| Monday, 24th June 2024, 11:33 am

റഫയിലെ യുദ്ധം അവസാനഘട്ടത്തിലെന്ന് നെതന്യാഹു, വൈകാതെ വടക്കോട്ട് നീങ്ങും; ഹിസ്ബുള്ളക്കെതിരെ തുറന്ന യുദ്ധപ്രഖ്യാപനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജറുസലേം: ഹമാസിനെതിരെ ഇസ്രഈല്‍ നടത്തുന്ന യുദ്ധം അവസാന ഘട്ടത്തിലേക്ക് അടുക്കാറായെന്ന സൂചന നല്‍കി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഒപ്പം ഹിസ്ബുള്ളക്കെതിരെ ഇസ്രഈല്‍ യുദ്ധമുഖം തുറക്കുകയാണെന്ന സൂചനയും നെതന്യാഹു നല്‍കി.

‘റഫയിലെ യുദ്ധത്തിന്റെ തീവ്രമായ ഘട്ടം അവസാനിക്കാന്‍ പോകുകയാണ്. ഞങ്ങള്‍ അതിന്റെ തൊട്ടടുത്താണ്,’ എന്നായിരുന്നു നെതന്യാഹു പറഞ്ഞത്. ഇസ്രഈലി ചാനലായ 14 ടി.വി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നെതന്യാഹു.

എന്നാല്‍ ഗസ മുനമ്പില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം അവസാനിക്കുമെന്നതിന് ഈ പറഞ്ഞതിന് അര്‍ത്ഥമില്ലെന്നും നെതന്യാഹു പറഞ്ഞു.

റഫയിലെ യുദ്ധം ഈ മാസം കൊണ്ട് അവസാനിക്കും എന്നാണോ കരുതേണ്ടത് എന്ന ചോദ്യത്തിന് അത് വൈകാതെ ഉണ്ടാകുമെന്നായിരുന്നു നെതന്യാഹുവിന്റെ മറുപടി.

ഗസയിലെ ‘തീവ്രമായ ഘട്ടം’ അവസാനിച്ചതിന് ശേഷം, ‘ഞങ്ങള്‍ വടക്കോട്ട് നീങ്ങും,’ എന്നായിരുന്നു ലെബനന്‍ സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയ്ക്കെതിരെ സമ്പൂര്‍ണ്ണ യുദ്ധം ആരംഭിക്കുമെന്ന സൂചനകള്‍ നല്‍കിക്കൊണ്ട് നെതന്യാഹു പറഞ്ഞത്.

‘ ഞങ്ങള്‍ക്ക് കഴിയുമെങ്കില്‍ അത് നയതന്ത്ര മാര്‍ഗങ്ങളിലൂടെ ചെയ്യും. അല്ലെങ്കില്‍ അത് മറ്റൊരു വിധത്തില്‍ നേടും,’ നെതന്യാഹു പറഞ്ഞു.

ഗസ മുനമ്പില്‍ നിന്ന് ഹമാസിനെ പൂര്‍ണമായി നീക്കം ചെയ്യുകയെന്ന ലക്ഷ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ഫലസ്തീനില്‍ തടവിലാക്കപ്പെട്ട നൂറോളം ബന്ദികളെ മോചിപ്പിക്കുന്ന തരത്തിലുള്ള കരാറിന് മാത്രമേ ഇസ്രഈല്‍ സമ്മതം അറിയിക്കുകയുള്ളൂവെന്നും നെതന്യാഹു പറഞ്ഞു.

‘ ഒരു കരാര്‍ ഉണ്ടെങ്കില്‍ ഉറപ്പായും അത് ഞങ്ങളുടെ നിബന്ധനകള്‍ക്ക് വിധേയമായിരിക്കും. അതിനര്‍ത്ഥം യുദ്ധം അവസാനിപ്പിക്കുമെന്നോ ഗസയില്‍ നിന്ന് ഞങ്ങള്‍ പിന്മാറുമെന്നോ ഹമാസിനുള്ള സ്വാധീനം അവിടെ അവശേഷിപ്പിക്കുമെന്നോ അല്ല.

ബന്ദികളാക്കപ്പെട്ടവരുടെ കാര്യത്തില്‍ തീര്‍ച്ചയായും തീരുമാനമുണ്ടാകണം. പക്ഷേ ഹമാസിനെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യം പൂര്‍ത്തിയാകുന്നതുവരെ പോരാട്ടം തുടരാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരായിരിക്കും,’ നെതന്യാഹു പറഞ്ഞു.

എന്നാല്‍ നെതന്യാഹുവിന്റെ പരാമര്‍ശനത്തിന് പിന്നാലെ വിമര്‍ശനവുമായി ഇസ്രഈലിലെ ബന്ദികളായവരുടെ ബന്ധുക്കള്‍ തന്നെ രംഗത്തെത്തി. രാജ്യത്തെ പൗരന്മാരോടുള്ള കടമ നെതന്യാഹു ലംഘിച്ചു എന്നായിരുന്നു അവര്‍ പറഞ്ഞത്.

ഇതിന് പിന്നാലെ വിഷയത്തില്‍ വിശദീകരണവുമായി നെതന്യാഹുവിന്റെ ഓഫീസ് ഒരു പ്രസ്താവനയിറക്കി. കരാറിനെ എതിര്‍ക്കുന്നത് ഹമാസാണ്, ഇസ്രഈലല്ല. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആരുമാകട്ടെ ബന്ദികളെ തിരികെ കൊണ്ടുവരാതെ ഇസ്രഈലി സൈന്യം ഗസ വിടില്ല എന്നായിരുന്നു പുതിയ പ്രസ്താവന.

അതേസമയം ലെബനനും ഇസ്രഈലും തമ്മിലുള്ള യുദ്ധ ഭീതി ഉയര്‍ത്തി ഇസ്രഈലിലെ തങ്ങളുടെ ലക്ഷ്യ സ്ഥാനങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോ പങ്കുവെച്ച് ഹിസ്ബുള്ള കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഭീഷണികളും വെല്ലുവിളികളും തുടരുന്നതിനിടെ ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറല്‍ സയ്യിദ് ഹസന്‍ നസ്റല്ലയുടെ വീഡിയോ ആണ് പുറത്തുവന്നത്.

ഇസ്രഈലില്‍ ആക്രമണം നടത്താന്‍ ഹിസ്ബുള്ള ഉദ്ദേശിക്കുന്ന കേന്ദ്രങ്ങള്‍ ഏതൊക്കെയെന്ന് എണ്ണിപ്പറഞ്ഞ് കൊണ്ടുള്ള വീഡിയോ ആണ് പങ്കുവെച്ചത്.

യുദ്ധത്തിലേക്ക് നീങ്ങാനാണ് ഇസ്രഈലിന്റെ ഉദ്ദേശമെങ്കില്‍ എല്ലാ നിയമ നിയന്ത്രണങ്ങളും മറികടന്ന് അതിനെ പ്രതിരോധിക്കുമെന്നാണ് ഹിസ്ബുള്ള നേതാവ് പറഞ്ഞത്. ലെബനനെതിരെ യുദ്ധം ചെയ്താല്‍ ഇസ്രഈല്‍ അതിന് ഖേദിക്കേണ്ടി വരുമെന്നും ഹസന്‍ നസ്റല്ല മുന്നറിയിപ്പ് നല്‍കി.

ഇസ്രഈലിന്റെ നെഗേവ് മരുഭൂമിയിലെ ഡിമോണ ന്യൂക്ലിയര്‍ റിയാക്ടറിലെ റിസര്‍ച്ച് സെന്റര്‍, ടെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഭരണകൂടത്തിന്റെ ഏറ്റവും വലിയ ഔട്ട്പോസ്റ്റുകളിലൊന്നായ നെവാറ്റിം എയര്‍ബേസ് എന്നിവയാണ് ഹിസ്ബുള്ളയുടെ പ്രധാന ലക്ഷ്യ കേന്ദ്രങ്ങളായി വീഡിയോയില്‍ പറയുന്നത്.

ടെല്‍ അവീവിലെ ഹകിര്യ കോംപ്ലക്സും ഭരണകൂടത്തിന്റെ സുരക്ഷാ മന്ത്രാലയവും അതിന്റെ ജനറല്‍ സ്റ്റാഫിന്റെ കേന്ദ്രങ്ങള്‍ ഉള്‍പ്പടെയും ലക്ഷ്യ സ്ഥാനങ്ങളായി പറയുന്നുണ്ട്.

ഇസ്രഈല്‍ സൈന്യവും ലെബനനിലെ ഹിസ്ബുള്ളയും തമ്മിലുള്ള അതിര്‍ത്തിയിലെ ഏറ്റുമുട്ടലുകളും പിരിമുറുക്കം വര്‍ധിക്കുന്നതിനിടെ ആശങ്ക പ്രകടിപ്പിച്ച് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് രംഗത്തെത്തിയിട്ടുണ്ട്. ലെബനനെ മറ്റൊരു ഗസയാക്കരുതെന്നാണ് ഗുട്ടെറസ് പറഞ്ഞത്.

Content Highlight: Netanyahu says intense fighting against Hamas is ending but war to go on

We use cookies to give you the best possible experience. Learn more