| Thursday, 23rd September 2021, 10:53 am

മിന്നല്‍ മുരളി പ്രേക്ഷകരിലേക്ക്; റിലീസിങ് തിയ്യതി പ്രഖ്യാപിച്ച് നെറ്റ്ഫ്‌ളിക്‌സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ടൊവിനോ തോമസ് നായകനാകുന്ന ‘മിന്നല്‍ മുരളി’ യുടെ റിലീസിങ് തിയ്യതി പ്രഖ്യാപിച്ചു. ഡിസംബര്‍ 24 നാണ് നെറ്റ്ഫ്‌ളിക്‌സിലൂടെ ചിത്രം ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തുക.

ചിത്രത്തിന്റെ നെറ്റ്ഫ്ളിക്സ് ടീസര്‍ അടുത്തിടെ ടൊവിനോ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ചിരുന്നു. കുറുക്കന്‍മൂലയില്‍ നിന്നും ലോകത്തിന് മുന്‍പിലേക്ക്, മിന്നല്‍ മുരളി ആഗോള റിലീസിനൊരുങ്ങുകയാണെന്നായിരുന്നു ടൊവിനോ പറഞ്ഞത്. ‘ഇത് മിന്നും’ എന്ന വാചകമാണ് ചിത്രത്തിന്റെ പ്രൊമൊഷന്‍ പോസ്റ്റുകളില്‍ നിറയുന്നത്.

കൊവിഡും ലോക്ഡൗണ്‍ നിയന്ത്രണങ്ങളും തുടരുന്ന സാഹചര്യത്തിലാണ് മിന്നല്‍ മുരളി നെറ്റ്ഫ്ളിക്സില്‍ തന്നെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ബേസില്‍- ടൊവിനോ കൂട്ടുകെട്ടിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണ്.

മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമെന്ന വിശേഷണത്തോടെയാണ് മിന്നല്‍ മുരളിയെത്തുന്നത്. എന്നാല്‍ മലയാളത്തില്‍ നേരത്തെയും സൂപ്പര്‍ഹീറോ ചിത്രങ്ങളിറങ്ങിയിട്ടുണ്ടെന്നും ഇതൊരു നല്ല സൂപ്പര്‍ഹീറോ ചിത്രമാകുമെന്ന് മാത്രമേ പറയുന്നുള്ളുവെന്നാണ് ടൊവിനോയും ബേസിലുമെല്ലാം പറയുന്നത്.

സമീര്‍ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രമെത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലുമായാണ് ചിത്രം ഒരുങ്ങുന്നത്.

ജിഗര്‍തണ്ട, ജോക്കര്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരം ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ്ജ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.

കഥ, തിരക്കഥ, സംഭാഷണം-അരുണ്‍ എ ആര്‍, ജസ്റ്റിന്‍ മാത്യുസ്, ഗാനരചന-മനു മന്‍ജിത്, സംഗീതം-ഷാന്‍ റഹ്മാന്‍, സുഷില്‍ ശ്യാം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: NetFlix Announce Minnal Murali Releasing date

Latest Stories

We use cookies to give you the best possible experience. Learn more