| Tuesday, 14th December 2021, 11:07 am

ആമസോണ്‍ കൂട്ടിയപ്പോള്‍ നെറ്റ്ഫ്‌ളിക്‌സ് കുറച്ചു; പുതിയ നിരക്ക് ഇങ്ങനെ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി നെറ്റ്ഫ്‌ളിക്‌സ്. ആമസോണ്‍ പ്രൈമില്‍ നിന്ന് പ്രേക്ഷകര്‍ക്ക് വന്‍തിരിച്ചടി കിട്ടിയിരിക്കുമ്പോഴാണ് പുതിയ ഓഫറുകളുമായി നെറ്റ്ഫ്‌ളിക്‌സ് എത്തിയിരിക്കുന്നത്.

ആമസോണ്‍ പ്രൈം തങ്ങളുടെ സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് കൂട്ടിയപ്പോള്‍, തങ്ങളുടെ എല്ലാ പ്ലാനുകള്‍ക്കും വില കുറച്ചിരിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സ്. ഇതുസംബന്ധിച്ച നെറ്റ്ഫ്‌ളിക്‌സിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസം വന്നിരുന്നു. ആമസോണ്‍ പ്രൈമിന്റെ പുതിയ നിരക്ക് നിലവില്‍ വരുന്ന ഡിസംബര്‍ 14 ന് തന്നെയാണ് നെറ്റ് ഫ്‌ളിക്‌സിന്റെ കുറച്ച നിരക്ക് പ്രാബല്യത്തില്‍ വരുന്നത്.

നെറ്റ്ഫ്‌ളിക്‌സിന്റെ പുതിയ പ്ലാന്‍ പ്രകാരം 149 രൂപയടച്ച് ഉപഭോക്താവിന് നെറ്റ്ഫ്‌ളിക്‌സ് മൊബൈല്‍ പ്ലാന്‍ സബ്‌സ്‌ക്രൈബ് ചെയ്യാം. നേരത്തെ 199 രൂപയായിരുന്നു. ഈ പ്ലാന്‍ സബ്‌സ്‌ക്രൈബ് ചെയ്യുന്ന ഉപഭോക്താവിന് മൊബൈല്‍ ഫോണിലും ടാബ് ലെറ്റിലും വീഡിയോ കാണാന്‍ സാധിക്കും.

നേരത്തെ 499 രൂപയായിരുന്നു ബേസിക് പ്ലാന്‍ ഇനി മുതല്‍ 199 രൂപ അടച്ച് സബ്‌സ്‌ക്രൈബ് ചെയ്യാം. മൊബൈല്‍ ഫോണ്‍, ടാബ്ലെറ്റ്, കംപ്യൂട്ടര്‍, ടി.വി എന്നിവയിലുടനീളം കാണാവുന്ന പ്ലാനാണ് ബേസിക് പ്ലാന്‍.

നാല് തരം ഡിവൈസുകളില്‍ കാണാന്‍ സാധിക്കുന്നതും മികച്ച വീഡിയോ നിലവാരവും 1080p റെസല്യൂഷനും ഉള്ളതുമായ സ്റ്റാന്‍ഡേര്‍ഡ് പ്ലാന്‍ ഒരു മാസത്തേക്ക് സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇനി 499 രൂപ മതി. നേരത്തെ ഇത് 649 രൂപയായിരുന്നു.

പ്രതിമാസം 799 രൂപയ്ക്ക് ലഭ്യമായിരുന്ന പ്രീമിയം പ്ലാന്‍ ഇനി 649 രൂപയ്ക്ക് ലഭ്യമാകും.

പ്രീമിയം പ്ലാനില്‍, ഒരേ സമയം ഒരു അക്കൗണ്ടില്‍ നിന്ന് നാല് പേര്‍ക്കും സ്റ്റാന്‍ഡേര്‍ഡ് പ്ലാനില്‍ രണ്ട് പേര്‍ക്കും ബേസിക്, മൊബൈല്‍ പ്ലാനുകളില്‍ ഒരാള്‍ക്കുമാണ് ഒരേസമയം കാണാന്‍ സാധിക്കുക. ഡിസംബര്‍ 14 മുതല്‍ ഇത് നിലവില്‍ വരും.

ആമസോണ്‍ പ്രൈമിന്റെ പുതിയ നിരക്കുകള്‍ പ്രകാരം, വാര്‍ഷിക പ്രൈം അംഗത്വത്തിന് 500 രൂപ അധികം നല്‍കേണ്ടിവരും. അതായത് ഇപ്പോള്‍ 999 രൂപ നിരക്കുള്ള വാര്‍ഷിക പ്ലാനിന് ഡിസംബര്‍ 13ന് ശേഷം 1499 രൂപയും 329 രൂപ നിരക്കുള്ള ത്രൈമാസ അംഗത്വ പ്ലാനിന് 459 രൂപയും നിലവില്‍ ഇന്ത്യയില്‍ 129 രൂപ നിരക്കുള്ള പ്രതിമാസ പ്ലാനിന് 179 രൂപയും ആയിരിക്കും. നിലവില്‍ പ്രൈം അംഗങ്ങള്‍ ആയവര്‍ക്ക് നിരക്ക് വര്‍ദ്ധനവ് ബാധകമല്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Netflix cuts prices in India; check out new rates

We use cookies to give you the best possible experience. Learn more