|

മുട്ടന്‍ പണിയുമായി നെറ്റ്ഫ്‌ലിക്‌സ്; ഇനി പാസ്‌വേഡ് പങ്കുവെച്ച് അക്കൗണ്ട് ഉപയോഗിക്കാന്‍ കഴിയില്ല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകത്തെ മുന്‍നിര ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ ഒന്നാണ് നെറ്റ്ഫ്‌ലിക്‌സ്. ജനപ്രിയ സീരിസുകള്‍ കൊണ്ടും ചിത്രങ്ങള്‍ കൊണ്ടും ഏറെ നാളുകളായി വരിക്കാരെ തൃപ്തിപ്പെടുത്തിയിരുന്ന നെറ്റ്ഫ്‌ലിക്സിന് എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി വമ്പന്‍ നഷ്ടങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ചുരുങ്ങിയ കാലയളവില്‍ നെറ്റ്ഫ്‌ലിക്സിന്റെ ലക്ഷകണക്കിന് വരിക്കാരെ അവര്‍ക്ക് നഷ്ടപ്പെട്ടു. ക്രമാതീതമായ വരിസംഖ്യയും പാസ്‌വേഡ്പങ്കുവച്ച് കാണാന്‍ നെറ്റ്ഫ്‌ലിക്സ് അക്കൗണ്ട് ഉപയോഗിക്കാന്‍ കഴിയും എന്ന പഴുതുമാണ് നെറ്റ്ഫ്‌ലിക്സിന്റെ വരിക്കാരില്‍ ഇടിവ് സംഭവിക്കാന്‍ കാരണമായി ചൂണ്ടികാണിക്കുന്നത്.

പാസ്‌വേഡ്പങ്കുവെച്ച് ഒരു അക്കൗണ്ട് തന്നെ പലരും ഉപയോഗിക്കുന്നത് തടയാനായി ഊര്‍ജിത ശ്രമങ്ങള്‍ നെറ്റ്ഫ്‌ലിക്സ് നടത്തിയിരുന്നു.

ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പാസ്‌വേഡ് പങ്കുവെച്ച് അക്കൗണണ്ടുകള്‍ ഉപയോഗിക്കുന്നത് തടയാനായി പുതിയ സംവിധാനം അവതരിപ്പിക്കാന്‍ പോവുകയാണ് നെറ്റ്ഫ്‌ലിക്സ്.

‘നെറ്റ്ഫ്‌ലിക്സ് ഹോംസ്’ എന്ന് പേരിട്ടിരിക്കുന്ന സംവിധാനം വരുന്നതോടുകൂടി പാസ്‌വേഡ് പങ്കുവെച്ച് അക്കൗണ്ട് ഉപയോഗിക്കുന്നത് ഒരു പരിധി വരെ തടയാനാകുമെന്നാണ് നെറ്റ്ഫ്‌ലിക്സ് കരുതുന്നത്.

ഒരു ലൊക്കേഷന്‍ സ്ഥിരമായി സെറ്റ് ചെയ്യുന്നതാണ് ഹോം ഫീച്ചര്‍ കൊണ്ട് നെറ്റ്ഫ്‌ലിക്‌സ് ഉദ്ദേശിക്കുന്നത്. ആ ലൊക്കേഷനില്‍ എത്ര ഉപകരണങ്ങളില്‍ വേണമെങ്കിലും നെറ്റ്ഫ്‌ലിക്‌സ് കാണാന്‍ കഴിയും( തെരെഞ്ഞെടുക്കുന്ന പ്ലാന്‍ അനുസരിച്ച്)

ഇനി അതല്ല യാത്രയിലാണ് നെറ്റ്ഫ്‌ലിക്സ് ഉപയോഗിക്കുന്നതെങ്കില്‍ 2 ആഴ്ച വരെ മറ്റൊരു സ്ഥലത്ത് നെറ്റ്ഫ്‌ലിക്‌സ് ഉപയോഗിക്കാം. ആ ലൊക്കേഷന്‍ താല്‍ക്കാലിക ഹോം എന്ന രീതിയിലാകും സെറ്റ് ചെയ്യുക.

പാസ്‌വേഡ്പങ്കുവെച്ച് മറ്റൊരു ലൊക്കേഷനില്‍ രണ്ട് ആഴ്ചയില്‍ കുടുതല്‍ അക്കൗണ്ട് ഉപയോഗിച്ചാല്‍ ആ ഉപകരണത്തില്‍ പിന്നീട് അക്കൗണ്ട് ലഭ്യമാകില്ല.

ഇനി മറ്റൊരു ലൊക്കേഷനില്‍ ഹോം ഉള്‍പെടുത്തണമെങ്കില്‍ അധിക തുക നല്‍കിയാല്‍ മാത്രമേ അത് ചെയ്യാന്‍ സാധിക്കൂ. ഹോമിന്റെ എണ്ണം കൂടുന്നതിന് അനുസരിച്ച് അധിക ചാര്‍ജും നല്‍കേണ്ടി വരും.

ഇത്തരത്തിലാണ് ഹോം എന്ന പുതിയ ഫീച്ചര്‍ വഴി നെറ്റ്ഫ്‌ലിക്‌സ് പാസ്‌വേഡ്പങ്കുവെച്ച് വരിക്കാര്‍ കൊഴിഞ്ഞ് പോകുന്നതിനെ തടയാന്‍ ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. അടുത്ത മാസത്തോടെ ലോകമെമ്പാടും ഹോം ഫീച്ചര്‍ നടപ്പിലാക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight : Netflix is introducing a new feautre called ‘add a home’ for resist password sharing

Latest Stories