ടെല്‍ അവീവ്: ഹിസ്ബുള്ളയുമായി 21 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെടാനുള്ള നിര്‍ദേശത്തോട് തന്റെ സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ലെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
വെടിനിര്‍ത്തലിനെ സംബന്ധിച്ച വാര്‍ത്തകള്‍ തെറ്റാണെന്ന് പറഞ്ഞ പ്രധാനമന്ത്രിയുടെ ഓഫീസ്, ഇത് സംബന്ധിച്ച അമേരിക്കന്‍-ഫ്രഞ്ച് ചര്‍ച്ചകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. കൂടാതെ പദ്ധതി പ്രകാരമുള്ള വിജയങ്ങള്‍ കൈവരിക്കുന്നത് വരെ യുദ്ധം തുടരാന്‍ സൈന്യത്തിന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയതായും എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
ഈ ആഴ്ച ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 500ലധികം ലെബനന്‍ പൗരന്മാര്‍ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് ആളുകള്‍ ലെബനനില്‍ നിന്ന് പലായനം ചെയ്യുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സും യൂറോപ്യന്‍ യൂണിയനും മറ്റ് രാജ്യങ്ങളും ചേര്‍ന്ന് ലെബനനില്‍ 21 ദിവസത്തെ വെടിനിര്‍ത്തല്‍ വേണമെന്ന് ആവശ്യപ്പെട്ട് സംയുക്ത പ്രസ്താവനയിറക്കുന്നത്.
എല്ലാ വിഭാഗങ്ങളെയും തങ്ങള്‍ ചര്‍ച്ചയ്ക്ക് വിളിക്കുമെന്നും വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നുമാണ് പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്. ഓസ്‌ട്രേലിയ, കാനഡ, യുറോപ്യന്‍ യൂണിയന്‍, ജര്‍മനി, ഇറ്റലി, ജപ്പാന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളും പ്രസ്താവനയില്‍ ഒപ്പ് വെച്ചിരുന്നു.
അതേസമയം ലെബനനില്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ബെയ്റൂട്ടിലെ ഇന്ത്യന്‍ എംബസി രംഗത്തെത്തിയിരുന്നു. മേഖലയിലെ സമീപകാല സംഭവങ്ങള്‍ കണക്കിലെടുത്ത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ലെബനനിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും
ലെബനനിലുള്ള എല്ലാ ഇന്ത്യക്കാരും അടിയന്തരമായി രാജ്യം വിടണമെന്നുമാണ് എംബസി അറിയിപ്പ് നല്‍കിയത്.
ഇന്ത്യയ്ക്ക് പുറമെ ബ്രിട്ടന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് ലെബനന്‍ വിടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 600 ലധികം ലെബനന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഐ.ഡി.എഫ് ആക്രമണത്തില്‍ മരിച്ച 558 പേരില്‍ 50 പേര്‍ കുട്ടികളാണെന്നും 1,835 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.