'ഞങ്ങള്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത ഒരിടവുമില്ല'; ഇറാന് മുന്നറിയിപ്പുമായി നെതന്യാഹു
World News
'ഞങ്ങള്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത ഒരിടവുമില്ല'; ഇറാന് മുന്നറിയിപ്പുമായി നെതന്യാഹു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th September 2024, 8:43 am

ടെല്‍ അവീവ്: ഹിസ്ബുല്ല നേതാവ് അസന്‍ നസറുല്ലയെ വധിച്ചതിന് പിന്നാലെ ഇറാനും മുന്നറിയിപ്പ് നല്‍കി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തങ്ങള്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത ഒരിടവും ഇറാനിലില്ലെന്ന് നെതന്യാഹു പറഞ്ഞു. സൂക്ഷിച്ച് കളിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് നെതന്യാഹു ഇറാന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇസ്രഈലിന്റെ വടക്കന്‍ അതിര്‍ത്തികളില്‍ യുദ്ധത്തിനുള്ള സജ്ജീകരണങ്ങള്‍ ഐ.ഡി.എഫ് വര്‍ധിപ്പിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടാങ്കര്‍, ആയുധങ്ങള്‍ എന്നിവയുടെ എണ്ണം അതിര്‍ത്തികളിൽ വർധിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

സൂക്ഷിച്ച് കളിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് നെതന്യാഹു ഇറാന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നസറുല്ലയെ വധിക്കാന്‍ കഴിഞ്ഞത് ചരിത്രപരമായ നീക്കമാണെന്നും നെതന്യാഹു പറഞ്ഞു. നസറുല്ല ഇറാന്‍ നടത്തിയ തിന്മകളെ നിയന്ത്രിക്കുന്ന അച്ചുതണ്ടിന്റെ എഞ്ചിനാണെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

ഇസ്രഈലിന്റെ ആക്രമിക്കുന്നവരെ തങ്ങള്‍ ആഞ്ഞടിക്കുമെന്നും നെതന്യാഹു പറഞ്ഞു. ഐ.ഡി.എഫ്, എയര്‍ഫോഴ്‌സ്, ഐ.ഡി.എഫ് ഇന്റലിജന്‍സ്, മൊസാദ്, ഐ.എസ്.എ എന്നീ പ്രതിരോധ സംഘടനകള്‍ക്ക് നെതന്യാഹ്യു നന്ദിയറിയിക്കുകയും ചെയ്തു.

1982ല്‍ ലെബനന്‍ അതിര്‍ത്തികളിലേക്ക് ഇസ്രഈല്‍ സൈന്യം കടന്നുകയറിയതിന് പിന്നാലെയാണ് ഹിസ്ബുല്ല എന്ന പ്രതിരോധ സംഘടന രൂപീകരിക്കുന്നത്. ഹിസ്ബുല്ലയ്ക്ക് എല്ലാ വിധത്തിലുമുള്ള സാമ്പത്തികം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കിയിരുന്നത് ഇറാനാണ്. നിലവില്‍ ഇസ്രഈല്‍ ലെബനനില്‍ നടത്തുന്ന ആക്രമണങ്ങളും നസറുല്ലയുടെ മരണവും ഇറാനും തിരിച്ചടിയായിരിക്കുകയാണ്.

ഗസയിലെ ഫലസ്തീനികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഇറാന്‍ സൈന്യം, ഹിസ്ബുല്ല, അന്‍സാറുല്ല, ഹൂത്തി തുടങ്ങിയ സൈനിക-സായുധ സേനകള്‍ ഇസ്രഈലിനെ പ്രതിരോധിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് നെതന്യാഹു ഇറാനെ ലക്ഷ്യമിടുന്നത്.

ഇതിനുപുറമെ കരയുദ്ധമുണ്ടായാല്‍ രാജ്യത്തെ കൂടുതല്‍ നിഴല്‍ സംഘടനകള്‍ ലെബനന് വേണ്ടി ഇസ്രഈലിനെതിരെ പ്രവര്‍ത്തിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരിച്ചടി ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് രാജ്യത്തെ സുരക്ഷാ സംവിധാനങ്ങള്‍ ഇസ്രഈല്‍ വര്‍ധിപ്പിച്ചതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.

വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല നേതാവ് നസറുല്ലയെ വധിച്ചതായി ഇസ്രഈലി സൈന്യം വാദമുയര്‍ത്തിയിരുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗികമായ റിപ്പോര്‍ട്ടുകളൊന്നും ആദ്യഘട്ടത്തില്‍ പുറത്തുവന്നിരുന്നില്ല. എന്നാല്‍ ശനിയാഴ്ച വൈകുന്നേരത്തോടെ നസറുല്ല കൊല്ലപ്പെട്ടതായി ഹിസ്ബുല്ല ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു.

ഹിസ്ബുല്ല പുറത്തിറക്കിയ പ്രസ്താവനയിലാണ് ശനിയാഴ്‌ച നടന്ന വ്യോമാക്രമണത്തില്‍ നേതാവ് കൊല്ലപ്പെട്ടതായി അറിയിച്ചത്. എന്നാല്‍ ഫലസ്തീന് വേണ്ടിയും ലെബനനിലെ ജനങ്ങളുടെ പ്രതിരോധത്തിനുമായി നടത്തുന്ന പോരാട്ടം തുടരുമെന്നും പ്രസ്താവനയില്‍ ഹിസ്ബുല്ല അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നസ്‌റുല്ലയുടെ മരണവാര്‍ത്ത അറിയിച്ചതിന് പിന്നാലെ ഹിസ്ബുല്ലയുടെ അല്‍-മനാര്‍ ടി.വിയിലൂടെ ഖുർആൻ വാക്യങ്ങള്‍ സംപ്രേക്ഷണം ചെയ്യാന്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Content Highllight: Netanyahu warned Iran