| Monday, 19th December 2022, 8:19 pm

മിന്നല്‍ മുരളിയുടെ വില്ലനായി ഇനി ബോളിവുഡ് താരമോ? നെറ്റ്ഫ്‌ളിക്‌സ് പുറത്ത് വിട്ട ഫോട്ടോ കണ്ട് ഞെട്ടി ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമക്ക് എക്കാലവും അഭിമാനിക്കാനാവുന്ന സിനിമയാണ് മിന്നല്‍ മുരളി. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ സിനിമ എന്ന നിലയിലാണ് ശ്രദ്ധ നേടിയത്. ഇന്ത്യക്ക് പുറത്തേക്കും ചര്‍ച്ചയായ സിനിമ നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് റിലീസ് ചെയ്തത്.

ഇന്‍സ്റ്റഗ്രാമിലൂടെ നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ പുറത്ത് വിട്ട മിന്നല്‍ മുരളിയുടെ പുതിയ ചിത്രം കണ്ട് പ്രേക്ഷകര്‍ ഞെട്ടിയിരിക്കുകയാണ്. മിന്നല്‍ മുരളിയായി ടൊവിനോയും സ്‌ട്രെയ്ഞ്ചര്‍ തിങ്ക്‌സ് എന്ന് സീരിസിലെ വെക്‌ന (വണ്‍) എന്ന കഥാപാത്രമായി ബോളിവുഡ് താരം വിജയ് വര്‍മയുമാണ് ഫോട്ടോയില്‍ എത്തിയിരിക്കുന്നത്.

‘നെറ്റ്ഫിളിക്‌സ്‌വേഴ്‌സിന്റെ കവാടങ്ങള്‍ തുറന്നു, യൂണിവേഴ്‌സുകള്‍ ഒന്നിക്കുന്നു,’ എന്നാണ് ചിത്രത്തിന് നെറ്റ്ഫ്‌ളിക്‌സ് നല്‍കിയ ക്യാപ്ഷന്‍. പോസ്റ്റിന് താഴെ നിരവധി കമന്റുകളും വരുന്നുണ്ട്. വെക്‌നയുടെ കാര്യം തീര്‍ന്നുവെന്നും വെക്‌നയക്ക് മുരളിയെ കൈകാര്യം ചെയ്യാനാവില്ലെന്നും കമന്റുകളുണ്ട്. മിന്നല്‍ മുരളിയെ വെച്ച് നെറ്റ്ഫ്‌ളിക്‌സ് പുതിയ യൂണിവേഴ്‌സ് ഉണ്ടാക്കുകയാണോ എന്നാണ് മറ്റ് ചില കമന്റുകള്‍. എന്തായാലും നെറ്റ്ഫ്‌ളിക്‌സിന്റെ പുതിയ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രത്തിന് ഇന്ത്യയൊട്ടാകെ വന്‍ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഇതിനോടകം നിരവധി അംഗീകാരങ്ങളാണ് ചിത്രത്തെ തേടിയെത്തിയത്. അടുത്തിടെ സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ അക്കാദമി അവാര്‍ഡ്‌സില്‍ മികച്ച സംവിധായകനായി ബേസിലിനെ തെരഞ്ഞെടുത്തിരുന്നു.

നാലാമത് ഐ.ഡബ്ല്യൂ.എം ഡിജിറ്റല്‍ അവാര്‍ഡിലും ചിത്രം തിളങ്ങിയിരുന്നു. പ്രാദേശിക ഭാഷയിലെ മികച്ച ഡിജിറ്റില്‍ ചിത്രത്തിനും ഏറ്റവും മികച്ച വി.എഫ്.എക്സിനുമുള്ള പുരസ്‌കാരമാണ് ചിത്രം നേടിയത്. ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണിന്റെ നാമനിര്‍ദേശ പട്ടികയിലും ചിത്രം എത്തിയിരുന്നു. സൈമ അവാര്‍ഡിലും ചിത്രം തിളങ്ങി.

ജെ.സി.ഐ ഇന്ത്യയുടെ ഔട്ട്സ്റ്റാന്റിംഗ് യങ് പേഴ്‌സണ്‍ അവാര്‍ഡും ബേസില്‍ സ്വന്തമാക്കിയിരുന്നു. അമിതാഭ് ബച്ചന്‍, കപില്‍ ദേവ്, സച്ചിന്‍, പി ടി ഉഷ തുടങ്ങി നിരവധി ലോകപ്രശസ്തര്‍ കരസ്ഥമാക്കിയ അവാര്‍ഡ് ആണ് ബേസില്‍ ജോസഫ് സ്വന്തമാക്കിയിരിക്കുന്നത്. 2021 ഡിസംബര്‍ 16നാണ് മിന്നല്‍ മുരളി നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്തത്.

Content Highlight: netflix india india new photo of minnal murali

We use cookies to give you the best possible experience. Learn more