ടെല്‍ അവീവ്: ഇസ്രഈലിലേക്ക് ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് പിന്നാലെ ഇറാന് മുന്നറിയിപ്പുമായി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
ഇറാന്റെ നൂറുകണക്കിന് മിസൈലുകള്‍ ഇസ്രഈലില്‍ പതിച്ചതായി സ്ഥിരീകരിച്ച നെതന്യന്യാഹു മിസൈലുകളെ പ്രതിരോധിച്ച ഐ.ഡി.എഫിന്റെ എയര്‍ ഡോം സംവിധാനത്തിന്റെ മേന്മയും എടുത്തു പറഞ്ഞു. ക്യാബിനറ്റ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നലെ ഇസ്രഈലിലെ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് തന്റെ പ്രസംഗത്തില്‍ ആരംഭിച്ച നെതന്യാഹു ഭീകരവാദ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാന്‍ തങ്ങളെ സഹായിച്ച യു.എസിന് നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്.
‘ഇസ്രഈലിലെ ജനങ്ങളെ, ആദ്യംതന്നെ ഞാന്‍ ജാഫയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ആളുകളുടെ മരണത്തില്‍ അവരുടെ കുടുംബാഗങ്ങളോട് അനുശോചനം അറിയിക്കുകയാണ്. ആക്രമണത്തില്‍ പരിക്കേറ്റവര്‍ എത്രയും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു.
കഴിഞ്ഞ ദിവസം ടെഹ്‌റാനില്‍ നിന്നുണ്ടായ മിസൈല്‍ ആക്രമണത്തിന് പിന്നിലും ഭീകരവാദത്തിന്റെ കരങ്ങളുണ്ട്. ഇന്ന് വൈകുന്നേരവും നൂറുകണക്കിന് മിസൈലുകളാണ് ഇറാന്‍ ഇസ്രഈല്‍ ലക്ഷ്യമാക്കി വിക്ഷേപിച്ചിരിക്കുന്നത്. എന്നാല്‍ ഈ ആക്രമണം വിജയിച്ചില്ല. ഇസ്രഈലിലെ ഡിഫന്‍സ് ഫോഴ്‌സിന്റെ എയര്‍ ഡോം സംവിധാനം ലോകത്തിലെ തന്നെ ഏറ്റവും മികച്ചതാണ്. ഇന്ന് വൈകുന്നേരം ഇറാന്‍ ചെയ്തത് വലിയ തെറ്റാണ് അതിന് അവര്‍ കനത്ത വില നല്‍കേണ്ടി വരും,’ നെതന്യാഹു പറഞ്ഞു.
അതേസമയം സ്വയം പ്രതിരോധിക്കാനും ശത്രുക്കളില്‍ നിന്ന് അതിന്റെ വില ഈടാക്കാനുമുള്ള ഇസ്രഈലിന്റെ ദൃഢനിശ്ചയം ടെഹ്റാനിലെ ഭരണകൂടത്തിന് മനസിലാക്കുന്നില്ലെന്ന് പറഞ്ഞ നെതന്യാഹു ഹമാസ് നേതാക്കളായ യഹ്യ സിന്‍വറും മുഹമ്മദ് ദെയ്ഫും അന്തരിച്ച ഹിസ്ബുല്ല നേതാക്കളായ ഹസന്‍ നസ്റുല്ലയും മൊഹ്‌സിനും ഇത് മനസിലാക്കിയില്ലെന്നും ടെഹ്റാനും ആ ഗതി തന്നെയാണെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്നലെ ഇസ്രഈലിന് നേരെ ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ അയച്ചേക്കുമെന്ന് യു.എസ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ഇസ്രഈലിലേക്ക് 400ലധികം മിസൈല്‍ അയച്ച് ഇറാന്‍ ആക്രമണം നടത്തിയിരുന്നു. എന്നാല്‍ ആക്രമണത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഹിസ്ബുല്ല, ഹമാസ് നേതാക്കളുടെ മരണത്തില്‍ പ്രതികാരം ചെയ്യാനുള്ള ഇറാന്റെ തയ്യാറെടുപ്പിന്റെ സൂചനയായാണ് ഈ ആക്രമണം വിലയിരുത്തപ്പെടുന്നത്. ലെബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ഓപ്പറേഷനായി ഇസ്രഈല്‍ സൈന്യം ലെബനനിലേക്ക് കടന്നതായി സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് അവരെ ഇറാന്‍ ആക്രമിച്ചത്.
Content Highlight: Netanyahu’s warning for Iran