| Saturday, 30th December 2023, 7:57 am

ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്തിയാൽ പാർലമെന്റിൽ നെതന്യാഹുവിന്റെ പാർട്ടി തകർന്നടിയുമെന്ന് സർവേ ഫലം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെൽ അവീവ്: ഇസ്രഈലിൽ ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്തിയാൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലികുഡ് പാർട്ടിക്ക് പാർലമെന്റിൽ പകുതിയിലധികം എം.പിമാരെയും നഷ്ടപ്പെടുമെന്ന് അഭിപ്രായ സർവേ.

ചാനൽ 13 പുറത്തുവിട്ട സർവേ ഫലങ്ങൾ അനുസരിച്ച് ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്തിയാൽ ലികുഡ് പാർട്ടിക്ക് പാർലമെന്റിൽ 16 സീറ്റുകളിൽ മാത്രമേ വിജയിക്കാൻ സാധിക്കൂ.

120 അംഗങ്ങളുള്ള നെസെറ്റ് എന്നറിയപ്പെടുന്ന പാർലമെന്റിൽ 32 സീറ്റുകളാണ് നെതന്യാഹുവിന്റെ പാർട്ടിക്കുള്ളത്.

മുൻ പ്രതിരോധ മന്ത്രി ബെന്നി ഗാരറ്റ്സിന്റെ സെന്ററിസ്റ്റ്, ലിബറൽ പാർട്ടിയായ നാഷണൽ യൂണിറ്റി പാർട്ടി നിലവിലെ 12ൽ നിന്ന് 38 സീറ്റുകളിലേക്ക് ഉയരുമെന്ന് സർവേ പ്രവചിക്കുന്നു.

യയർ ലാപിഡിന്റെ യേഷ്‌ ആറ്റിഡ് പാർട്ടിക്കും ജനകീയത നഷ്ടപ്പെട്ടുവെന്നും പാർലമെന്റിലെ 24 എം.പിമാരിൽ നിന്ന് 15 എം.പിമാരിലേക്ക് കൂപ്പുക്കുത്തുമെന്നും സർവേ പറയുന്നു.

‘യുദ്ധം ആരംഭിച്ചത് മുതൽ ലികുഡ് പാർട്ടിയുടെ തകർച്ച സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് തെരഞ്ഞെടുപ്പ് നടത്തിയാൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പാർട്ടി 16 സീറ്റുകൾ മാത്രമേ നേടൂ. ഇത് യയർ ലാപിഡിന്റെ പാർട്ടിയെക്കാൾ ഒരു സീറ്റ് മാത്രം കൂടുതലാണ്,’ ചാനൽ 13 പറഞ്ഞു.

ലികുഡ് പാർട്ടിയുടെ സഖ്യ കക്ഷികളായ തീവ്ര വലതുപക്ഷ പാർട്ടികളായ ഷാസും യുണൈറ്റഡ് തോറ ജൂദായിസവും അധിനിവേശ കുടിയേറ്റ പാർട്ടികളായ ജൂയിഷ് പവറും റിലീജിയസ് സയണിസവുമെല്ലാം ചേർന്ന് 45 സീറ്റുകൾ മാത്രമേ നേടൂ. നിലവിൽ ഇത് 64 ആണ്.

നെസെറ്റിൽ കേവല ഭൂരിപക്ഷം നേടാൻ 61 സീറ്റുകളെങ്കിലും വേണം.

അതേസമയം പ്രതിപക്ഷ പാർട്ടി 71 സീറ്റുകൾ വരെ നേടാമെന്നും ഡെമോക്രാറ്റിക് ഫ്രന്റ്‌ ഫോർ പീസ്, അറബ് മൂവ്മെന്റ് ഫോർ ചേഞ്ച്‌ എന്നീ സഖ്യ കക്ഷികൾ 4 സീറ്റുകൾ നെടും.

ഗസയിൽ യുദ്ധം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇസ്രഈലിൽ ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയില്ല. അതേസമയം, യുദ്ധാനന്തരം ഇസ്രഈലിൽ തെരഞ്ഞെടുപ്പ് നടക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

Content Highlight: Netanyahu’s Likud party to lose half of Knesset seats, opinion poll shows

Latest Stories

We use cookies to give you the best possible experience. Learn more