| Friday, 8th December 2023, 3:51 pm

മിസൈല്‍ ആക്രമണത്തില്‍ ബെയ്‌റൂട്ടിനെ ഗസയാക്കി മാറ്റുമെന്ന് ഹിസ്ബുള്ളക്ക് മുന്നറിയിപ്പ് നല്‍കി നെതന്യാഹു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ഇസ്രഈല്‍ – ഫലസ്തീന്‍ സംഘര്‍ഷത്തില്‍ പൂര്‍ണമായി ഇടപെടാനാണ് ഹിസ്ബുള്ള ശ്രമിക്കുന്നതെങ്കില്‍ ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിനെ ഗസയാക്കി മാറ്റുമെന്ന് മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ലെബനനില്‍ നിന്നുള്ള ഗൈഡഡ് മിസൈല്‍ ആക്രമണത്തില്‍ ഇസ്രഈലി സിവിലിയന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് നെതന്യാഹുവിന്റെ പ്രതികരണം.

ഹിസ്ബുള്ള ഒരു സമ്പൂര്‍ണ യുദ്ധം ആരംഭിക്കാന്‍ തുടങ്ങിയാല്‍, ബെയ്‌റൂട്ടും തെക്കന്‍ ലെബനനും ഗസയില്‍ നിന്ന് വളരെ അകലെയല്ലെന്ന് ഇസ്രഈല്‍ അതിര്‍ത്തിക്കടുത്തുള്ള സൈനികരെ സന്ദര്‍ശിച്ചുകൊണ്ട് നെതന്യാഹു പറഞ്ഞു.

വടക്കന്‍ ഇസ്രഈലില്‍ ലെബനനിലെ ഷിയ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ ടാങ്ക് വിരുദ്ധ ആക്രമണം നടത്തിയതായി ഇസ്രഈല്‍ സൈന്യം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് തങ്ങളുടെ ജെറ്റുകള്‍ ഹിസ്ബുള്ള കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററില്‍ ആക്രമണം നടത്തിയതായി ഇസ്രഈല്‍ സൈന്യം അറിയിച്ചു.

കൂടാതെ ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസിനെ പിന്തുണയ്ക്കുന്ന ഹിസ്ബുള്ള നടത്തിയ 11 ആക്രമണങ്ങളിലൊന്ന് ലെബനന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രാമമായ മട്ടാട്ടിലെ നിവാസികളെ ലക്ഷ്യംവെച്ചുള്ളതായിരുന്നെന്നും ഇസ്രഈല്‍ സൈന്യം വ്യക്തമാക്കി.

ഗൈഡഡ് മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടയാള്‍ ഒരു കര്‍ഷകനാണെന്നും അദ്ദേഹത്തിന് 60 വയസുണ്ടെന്നും രാജ്യത്തെ ആംബുലന്‍സ് സര്‍വീസ് പറഞ്ഞതായി ഇസ്രഈല്‍ പബ്ലിക് ബ്രോഡ്കാസ്റ്ററായ കാന്‍ പറഞ്ഞു.

അതേസമയം ഗസയിലെ ഫലസ്തീനികള്‍ക്ക് പിന്തുണ നല്‍കികൊണ്ടാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്ന് ഹിസ്ബുള്ള പറഞ്ഞു. നിലവിലെ കണക്കുകള്‍ പ്രകാരം ഗസയില്‍ 17,100ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് വ്യക്തമാവുന്നത്.

content highlights: Netanyahu warns Hezbollah that missile attack will turn Beirut into Gaza

We use cookies to give you the best possible experience. Learn more