ദളിത് വീടുകളിലെ ബി.ജെ.പി നേതാക്കളുടെ ഡിന്നര്‍ഷോ അപമാനമാണെന്ന് ബി.ജെ.പി എം.പി
SAFFRON POLITICS
ദളിത് വീടുകളിലെ ബി.ജെ.പി നേതാക്കളുടെ ഡിന്നര്‍ഷോ അപമാനമാണെന്ന് ബി.ജെ.പി എം.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th May 2018, 11:35 am

ലക്‌നൗ: ദളിത് വീടുകളില്‍ സന്ദര്‍ശനം നടത്തുകയും ഭക്ഷണം പുറത്ത് നിന്ന് കൊണ്ട് വരികയും ചെയ്യുന്ന ബി.ജെ.പി നേതാക്കളുടെ നടപടി അപമാനമാണെന്നും പ്രകടനം മാത്രമാണെന്നും ബി.ജെ.പി എം.പി സാധ്‌വി സാവിത്രി ഭായ് ഫൂലെ.

“മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഭക്ഷണവും പാത്രങ്ങളും പുറത്ത് നിന്ന് കൊണ്ടു വരികയാണ്. ഇത് ദളിതരെ കളിയാക്കലും അപമാനിക്കലുമാണ്. അംബേദ്ക്കര്‍ പ്രതിമകള്‍ തകര്‍ത്ത പ്രതികളെ പോലും ശിക്ഷിച്ചിട്ടില്ല. അതുകൊണ്ട് പ്രൊപഗണ്ട കൊണ്ട് മാത്രം എന്തെങ്കിലും രാഷ്ട്രീയ ലക്ഷ്യം നടപ്പിലാവില്ല” സാധ്‌വി സാവിത്രി ഭായ് ഫൂലെ പറഞ്ഞു.

തെരഞ്ഞെടുപ്പ് തന്ത്രമെന്ന നിലയില്‍ ദളിത് ജനസംഖ്യ 50 ശതമാനത്തിന് മുകളിലുള്ള തെരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളില്‍ പോയി പാര്‍ക്കണമെന്ന് മോദി എം.പിമാരോടും എം.എല്‍.എമാരോടും ആവശ്യപ്പെട്ടിരുന്നു.

Read more: ഉദ്യോഗസ്ഥയെ വെടിവെച്ചു കൊന്നത് കൈക്കൂലി വാങ്ങാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണെന്ന് ഹിമാചലിലെ ഹോട്ടല്‍ മുതലാളി

ദളിത് വീടുകളില്‍ സന്ദര്‍ശനം നടത്തുന്നതിനോടൊപ്പം ജാതീയമായ പ്രസ്താവനകളും ബി.ജെ.പി നേതാക്കള്‍ നടത്തിയിരുന്നു.

വീട്ടില്‍ പോയി ഭക്ഷണം കഴിച്ച് ദളിതരെ ശുദ്ധീകരിക്കാനും ധര്‍മ്മശീലരാക്കാനും തങ്ങളാരും ശ്രീരാമനല്ലെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി പറഞ്ഞിരുന്നു. ദളിതര്‍ തങ്ങളുടെ വീട്ടില്‍ വന്ന് കഴിച്ചാല്‍ മാത്രമേ തങ്ങള്‍ ധര്‍മ്മശീലരാകുകയുള്ളൂവെന്നും ഉമാഭാരതി പറഞ്ഞിരുന്നു.

ബി.ജെ.പി നേതാക്കള്‍ ദളിതരുടെ വീട്ടില്‍ പോവുന്നത് ശബരിയെ ശ്രീരാമന്‍ അനുഗ്രഹിച്ചത് പോലെയാണെന്ന് യു.പി മന്ത്രിയായ രാജേന്ദ്ര പ്രതാപ് സിങ്ങും പറഞ്ഞിരുന്നു.