മക്രോണിന്റെ പ്രസ്താവന ഗുരുതരമായ തെറ്റ്; വെടിനിർത്തൽ സമ്മർദങ്ങൾക്ക് പാശ്ചാത്യ രാജ്യങ്ങൾ വഴങ്ങരുത്: നെതന്യാഹു
World News
മക്രോണിന്റെ പ്രസ്താവന ഗുരുതരമായ തെറ്റ്; വെടിനിർത്തൽ സമ്മർദങ്ങൾക്ക് പാശ്ചാത്യ രാജ്യങ്ങൾ വഴങ്ങരുത്: നെതന്യാഹു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th November 2023, 7:51 am

തെൽ അവീവ്: ഐ.ഡി.എഫിനോട് ഗസയിലെ ബോംബാക്രമണം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട ഫ്രഞ്ച് പ്രസിഡന്റ്‌ ഇമ്മാനുവൽ മക്രോൺ തെറ്റ് ചെയ്തിരിക്കുന്നുവെന്ന് ഇസ്രഈലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

ഗസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുകൊണ്ടുള്ള സമ്മർദങ്ങൾക്ക് വഴങ്ങരുത് എന്നും അദ്ദേഹം പാശ്ചാത്യ നേതാക്കളോട് ആവശ്യപ്പെട്ടു.

യഥാർത്ഥത്തിൽ സിവിലിയന്മാരെ വേദനിപ്പിക്കുന്നത് ഇല്ലാതാക്കാനുള്ളതെല്ലാം ഇസ്രഈൽ ചെയ്യുന്നുണ്ടെന്നും എന്നാൽ തങ്ങളുടെ പൗരന്മാരെ കൊല്ലാനുള്ള ലൈസൻസ് ഹമാസിന് നൽകാൻ തയ്യാറല്ലെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

സിവിലിയന്മാർക്ക് നേരെ ബോംബ് എറിയുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്നും ഇസ്രഈൽ അത് അവസാനിപ്പിക്കണമെന്നും മക്രോൺ ബി.ബി.സിയോട് പറഞ്ഞിരുന്നു. ഇസ്രഈലിന് നേരെയുള്ള ഹമാസ് ആക്രമണത്തെ അപലപിക്കുമ്പോഴും ഗസയിലെ ജനങ്ങളെ സംരക്ഷിക്കാനുള്ള ഏക മാർഗം വെടിനിർത്തൽ ആണെന്നും മക്രോൺ പറഞ്ഞിരുന്നു.

ഗസയിൽ വലിയ തോതിൽ ബോംബാക്രമണം നടത്തുന്നതല്ല സ്വയം പ്രതിരോധിക്കാൻ ഇസ്രഈലിന് മുന്നിലുള്ള മികച്ച മാർഗമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിനെ വിമർശിച്ചുകൊണ്ടായിരുന്നു നെതന്യാഹുവിന്റെ വിമർശനം.

‘വസ്തുതാപരമായും ധാർമികമായും അദ്ദേഹത്തിന് ഗുരുതരമായ തെറ്റ് പറ്റിയിരിക്കുന്നു. ഗസയിലെ ജനങ്ങളെ ഒഴിപ്പിക്കുന്നതിന് തടസം നിൽക്കുന്നത് ഹമാസാണ്, ഇസ്രഈലല്ല,’ നെതന്യാഹു പറഞ്ഞു.

വടക്കൻ ഗസയിലെ ജനങ്ങളെ ഒഴിപ്പിക്കാൻ വേണ്ടി സുരക്ഷിതമാക്കിയ ഇടനാഴിയിൽ ഹമാസ് വെടിയുതിർക്കുകയാണെന്നും ഗസയിലെ ജനങ്ങളെ മനുഷ്യകവചമാക്കുകയാണെന്നും നെതന്യാഹു ആരോപിച്ചു.

മക്രോണിന്റെ പ്രസ്താവന പുറത്തുവന്ന ദിവസം തന്നെ ഇസ്രഈലി ആക്രമണത്തിൽ ഒരുപാട് ഫലസ്തീനികൾ കൊല്ലപ്പെട്ടിരിക്കുന്നു എന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പറഞ്ഞിരുന്നു. താത്കാലികമായി ആക്രമണങ്ങൾ നിർത്തിവെക്കാൻ ഇസ്രഈലിനെ പറഞ്ഞുസമ്മതിപ്പിക്കാൻ ശ്രമിക്കുന്നതായും ബ്ലിങ്കൻ പറഞ്ഞിരുന്നു.

ഇസ്രഈലി ആക്രമണത്തിൽ ഇതിനകം 11,000ലധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതിൽ ബഹുഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണ്.

Content Highlight: Netanyahu slammed French president for accusing him of bombing civilians in Gaza