| Thursday, 5th January 2023, 9:26 am

ഡാര്‍ക്ക് ടീമിന്റെ പുതിയ സീരിസ് '1899' നെറ്റ്ഫ്‌ളിക്‌സ് റദ്ദാക്കി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാരന്‍ ബൊ ഒഡാറും ജാന്റ്‌ജെ ഫ്രീസും സംവിധാനം ചെയ്ത 1899ന് ഇനി തുടര്‍ച്ച ഇല്ല. നവംബര്‍ 17 നാണ്  സീരിസിന്റെ ആദ്യ സീസണ്‍ നെറ്റ്ഫ്‌ളിക്‌സില്‍ പ്രദര്‍ശനത്തിനെത്തിയത്. സീരീസിന് രണ്ടും മൂന്നും സീസണുകള്‍ ഉണ്ടാകുമെന്നും പ്രഖ്യാപിച്ചിരുന്നു. കോ-ഷോ റണ്ണര്‍മാരായ ബാരന്‍ ബോ ഒഡറും ജന്റ്‌ജെ ഫ്രൈസും സോഷ്യല്‍ മീഡിയയിലൂടെയാണ് റദ്ദാക്കിയ വിവരം അറിയിച്ചത്.

”1899 എന്ന സീരീസ് പുതുക്കുന്നില്ല എന്ന് വളരെ ഹൃദയഭാരത്തോടെ ഞങ്ങള്‍ക്ക് നിങ്ങളോട് പറയാനുണ്ട്. ‘ഡാര്‍ക്കി’ല്‍ ചെയ്തതുപോലെ ഈ അവിശ്വസനീയമായ യാത്ര രണ്ടും മൂന്നും സീസണില്‍ പൂര്‍ത്തിയാക്കാമായിരുന്നു. പക്ഷെ, ചിലപ്പോള്‍ നമ്മള്‍ വിചാരിക്കുന്ന പോലെ കാര്യങ്ങള്‍ നടക്കില്ല. അതാണ് ജീവിതം.

ഇത് ലക്ഷക്കണക്കിന് ആരാധകരെ നിരാശരാക്കുമെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍, ഈ അത്ഭുതകരമായ സാഹസികതയുടെ ഭാഗമായിരുന്നു നിങ്ങള്‍ക്ക് ഞങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നിന്ന് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നു. മറക്കില്ല ഒരിക്കലും.” ബാരന്‍ ബൊ കുറിച്ചു.

നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്ത് ലോകമെമ്പാടും തരംഗമായ ടൈം ട്രാവല്‍ ത്രില്ലര്‍ ഡാര്‍ക്കിനു ശേഷം ബാരന്‍ ബൊ ഒഡാറും ജാന്റ്‌ജെ ഫ്രീസും സംവിധാനം ചെയ്തതാണ് 1899.

പീരിഡ് മിസ്റ്ററി ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍പെടുന്ന സീരിസ് ആയിരുന്നു 1899. ലണ്ടനില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് കുടിയേറാന്‍ കപ്പല്‍ യാത്ര ചെയ്യുന്ന യൂറോപ്യന്‍ കുടിയേറ്റക്കാര്‍ക്ക് യാത്രക്കിടയില്‍ സംഭവിക്കുന്ന ചില അപ്രതീക്ഷിത പ്രശ്‌നങ്ങളാണ് ചിത്രം പറയുന്നത്. ആദ്യ സീസണിന്റെ സമാപനം കഥ തുടരുമെന്ന ധാരണയാണ് പ്രേക്ഷകരില്‍ ഉണ്ടാക്കിയത്.

സീരിസ് മികച്ചതായിരുന്നെങ്കിലും കണ്ടന്റിന്റെ കാര്യത്തില്‍ ടൈം ട്രാവല്‍ ത്രില്ലര്‍ ഡാര്‍ക് ആണ് മുന്നില്‍ നിന്നതെന്നാണ് പൊതുവെയുള്ള അഭിപ്രായം. കൂടാതെ വലിയ മുതല്‍ മുടക്കേറിയ ഇനിയുള്ള സീസണുകളുമായി മുന്നോട്ടുപോകാന്‍ നെറ്റ്ഫ്‌ളിക്‌സും താല്‍പര്യം പ്രകടിപ്പിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content highlight: Netflix Cancels Period Mystery Horror Thriller ‘1899’

We use cookies to give you the best possible experience. Learn more