വ്യോമാക്രമണ ഭീഷണി: മന്ത്രിസഭാ യോഗത്തിന് പിന്നാലെ മകന്റെ വിവാഹവും മാറ്റിവെച്ച് നെതന്യാഹു
World News
വ്യോമാക്രമണ ഭീഷണി: മന്ത്രിസഭാ യോഗത്തിന് പിന്നാലെ മകന്റെ വിവാഹവും മാറ്റിവെച്ച് നെതന്യാഹു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th October 2024, 2:36 pm

ടെല്‍ അവീവ്: വ്യോമാക്രമണ ഭീഷണിയെത്തുടര്‍ന്ന് മകന്‍ അവ്‌നേറിന്റെ വിവാഹം മാറ്റിവെച്ച് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാന്റെയും ഇറാന്റെ പ്രോക്‌സി ഗ്രൂപ്പുകളില്‍ നിന്നുമുള്ള ആക്രമണസാധ്യതയും പരിഗണിച്ചാണ് നെതന്യാഹു ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടതെന്നാണ് ടൈംസ് ഓഫ് ഇസ്രഈല്‍ റിപ്പോര്‍ട്ട് ചെയ്തത്.

മകന്റെ വിവാഹം നവംബര്‍ 26ന് ടെല്‍ അവീവിന്റെ വടക്കുള്ള ഷാരോണ്‍ മേഖലയിലെ റോണിറ്റ് ഫാമില്‍ വെച്ച് നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഈ ദിവസം വിവാഹം നടത്തിയാല്‍ അത് പരിപാടിയില്‍ പങ്കെടുക്കുന്ന അതിഥികളുടെ ജീവനുള്‍പ്പെടെ ഭീഷണിയാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം മാറ്റിയത്.

എന്നാല്‍ ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഔദ്യോഗിക സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല.

ഒക്ടോബര്‍ 19ന് തെക്കന്‍ ഹൈഫയിലെ സിസേറിയയിലെ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് സമീപവും പൊട്ടിത്തെറിയുണ്ടായിരുന്നു. ലെബനനില്‍ നിന്ന് വിക്ഷേപിച്ച ഡ്രോണ്‍ വഴി ഹിസ്ബുല്ലയാണ് ആക്രമണം നടത്തിയത്. എന്നാല്‍ ആക്രമണം നടക്കുന്ന സമയത്ത് നെതന്യാഹുവും ഭാര്യയും വീട്ടില്‍ ഉണ്ടായിരുന്നില്ല.

ഇറാന്റെയും ഹിസ്ബുല്ലയുടേയും ആക്രമണങ്ങള്‍ ഭയന്ന് കഴിഞ്ഞ ദിവസം ഇസ്രഈല്‍ മന്ത്രിസഭ യോഗം രഹസ്യഭൂഗര്‍ഭ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇനി മുതല്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ വെച്ചോ ഐ.ഡി.എഫിന്റെ ആസ്ഥാനത്ത് വെച്ചോ മീറ്റിങ്ങുകള്‍ ചേരില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇസ്രഈലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണങ്ങളും നെതന്യാഹുവിന്റെ വസതിക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണവുമാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ ഇസ്രഈല്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് ടൈംസ് ഓഫ് ഇസ്രഈല്‍ റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം ഗസയില്‍ ഇസ്രഈല്‍ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 43,000 കടന്നതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രഈലിന്റെ ആക്രമണത്തില്‍ 92,401 പേര്‍ക്ക് പരിക്കേല്‍ക്കുകയും ജനസംഖ്യയുടെ 85 ശതമാനത്തിലധികം ആളുകള്‍ക്ക് അവരുടെ വീടുകളില്‍ നിന്ന് താമസം മാറേണ്ട അവസ്ഥ വരികയും ചെയ്തതായും ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട ചെയ്തിരുന്നു.

Content Highlight: Netanyahu wants to postpone son’s wedding due to attack threat