ഇസ്രഈലിന് രഹസ്യമായി ആയുധങ്ങള്‍ വാഗ്ദാനം ചെയ്ത് ആന്റണി ബ്ലിങ്കന്‍
World News
ഇസ്രഈലിന് രഹസ്യമായി ആയുധങ്ങള്‍ വാഗ്ദാനം ചെയ്ത് ആന്റണി ബ്ലിങ്കന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th June 2024, 5:28 pm

വാഷിങ്ടണ്‍: രഹസ്യ അജണ്ടകള്‍ തുടര്‍ന്ന് അമേരിക്കയും ഇസ്രഈലും. വേണ്ടത്ര ആയുധങ്ങള്‍ എത്തിക്കാമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രഈലിന് ഉറപ്പുനല്‍കിയതായി റിപ്പോര്‍ട്ട്.

ആയുധ വിതരണത്തിനായി യു.എസ് സ്റ്റേറ്റ് സെക്രട്ടറിയും വൈറ്റ് ഹൗസും രാത്രിയും പകലെന്നുമില്ലാതെ പ്രവർത്തിക്കുകയാണെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

ഫലസ്തീന്‍ സായുധ സംഘടനായ ഹമാസിനെ തകര്‍ക്കുന്നതിന് ആയുധമെത്തിക്കാന്‍ തങ്ങള്‍ യു.എസിനെ സമ്മര്‍ദത്തിലാക്കിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച ഒരു വീഡിയോ നെതന്യാഹു എക്സില്‍ പങ്കുവെച്ചതൊടെയാണ് ഇരു രാജ്യങ്ങളുടെയും രഹസ്യ ധാരണ പുറത്തുവന്നത്.

‘ഞങ്ങള്‍ക്ക് ആയുധങ്ങള്‍ തരൂ, ഞങ്ങള്‍ ജോലി പൂര്‍ത്തിയാക്കും’ എന്ന തലക്കെട്ടോട് കൂടിയാണ് നെതന്യാഹു വീഡിയോ പങ്കുവെച്ചത്. ഈ വാചകം രണ്ടാം ലോകമഹായുദ്ധം നടക്കുമ്പോള്‍ ബ്രിട്ടന്‍ പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ അമേരിക്കയോട് പറഞ്ഞതാണെന്നും നെതന്യാഹു പറയുന്നുണ്ട്.

അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആന്റണി ബ്ലിങ്കനും നെതന്യാഹുവും തമ്മില്‍ ജെറുസലേമില്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ആയുധങ്ങള്‍ വിതരണം ചെയ്യുന്നതിലെ തടസങ്ങളില്‍ ഉടന്‍ പരിഹാരം കാണുക എന്നതായിരുന്നു കൂടിക്കാഴ്ചയുടെ പിന്നിലെ ലക്ഷ്യം. ആയുധ കൈമാറ്റം പുനരാരംഭിക്കുമെന്ന് ഇസ്രഈല്‍ പ്രതിരോധ മന്ത്രി യോവ് ഗാലാന്റിനോട് നെതന്യാഹു പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

റഫാ അതിര്‍ത്തിയില്‍ ആക്രമണത്തിന് ആഹ്വാനം ചെയ്തതോടെ ഇസ്രഈലിന് നല്‍കിവന്നിരുന്ന ആയുധ വിതരണത്തില്‍ നിന്ന് യു.എസ് പിന്മാറിയിരുന്നു.

ഇസ്രഈല്‍ യുദ്ധവിമാനങ്ങള്‍ക്കായി 3500 ബോംബുകളാണ് വൈറ്റ് ഹൗസ് ടെല്‍ അവീവിലേക്ക് നേരത്തെ കയറ്റുമതി ചെയ്തത്. ഇതുപയോഗിച്ച് ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ ആയിരത്തോളം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഹമാസ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

റഫയുടെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് ഇസ്രഈലിന് ആയുധങ്ങള്‍ കൈമാറില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ തുടര്‍ച്ചയായി പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ പ്രസിഡന്റിനെ മറികടന്ന് വൈറ്റ് ഹൗസ് ഇസ്രഈലില്‍ ആയുധങ്ങള്‍ എത്തിച്ചതായി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.

ബോംബുകളുടെ വിതരണം നിര്‍ത്തിയ അതേ മാസത്തില്‍ ഒരു ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന വെടിക്കോപ്പുകളും യുദ്ധവാഹനങ്ങളും യു.എസ് കൈമാറിയതായാണ് റിപ്പോര്‍ട്ട്.

Content Highlight: Netanyahu says Blinken made secret weapons promise to Israel