| Tuesday, 27th February 2024, 7:55 pm

ഗസയിലും പോളിങ് ബൂത്തുകള്‍; രാജ്യത്തെ പ്രാദേശിക തെരഞ്ഞെടുപ്പ് നടത്തി ഇസ്രഈല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെൽ അവീവ്: ഗസയില്‍ അധിനിവേശം തുടരുന്നതിനിടയില്‍ ഇസ്രഈലിലെ പ്രാദേശിക തെരഞ്ഞെടുപ്പ് നടത്തി നെതന്യാഹു സര്‍ക്കാര്‍. രാജ്യത്തെ 242 മുനിസിപ്പാലിറ്റികളില്‍ വോട്ടെടുപ്പ് നടന്നതായി ടൈംസ് ഓഫ് ഇസ്രഈല്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രാദേശിക തെരഞ്ഞെടുപ്പിനായി ഫലസ്തീനിലെ ഗസയിലും ഇസ്രഈലി സൈന്യം പോളിങ് ബൂത്തുകള്‍ തയ്യാറാക്കിയിരുന്നു. പോളിങ് ബൂത്തുകളില്‍ മൂന്നിലൊന്നും ഗസയിലും വെസ്റ്റ് ബാങ്കിലും ലെബനന്‍ അതിര്‍ത്തിയിലും സൈനിക നടപടികള്‍ക്കായി നിയോഗിക്കപ്പെട്ട സൈനികര്‍ക്കായി തയ്യാറാക്കിയതാണ്.

ഇസ്രഈല്‍-ഹമാസ് സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ട് തവണയാണ് തെരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ടി വന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. 197 നഗരങ്ങളിലെ മേയര്‍മാര്‍ക്കും 45 പ്രാദേശിക കൗണ്‍സിലുകളുടെ പ്രതിനിധികള്‍ക്കും വോട്ട് ചെയ്യാന്‍ 7 ദശലക്ഷത്തിലധികം ഇസ്രഈലികള്‍ യോഗ്യരായിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

വടക്കന്‍ അതിര്‍ത്തിയിലും ഗസയോട് ചേര്‍ന്നുമുള്ള 11 മുനിസിപ്പാലിറ്റികളും പ്രാദേശിക കൗണ്‍സിലുകളിലും വോട്ടിങ് നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലെബനനിലെ ഹിസ്ബുള്ളയുടെ ആക്രമണം ഭയന്ന് ഇസ്രഈലികളെ ഈ പ്രദേശത്ത് നിന്ന് സര്‍ക്കാര്‍ മാറ്റിപ്പാര്‍പ്പിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ദിവസം മുഴുവന്‍ 570 പോളിങ് ബൂത്തുകള്‍ രാജ്യത്ത് പ്രവര്‍ത്തിപ്പിക്കുമെന്ന് ഇസ്രഈല്‍ പ്രതിരോധ സേന അറിയിച്ചിരുന്നു. 4,500ഓളം സ്ഥലങ്ങളിലായി 4,910 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ട്. ഇതില്‍ 801 മേയര്‍ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടുന്നു. അതില്‍ 83 സ്ത്രീകളും. ഏതാനും ഇടങ്ങളില്‍ വോട്ടര്‍മാര്‍ രണ്ട് ബാലറ്റുകള്‍ രേഖപ്പെടുത്തുമെന്ന് ടൈംസ് ഓഫ് ഇസ്രഈല്‍ പറഞ്ഞു.

2018ന് ശേഷമുള്ള രാജ്യത്തെ പ്രാദേശിക തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 31ന് നടത്താന്‍ ഇസ്രഈല്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസിന്റെ പ്രത്യാക്രമണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു.

Content Highlight: Netanyahu’s government held local elections in Israel

We use cookies to give you the best possible experience. Learn more