ഗസ: ഗസയില്‍ ഇസ്രഈല്‍ സൈന്യത്തിന്റെ കൂട്ടക്കുരുതി തുടരുന്നതിനിടെ സന്ദര്‍ശനം നടത്തി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. സന്ദര്‍ശനത്തിന് ശേഷം എക്‌സില്‍ പങ്കുവെച്ച വീഡിയോയില്‍ യുദ്ധം അവസാനിച്ചാല്‍ പോലും ഗസയില്‍ ഭരണം നടത്താന്‍ ഹമാസിനെ അനുവദിക്കില്ലെന്ന് നെതന്യാഹു അവകാശപ്പെട്ടു.
വെടിനിര്‍ത്തല്‍ കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നിരാകരിച്ച അദ്ദേഹം ബന്ദികളെ തിരികെ കൊണ്ടുവരുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന ഇസ്രഈലിന്റെ നിലപാട് ആവര്‍ത്തിക്കുകയും ചെയ്തു.
ഒരു ബന്ദിയെ തിരികെ കൊണ്ടുവരുന്ന ആള്‍ക്ക് അഞ്ച് മില്യണ്‍ ഡോളര്‍ പാരിതോഷികം നല്‍കുമെന്നാണ് നെതന്യാഹു പറഞ്ഞത്. പാരിതോഷികത്തിന് പുറമെ ബന്ദിമോചനത്തിന് സഹായിക്കുന്ന ഫല്‌സതീനികള്‍ക്ക് ഗസയില്‍ നിന്ന് രക്ഷപ്പെടാനുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്‍കുമെന്നും പ്രഖ്യാപിക്കുകയുണ്ടായി.
ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെല്‍മെറ്റും ധരിച്ച് സൈന്യത്തിന്റെ അകമ്പടിയോട് കൂടിയാണ് നെതന്യാഹു ഗസയില്‍ സന്ദര്‍ശനം നടത്തിയത്. കരയിലെ സൈനിക നീക്കത്തിന്റെ പുരോഗതി നിരീക്ഷിക്കുന്നതിനായാണ് നെതന്യാഹു ഗസയില്‍ എത്തിയതെന്നാണ് സൂചന. അതീവ രഹസ്യമായി നടന്ന സന്ദര്‍ശനത്തിന്റെ വീഡിയോ നെതന്യാഹു തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
പുറത്തു വന്ന വീഡിയോയില്‍ ഹമാസിനെതിരെ രൂക്ഷ വിമര്‍ശനമാണ് നെതന്യാഹു ഉയര്‍ത്തുന്നത്. ഹമാസ് ഇനിയൊരിക്കലും ഗസയില്‍ ഭരണം നടത്താത്തവിധം അവരുടെ ആയുധശേഷി ഇസ്രഈല്‍ സൈന്യം നശിപ്പിച്ചെന്നും ഇനി ഹമാസ് ഗസയില്‍ അധികാരത്തില്‍ എത്തില്ലെന്ന കാര്യം സൈന്യം ഉറപ്പാക്കിയെന്നും നെതന്യാഹു വീഡിയോയിലൂടെ പ്രതികരിച്ചു.
Content Highlight: Netanyahu visits Gaza says Hamas Hamas will not be allowed to rule Gaza even if the war ends