തിയേറ്ററുകളില്‍ വമ്പന്‍ വിജയം നേടിയ ടൊവിനോ തോമസ്- ഖാലിദ് റഹ്മാന്‍ ചിത്രം തല്ലുമാല നെറ്റ്ഫ്ളിക്സിലെത്തിയിരിക്കുയാണ്. സെപ്റ്റംബര്‍ 11നാണ് ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്തത്. തുടര്‍ന്ന് ചിത്രം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
അതിനിടെ തല്ലുമാലയുടെ അണിയറപ്രവര്‍ത്തകര്‍ നല്‍കിയ ഇംഗ്ലീഷ് സബ്‌ടൈറ്റിലല്ല നെറ്റ്ഫ്ളിക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് പറയുകയാണ് സബ്‌ടൈറ്റില്‍സ് ആര്‍ട്ടിസ്റ്റുകളുടെ കൂട്ടായ്മയായ ഫില്‍ ഇന്‍ ദി ബ്ലാങ്ക്‌സ്.
നെറ്റ്ഫ്ളിക്സ് നിലവില്‍ കാണിക്കുന്ന സബ് ടൈറ്റിലില്‍ സിനിമയില്‍ പറയാന്‍ ഉദ്ദേശിക്കുന്ന പ്രാദേശിക സര്‍ഗാത്മഗ ഭാഷയിലെ സംഭാഷണങ്ങളെ ബാധിച്ചെന്നും ഫില്‍ ഇന്‍ ദി ബ്ലാങ്ക്‌സ് പ്രസ്താവനയില്‍ പറയുന്നു.
സബ്ടൈറ്റില്‍ ആര്‍ട്ടിസ്റ്റ്/സിനിമയുടെ രചയിതാവ്/സംവിധായകന്‍ എന്നിവരുടെ സമ്മതമില്ലാതെ സബ്ടൈറ്റിലുകള്‍ എഡിറ്റ് ചെയ്ത നെറ്റ്ഫ്‌ളിക്‌സിന്റെ നടപടി അന്യായവും അനീതിയുമാണെന്നും ഫില്‍ ഇന്‍ ദി ബ്ലാങ്ക്‌സ് അറിയിച്ചു.
‘നിലവില്‍ നെറ്റ്ഫ്‌ളിക്‌സ് പ്രസിദ്ധീകള്‍ക്കുന്ന സബ്ടൈറ്റിലുകള്‍ എഡിറ്റ് ചെയ്തതും ഞങ്ങളുടെ സൃഷ്ടിയില്‍ വെള്ളം ചേര്‍ത്തതുമായ പതിപ്പാണ്. അതില്‍ ഞങ്ങള്‍ക്ക് അതിയായ ദുഖമുണ്ട്. സബ്ടൈറ്റിലുകളില്‍ ഞങ്ങള്‍ കാണിച്ച സൂക്ഷ്മതകള്‍ അതില്‍ കാണുന്നില്ല.
പ്രത്യേകിച്ച് സിനിമയിലെ പാട്ടുകള്‍! നിലവിലെ സബ്‌ടൈറ്റിലുകള്‍ പാട്ടുകളെ വാക്കുകളുടെ മാത്രം അര്‍ത്ഥത്തിലേക്ക്
കുറക്കുന്നുണ്ട്. സബ്‌ടൈറ്റില്‍ ഒരു സര്‍ഗാത്മക സൃഷ്ടിയായതിനാല്‍ ഭാഷയുടെ സംസ്‌കാരം, നര്‍മ്മം, അര്‍ത്ഥം, പ്രാദേശിക സൂക്ഷ്മതകള്‍ എന്നിവ പരിഗണിക്കണം,’ ഫില്‍ ഇന്‍ ദി ബ്ലാങ്ക്‌സ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
സിനിമയുടെ തിരക്കഥാകൃത്ത് മുഹ്‌സിന്‍ പരാരിയും ഈ പ്രസ്താവന അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പങ്കുവെച്ചിട്ടുണ്ട്.
ഓഗസ്റ്റ് 12നാണ് തല്ലുമാല തിയേറ്ററുകളില്‍ എത്തിയത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്നാണ് രചന.
മണവാളന്‍ വസീമായി ടൊവിനോ എത്തിയ ചിത്രത്തില്‍ ബീപാത്തു എന്ന വ്‌ളോഗറെയാണ് കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിച്ചത്. ഷൈന്‍ ടോം ചാക്കോ, ചെമ്പന്‍ വിനോദ്, ലുക്മാന്‍, ഓസ്റ്റിന്‍, അദ്രി ജോയ്, ജോണി ആന്റണി, ബിനു പപ്പു, ഗോകുലന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കഥ പറച്ചിലില്‍ പുതുമയോടെ എത്തിയ തല്ലുമാലയുടെ പുതിയ ആഖ്യാനശൈലി പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ഒരുപോലെ നേടിയിരുന്നു. ജിംഷി ഖാലിദിന്റെ ക്യാമറയും നിഷാദ് യൂസഫിന്റെ എഡിറ്റിങ്ങും ചിത്രത്തെ കളറാക്കിയപ്പോള്‍ മുഹ്സിന്റെ പാട്ടുകളും വിഷ്ണു വിജയ്യുടെ സംഗീതവും തല്ലുമാലയുടെ തിയേറ്റര്‍ ഗംഭീരമാക്കി.
CONTENT HIGHLIGHTS: Netflix edited subtitles without consent; Tallumala team says that injustice is injustice