| Monday, 1st June 2020, 1:03 pm

'ഒപ്പമുണ്ട് ഞങ്ങള്‍'; അമേരിക്കയിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി ഗൂഗിളും ട്വിറ്ററും നെറ്റ് ഫ്‌ളിക്‌സും ആമസോണും

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: അമേരിക്കയില്‍ പൊലീസ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ജോര്‍ജ് ഫ്‌ളോയിഡിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ച് ട്വിറ്ററും ഗൂഗിളും നെറ്റ് ഫ്‌ളിക്‌സും ആമസോണും.

‘ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍’നിശബ്ദമായിരിക്കുന്നത് ഒരു കുറ്റമാണെന്നാണ് നെറ്റ് ഫ്‌ളിക്‌സ് ട്വീറ്റ് ചെയ്തത്.

blacklivesmatter എന്ന ഹാഷ് ടാഗ് ഷെയര്‍ ചെയ്താണ് ട്വിറ്റര്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത്.
ട്വിറ്ററിന്റെ പേജിലെ പ്രൊഫൈലിന്റെ നിറം കറുപ്പാക്കുകയും ചെയ്തു.

കറുത്ത വര്‍ഗ്ഗക്കാരൊടൊപ്പം ഞങ്ങള്‍ ഒരുമിച്ച് നില്‍ക്കുന്നു എന്നായിരുന്നു ആമസോണ്‍ പ്രതികരിച്ചത്.

ഞങ്ങള്‍ വംശീയതയ്ക്കും കലാപത്തിനെതിരെയും നിലകൊള്ളുന്നു. ഞങ്ങളുടെ സമൂഹത്തിലെ അംഗങ്ങളുടെ വേദന ഞങ്ങളുടേതു കൂടിയാണ്
എന്നായിരുന്നു യൂട്യൂബിന്റെ പ്രതികരണം. സ്‌നേഹം കൊണ്ടോ ഭയംകൊണ്ടോ ഒരാള്‍ അന്ധനാവില്ല, വേര്‍തിരിവാണ് ഒരാളെ അന്ധനാക്കുന്നതെന്ന ജെയിംസ് ബാള്‍ഡ്‌വിന്നിന്റെ വാചകം കടമെടുത്താണ് എച്ച്.ബി.ഒ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചത്.

ഗൂഗിള്‍ തലവന്‍ സുന്ദര്‍ പിച്ചെയും കറുത്ത വംശജരുടെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണ നല്‍കി രംഗത്തെത്തി. അമേരിക്കയിലെ ഗൂഗിള്‍ യൂട്യൂബ് പേജുകളില്‍ കറുത്തവര്‍ഗക്കാര്‍ക്കും വംശീയ സമത്വത്തിനും വേണ്ടി പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കറുത്ത റിബണ്‍ പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചു.

രോഷവും സങ്കടവും പേടിയും നിസഹായതയും അനുഭവിക്കുന്നവര്‍ക്ക് ഒപ്പം തങ്ങളുണ്ടെന്നും സുന്ദര്‍ പിച്ചെ ട്വീറ്റ് ചെയ്തു.

We use cookies to give you the best possible experience. Learn more