ലണ്ടന്‍: ഫലസ്തീനികള്‍ സൗദി അറേബ്യയില്‍ രാഷ്ട്രം സ്ഥാപിക്കണമെന്ന ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പരാമര്‍ശത്തെ അപലപിച്ച് ലേബര്‍ പാര്‍ട്ടി എം.പിമാര്‍.
നെതന്യാഹുവിന്റെ നിര്‍ദേശങ്ങള്‍ പ്രാകൃതമാണെന്ന് ബ്രിട്ടീഷ് മുസ്‌ലിങ്ങളുടെ യു.കെയിലെ ഓള്‍ പാര്‍ട്ടി പാര്‍ലെമെന്ററി ഗ്രൂപ്പിന്റെ വൈസ് ചെയര്‍മാനായ ലേബര്‍ എം.പി അഫ്‌സാല്‍ ഖാന്‍ പറഞ്ഞു.
ഫലസ്തീനിലെ ജനങ്ങള്‍ കുടിയിറക്കം ആവശ്യപ്പെടുന്നില്ലെന്നും അവര്‍ക്ക് സ്വതന്ത്രമായ ഒരു ഭൂമി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
നെതന്യാഹുവിന്റെ കിരാതമായ നിര്‍ദേശങ്ങള്‍ ഒരു ജനതയെ നിര്‍ബന്ധിതമായി കുടിയൊഴിപ്പിക്കാനും വംശീയമായി തുടച്ചുനീക്കാനുള്ള പദ്ധതിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ യു.കെയില്‍ അധികാരത്തിലുള്ള ലേബര്‍ പാര്‍ട്ടി ഫലസ്തീനികളെ കുടിയിറക്കാനുള്ള പദ്ധതികളയെല്ലാം എതിര്‍ക്കുമെന്നും അന്താരാഷ്ട്ര നിയമത്തിന്റെ ദുരുപയോഗങ്ങള്‍ക്കെതിരെ തങ്ങള്‍ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീനികള്‍ക്ക് സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിലേക്ക് മടങ്ങി വരാന്‍ അനുവദിക്കാനും സൗദി അറേബ്യയുടെ നിര്‍ദിഷ്ട പദ്ധതികളുമായി സഹകരിക്കാനും നെതന്യാഹുവിനോട് ആവശ്യപ്പെടുന്നതായും ഖാന്‍ പറഞ്ഞു.
നെതന്യാഹുവിന്റെ നിര്‍ദേശത്തെ വിദേശകാര്യ സെക്രട്ടറി ശക്തമായി തന്നെ എതിര്‍ക്കണമെന്നും ഫലസ്തീന്റെ ഭാവി നിര്‍ണയിക്കേണ്ടത് അവിടുത്തെ ജനതയാണെന്നും ബാഹ്യശക്തികളുടെ ആജ്ഞകള്‍ അവര്‍ക്ക് ആവശ്യമില്ലെന്നും ലേബര്‍ പാര്‍ട്ടിയിലെ മറ്റൊരു എം.പി കിം ജോണ്‍സണ്‍ പറഞ്ഞു.
സൗദി അറേബ്യയില്‍ ഒരു ഫലസ്തീന്‍ രാഷ്ട്രം സൗദികള്‍ക്ക് കഴിയുമെന്നും അവര്‍ക്കവിടെ ധാരാളം ഭൂമിയുണ്ടെന്നും നെതന്യാഹു പറഞ്ഞിരുന്നു. ചാനല്‍ 14ന് നല്‍കിയ അഭിമുഖത്തിലായിരുന്നു നെതന്യാഹുവിന്റെ പരാമര്‍ശം.
സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമോയെന്ന് ചോദിച്ചപ്പോള്‍ ഇസ്രഈലിന്റെ സുരക്ഷയ്ക്ക് അത് ഭീഷണിയാവുമെന്നായിരുന്നു നെതന്യാഹുവിന്റെ വാദം. നെതന്യാഹുവിന്റെ വാഷിങ്ടണ്‍ സന്ദര്‍ശനത്തിനിടെയായിരുന്നു അഭിമുഖം നടന്നത്.
സൗദിക്കും ഇസ്രഈലിനുമിടയില്‍ സമാധാനം സാധ്യമാണെന്നും അത് സഭവിക്കുമെന്നാണ് കരുതുന്നതെന്നും നെതന്യാഹു പറഞ്ഞിരുന്നു.
അതേസമയം നെതന്യഹുവിന്റെ പരാമര്‍ശത്തെ സൗദി തള്ളുകയും ചെയ്തിരുന്നു. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നത് വരെ ഇസ്രഈലുമായി ഒരു ബന്ധവും ഉണ്ടാവില്ലെന്നായിരുന്നു സൗദിയുടെ പ്രതികരണം.
Content Highlight: Netanyahu’s remarks that Palestinians should establish a state in Saudi Arabia; Condemned by the UK Labor Party