| Friday, 10th November 2023, 8:34 pm

'ഫലസ്തീനികൾ അഭിനയിക്കുകയാണ്, ഇത് പാലിവുഡ്'; ഇസ്രഈലി വക്താവ് പങ്കുവെച്ചത് ഷോർട്ട് ഫിലിം ദൃശ്യങ്ങളെന്ന് എക്സ് കണ്ടെത്തൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെൽ അവീവ്: അന്താരാഷ്ട്ര മാധ്യമങ്ങളെ കബളിപ്പിക്കുവാൻ ഫലസ്തീനികൾ പരിക്കുപറ്റിയതായി അഭിനയിക്കുകയാണെന്ന ഇസ്രഈലി നയതന്ത്രജ്ഞനും നെതന്യാഹുവിന്റെ വക്താവുമായ ഒഫിർ ജെന്റൽമാന്റെ സമൂഹ മാധ്യമ പോസ്റ്റ്‌ പൊളിച്ചടുക്കി എക്സ് പ്ലാറ്റ്ഫോം.

ഗസയിലെ ഇസ്രഈലി ആക്രമണങ്ങളിൽ പരിക്ക് പറ്റിയ ഫലസ്തീനികൾ അഭിനയിക്കുകയാണെന്നതിന് തെളിവായി ഒഫിർ പോസ്റ്റ്‌ ചെയ്തത് ഒരു ലെബനീസ് ഷോർട്ട് ഫിലിമിന്റെ ബിഹൈന്റ് ദി സീൻ (ഷൂട്ടിങ്ങിന്റെ പിന്നാമ്പുറ ദൃശ്യങ്ങൾ) ദൃശ്യങ്ങളായിരുന്നു.

ഒഫിർ പോസ്റ്റ്‌ ചെയ്ത വീഡിയോയിൽ ചോരയിൽ കുതിർന്ന ഒരു പെൺകുട്ടിയെ സഹായിക്കാൻ അടിയന്തിര സഹായ വൊളന്റിയർമാർ ഓടി വരുന്ന ദൃശ്യങ്ങളാണ് ഉള്ളത്.

‘ഫലസ്തീനികൾ അന്താരാഷ്ട്ര മാധ്യമങ്ങളെയും പൊതു അഭിപ്രായത്തെയും കബളിപ്പിക്കുകയാണ്. അതിൽ വീഴരുത്. എങ്ങനെയാണ് അവർ ക്യാമറക്ക് മുമ്പിൽ പരിക്ക് പറ്റിയതായി അഭിനയിക്കുന്നത് എന്ന് നിങ്ങൾ തന്നെ നോക്കൂ “പാലിവുഡ്” വീണ്ടും തകർന്നടിഞ്ഞു,’ എക്‌സിൽ പോസ്റ്റ്‌ ചെയ്ത വീഡിയോക്കൊപ്പം അദ്ദേഹം കുറിച്ചു.

വീഡിയോയുടെ ആധികാരികത പരിശോധിക്കുന്ന കമ്മ്യൂണിറ്റി നോട്ട് എക്‌സിൽ പ്രത്യക്ഷപ്പെട്ടെങ്കിലും വ്യാജ വീഡിയോ ഇപ്പോഴും പ്രചരിക്കുന്നുണ്ട്.

‘ഗസയിലെ ജനങ്ങളെ പിന്തുണക്കാൻ ലെബനീസ് നടന്മാർ ചിത്രീകരിച്ച ദി റിയാലിറ്റി എന്ന ഹ്രസ്വ ചിത്രത്തിന്റെ പിന്നാമ്പുറ ദൃശ്യങ്ങളാണ് ഈ വീഡിയോ,’ 18 മില്യൺ പ്രാവശ്യം ആളുകൾ കണ്ട പോസ്റ്റിനൊപ്പമുള്ള കമ്മ്യൂണിറ്റി നോട്ടിൽ പറയുന്നു.

ഫലസ്തീനികളെ കുറിച്ച് തെറ്റായ വാദങ്ങൾ ഉന്നയിക്കാൻ വീഡിയോ ദുരുപയോഗം ചെയ്യുന്നതിനെതിരെ ചിത്രത്തിന്റെ സംവിധായകൻ മഹ്മൂദ് റംസിയും ചിത്രത്തിൽ അഭിനയിച്ച ബാലതാരം റാമി ജർദാലിയും ഇൻസ്റ്റഗ്രാമിൽ രംഗത്ത് വന്നിരുന്നു.

അതേസമയം വീഡിയോ സത്യമാണെന്ന തരത്തിൽ ഫലസ്തീനി അക്കൗണ്ടുകൾ പ്രസിദ്ധീകരിച്ചതിനാലാണ് താൻ അത് പോസ്റ്റ്‌ ചെയ്തതെന്ന വാദവുമായി ഒഫിർ വീണ്ടും രംഗത്ത് വന്നിരുന്നു.

ആദ്യമായല്ല ഒഫിർ ഇത്തരം വ്യാജ വീഡിയോ പോസ്റ്റ്‌ ചെയ്യുന്നത്. ഇസ്രഈലി സൈന്യത്തിന്റെ നായകൾ ഗസയിലെ തുരങ്കങ്ങളിൽ നിന്ന് ഹമാസിനെ പിന്തുടരുന്നു എന്ന് പറഞ്ഞ് കഴിഞ്ഞ ആഴ്ച മറ്റൊരു വീഡിയോ പോസ്റ്റ്‌ ചെയ്തിരുന്നു. 80 ലക്ഷം ആളുകൾ കണ്ട ഈ വിഡിയോയും വ്യാജമാണെന്ന് കാണിച്ച് എക്‌സിൽ കമ്മ്യൂണിറ്റി നോട്ട് പ്രത്യക്ഷപ്പെട്ടിരുന്നു.

ഇസ്രഈലി സേനയുടെ പരിശീലനത്തിൽ നിന്നുള്ള ദൃശ്യമാണ് അതെന്ന് ഇസ്രഈലി സൈനിക കറസ്‌പോണ്ടെന്റ് യോവ സിതുൻ അറിയിച്ചിരുന്നു.

Content Highlight: Netanyahu spokesman’s ‘Pallywood’ claim quickly debunked

We use cookies to give you the best possible experience. Learn more