World News
അവര്‍ക്ക് ധാരാളം ഭൂമിയുണ്ട്, ഫലസ്തീനികള്‍ സൗദിയില്‍ ഒരു രാഷ്ട്രം രൂപീകരിക്കണം: നെതന്യാഹു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 07, 04:39 pm
Friday, 7th February 2025, 10:09 pm

ടെല്‍ അവീവ്: ഫലസ്തീന്‍ ജനതയോട് സൗദി അറേബ്യയില്‍ ഒരു രാഷ്ട്രം രൂപീകരിക്കണമെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഫലസ്തീനികള്‍ക്കായി ഒരു രാഷ്ട്രം സൃഷ്ടിക്കാന്‍ സൗദികള്‍ക്ക് കഴിയുമെന്നും നെതന്യാഹു പറഞ്ഞു. ഇസ്രഈലിന്റെ ചാനല്‍ 14നോട് സംസാരിക്കുന്നതിനിടെയാണ് നെതന്യാഹുവിന്റെ നിര്‍ദേശം.

സൗദിയില്‍ ധാരാളം ഭൂമിയുണ്ടെന്നും നെതന്യാഹു അഭിമുഖത്തില്‍ പറഞ്ഞു. ഹമാസിന്റെ നേതൃത്വത്തിലുള്ള ഒരു ഫലസ്തീന്‍ രാഷ്ട്രമുണ്ടായിരുന്നു. ഗസ എന്ന ഫലസ്തീന്‍ രാഷ്ട്രം. എന്നിട്ട് നമുക്ക് എന്താണ് കിട്ടിയതെന്നും നെതന്യാഹു ചോദിച്ചു.

ഇസ്രഈലിനും സൗദിക്കുമിടയില്‍ സമാധാനം ഉണ്ടാകുമെന്നാണ് തന്റെ വിശ്വാസമെന്നും അത് സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നെതന്യാഹു പ്രതികരിച്ചു.

ഗസ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ഫലസ്തീനികളെ മേഖലയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശ്രമം നടത്തുന്നതിനിടെയാണ് നെതന്യാഹുവിന്റെ പരാമര്‍ശം.

ഗസ ഒഴിപ്പിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ പിന്തുണക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരും തന്നെ ഇതുവരെ ട്രംപിന്റെ നിലപാടിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. ട്രംപിന്റെ നിലപാടിനെതിരെ യു.എസില്‍ അടക്കം ശക്തമായ പ്രതിഷേധങ്ങളും നടക്കുന്നുണ്ട്.

ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാന്‍ മുന്‍കൈയെടുത്താല്‍ മാത്രമേ രാജ്യങ്ങള്‍ തമ്മിലുള്ള ഔദ്യോഗിക ബന്ധം പുനഃസ്ഥാപിക്കാന്‍ കഴിയുകയുള്ളുവെന്ന് സൗദി നേരത്തെ ഇസ്രഈലിനെ അറിയിച്ചിരുന്നു.

എന്നാല്‍ ഫലസ്തീന്‍ രാഷ്ട്ര രൂപീകരണം സംബന്ധിച്ച നെതന്യാഹുവിന്റെ പ്രതികരണത്തിന് തൊട്ടുപിന്നാലെ സൗദി തങ്ങളുടെ നിലപാട് വ്യക്തമാക്കി.

ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുക എന്ന സൗദിയുടെ നിലപാട് അചഞ്ചലമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കിഴക്കന്‍ ജെറുസലേം തലസ്ഥാനമായുള്ള ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാനുള്ള ശ്രമം സ്വാദി തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരത്തിനുമായി ആഗോള സഖ്യമുണ്ടാക്കുമെന്ന് സൗദി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അറബ് രാജ്യങ്ങളുടെയും യൂറോപ്യന്‍ സഖ്യകക്ഷികളുടെയും സഹകരണത്തോടെയായിരിക്കും സഖ്യം രൂപീകരിക്കുകയെന്നും സൗദി അറിയിച്ചിരുന്നു. സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്റേതായിരുന്നു പ്രഖ്യാപനം.

Content Highlight: Netanyahu suggests Palestinians can have a state in Saudi Arabia