആന്തം എന്ന പേരില്‍ ഇറക്കിയ പുതിയ റാപ്പില്‍ നീരജ് മാധവിന്റെ മലയാളം റാപ്പ് വരുന്ന ഭാഗത്തിലെ സബ്‌ടൈറ്റിലിനെതിരെയാണ് വിമര്‍ശനമുയരുന്നത്.

‘പൊറോട്ടേം ബീഫും ഞാന്‍ തിന്നും അതികാലത്ത്’ എന്നാണ് നീരജ് മാധവിന്റെ ഒരു വരി. എന്നാല്‍ ഇത് സബ്‌ടൈറ്റിലെത്തുമ്പോള്‍ ‘പൊറോട്ടേം ബി.ഡി.എഫും ഞാന്‍ തിന്നും അതികാലത്ത്’ എന്നാവുകയാണ്. മംഗ്ലിഷിലും ഇംഗ്ലിഷിലുമുള്ള സബ്‌ടൈറ്റിലുകളില്‍ ബി.ഡി.എഫ്. എന്നാണ് ഉപയോഗിച്ചിരിക്കുന്നത്.

ബീഫ് എന്ന് സബ്‌ടൈറ്റിലില്‍ എഴുതാന്‍ നെറ്റ്ഫ്‌ളിക്‌സിന് പേടിയാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ബീഫിന് ബീഫ് എന്ന് തന്നെ പറയണം നെറ്റ്ഫ്‌ളിക്‌സ് ഏമാന്മാരേ, സബ്‌ടൈറ്റില്‍ മാറ്റി സംഘികളെ പറ്റിക്കുന്നോയെന്നാണ് മറ്റൊരു കമന്റ്.

ബീഫ് ഡ്രൈ ഫ്രൈ എന്നാണ് ഉദ്ദേശിച്ചതെന്ന് നെറ്റ്ഫ്‌ളിക്‌സ് പറഞ്ഞാലും വിശ്വസിക്കാന്‍ ഒരല്‍പം പാടാണെന്നും കമന്റുകളിലുണ്ട്.

‘തങ്ങള്‍ ദക്ഷിണേന്ത്യക്കാരെ പ്രത്യേകം പരിഗണിക്കുന്നു എന്ന് കാണിക്കാനാണ് നെറ്റ്ഫ്‌ളിക്‌സ് പാട്ടിട്ടത്. പക്ഷേ ഈ ഭാഗമെത്തിയപ്പോള്‍ തൃപ്തിയായി. ബീഫ് എന്ന് വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. പക്ഷേ രണ്ട് സബ്‌ടൈറ്റിലിലും അത് BDF ആണ്. വല്ലാത്ത ഗതികേട് തന്നെ നെറ്റ്ഫ്‌ളിക്‌സേ നിന്റേത്,’ എന്നും സോഷ്യല്‍ മീഡിയയില്‍ വന്ന പോസ്റ്റുകളില്‍ പറയുന്നു.

മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലെ പ്രശസ്തരായ യുവ റാപ്പര്‍മാരെ അണിനിരത്തികൊണ്ടാണ് നെറ്റ്ഫ്‌ളിക്‌സ് പുതിയ ഗാനം പുറത്തുവിട്ടത്. തമിഴില്‍ നിന്ന് അറിവും മലയാളത്തില്‍ നിന്ന് നീരജ് മാധവും കന്നടയില്‍ നിന്ന് സിരി നാരായണും തെലുങ്കില്‍ നിന്ന് ഹനുമാന്‍കൈന്‍ഡുമാണ് പാടിയിരിക്കുന്നത്.

ദക്ഷിണേന്ത്യന്‍ സിനിമകളുടെ പ്രത്യേകതകളും നടീനടന്മാരെയുമെല്ലാം പറഞ്ഞുകൊണ്ടാണ് ഓരോ റാപ്പര്‍മാരും തങ്ങളുടെ ഭാഗം ചെയ്തിരിക്കുന്നത്. അക്ഷയ് സുന്ദറാണ് റാപ്പ് സംവിധാനം ചെയ്തിരിക്കുന്നത്.

കുറച്ച് അടിപൊളിയും വേറെ ലെവലും കിറക്കാസും സക്കാത്തസും പറയാന്‍ കാത്തിരുന്നോളൂ, കാരണം നിങ്ങളുടെ സ്‌ക്രീനുകള്‍ക്ക് തീ പിടിക്കാന്‍ പോകുകയാണ് എന്നായിരുന്നു വീഡിയോ പങ്കുവെച്ചുകൊണ്ട് നെറ്റ്ഫ്ളിക്സ് കുറിച്ചത്.

കഴിഞ്ഞ ദിവസം നെറ്റ്ഫ്ളിക്സ് ഇന്ത്യ സൗത്ത് എന്ന പേരില്‍ ട്വിറ്ററില്‍ പുതിയ പേജ് ആരംഭിച്ചിരുന്നു. ദക്ഷിണേന്ത്യയിലെ വിവിധ ഭാഷകളിലെ സിനിമകളും സീരിസുകളും കൂടുതലായി പ്ലാറ്റ്‌ഫോമിലെത്തിക്കാനുള്ള പദ്ധതിയാണ് നമ്മ സ്റ്റോറീസ് നമ്മ നെറ്റ്ഫ്ളിക്സെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

നേരത്തെ വളരെ പോപ്പുലറായ ചില സീരിസിലെ കഥാപാത്രങ്ങളെ സൗത്ത് ഇന്ത്യന്‍ സ്റ്റൈലിലും പശ്ചാത്തലത്തിലും അണിയിച്ചൊരുക്കി കൊണ്ടുള്ള പോസ്റ്ററുകളും നെറ്റ്ഫ്ളിക്സ് പുറത്തുവിട്ടിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Netflix Namma Stories The South Indian Anthem – Neeraj Madhav’s beef part controversy

We use cookies to give you the best possible experience. Learn more