World News
'നെതന്യാഹുവിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു'; ബൈഡനും സഹായികളും വിശ്വസിക്കുന്നതായി യു.എസ് മാധ്യമങ്ങള്‍
വാഷിങ്ടണ്‍: ഇസ്രഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവി അവസാനിക്കാനായതായി യു.എസ് പ്രസിഡന്റ് ജോ ബൈഡനും അനുയായികളും വിശ്വസിക്കുന്നതായി യു.എസ് മാധ്യമങ്ങള്‍. ഈ കാര്യം വൈറ്റ് ഹൗസ് യോഗത്തില്‍ ചര്‍ച്ച ചെയ്തതായി അമേരിക്കന്‍ വാര്‍ത്താ വെബ്‌സൈറ്റ് പൊളിറ്റികോ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് മുതിര്‍ന്ന യു.എസ് അഡിമിനിസ്ട്രഷന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് പൊളിറ്റികോയുടെ റിപ്പോര്‍ട്ട്.
തന്റെ പിന്‍ഗാമികള്‍ക്ക് കൈമാറുന്ന കാര്യങ്ങളില്‍ ശ്രദ്ധവേണമെന്ന് നെത്യന്യാഹുവിനോട് ബൈഡന്‍ പറഞ്ഞതായി ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.നെതന്യാഹുവിന് ഓഫീസില്‍ കുറച്ച് കാലമേ ശേഷിക്കുന്നുള്ളൂവെന്ന് ഭരണകൂടം വിശ്വസിക്കുന്നതായി ഒരു യു.എസ് ഉദ്യോഗസ്ഥനും മുന്‍ ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചതായി പൊളിറ്റികോ പറഞ്ഞു.
ഒക്ടോബര്‍ ഏഴിന് ഗസ മുനമ്പില്‍ ആരംഭിച്ച ആക്രമണത്തെ പ്രതിരോധിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടതില്‍ ഇസ്രഈലി ജനതയ്ക്ക് രോഷമുണ്ടെന്നും ഇത് നെതന്യാഹുവിന്റെ ജനപിന്തുണ ദുര്‍ബലപ്പെടുത്തിയെന്നിമാണ് യു.എസിന്റെ വീക്ഷണം.
‘എന്താണ് സംഭവിക്കുന്നതെന്ന് ഇസ്രഈലി സമൂഹത്തിന് കണക്കുകൂട്ടല്‍ ഉണ്ടായിരിക്കും. ആത്യന്തികമായ തീരുമാനം ഇപ്പോഴും പ്രധാനമന്ത്രിയുടെതാണ്,’ യു.എസിലെ നിലവിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
‘ഇസ്രഈല്‍ പ്രധാനമന്ത്രി ഏതാനും മാസങ്ങള്‍ മാത്രമേ അധികാരത്തില്‍ തുടരൂ, അല്ലെങ്കില്‍ ഗസ മുനമ്പിലെ ആദ്യഘട്ട സൈനിക നടപടികള്‍ അവസാനിക്കുന്നത് വരെയെങ്കിലും തുടരുമെന്ന് പ്രതീക്ഷിക്കുന്നു,’ എന്ന് യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞമാസം ടെല്‍ അവീവിലേക്കുള്ള ബൈഡന്റെ യാത്ര ഇസ്രഈലിനുള്ള വലിയൊരു പിന്തുണയായിരുന്നു. എന്നാല്‍ രഹസ്യമായി അദ്ദേഹം നെതന്യാഹുവിനോട് ജാഗ്രത പുലര്‍ത്താനും യുദ്ധം വിപുലീകരിക്കാതിരിക്കാനും പ്രേരിപ്പിച്ചുവെന്ന് രണ്ട് മുതിര്‍ന്ന അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഭാവി മുന്നില്‍ കണ്ട് യു.എസ് ഉദ്യോഗസ്ഥര്‍ ഇസ്രയേലി ഗവണ്‍മെന്റിലെ അംഗമായ ബെന്നി ഗാനറ്റ്‌സ്, മുന്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റ്, പ്രതിപക്ഷ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ യായിര്‍ ലാപിഡ് എന്നിവരോട് സംസാരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
‘ഈ യുദ്ധത്തിലെ ഇസ്രഈലിന്റെ പ്രവര്‍ത്തനങ്ങളൊന്നും നെതന്യാഹുവിനെ അധികാരത്തില്‍ നിലനിര്‍ത്തില്ല. കാരണം ഒക്ടോബര്‍ ഏഴിന്റെ ആക്രമണം ഇസ്രഈലി ഗവണ്‍മെന്റിന്റെ സുരക്ഷാ വീഴ്ചയായി ജനങ്ങള്‍ കണക്കാക്കുന്നുണ്ട്,’ യു.എസ് മുന്‍സുരക്ഷാ ഉദ്യോഗസ്ഥന്‍ ഹംഗര്‍ ചമാലി പറഞ്ഞു.
ഹമാസിന് മറുപടിയായി ഗസക്കുമേല്‍ നടത്തുന്ന മാരകമായ ആക്രമണം അന്താരാഷ്ട്ര തലത്തില്‍ ഇസ്രഈലി ഭരണകൂടത്തിന് തിരിച്ചടിയായിട്ടുണ്ട്.
ഇസ്രഈല്‍ സന്ദര്‍ശിച്ച ബൈഡന്‍ തന്റെ പിന്‍ഗാമികള്‍ക്കായി സ്ഥാനം കൈമാറുന്ന സാഹചര്യം പരിഗണിക്കാന്‍ നെതന്യാഹുവിനോട് ഉപദേശിച്ചിരുന്നതായും യുദ്ധം തീരുന്നതുവരെ നെതന്യാഹു ഭരണത്തില്‍ ഉണ്ടാകാന്‍ സാധ്യത ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
CONTENT HIGHLIGHT: Netanyahu’s days are numbered, Biden and aides increasingly believe: US media