| Friday, 23rd February 2024, 8:20 pm

യുദ്ധം നിര്‍ത്തിയാലും വെറുതെ വിടില്ല; ഗസയെ സൈനികവത്കരിക്കാനുള്ള പദ്ധതി അവതരിപ്പിച്ച് നെതന്യാഹു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: യുദ്ധാനന്തര ഗസയെ ഇസ്രഈലിന്റെ നിയന്ത്രണത്തില്‍ സൈനികവത്കരിക്കാനുള്ള പദ്ധതിയുമായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പോസ്റ്റ് ഹമാസ് എന്ന പേരില്‍ വ്യാഴാഴ്ചയാണ് പദ്ധതിയുടെ വിശദാംശങ്ങള്‍ നെതന്യാഹു കാബിനറ്റ് യോഗത്തില്‍ അവതരിപ്പിച്ചത്.

യുദ്ധാനന്തരം ഗസയില്‍ ഇസ്രഈല്‍ സേനക്ക് സ്വയംഭരണാവകാശം നല്‍കുമെന്നും ഭരണത്തിന് മേല്‍നോട്ടം വഹിക്കുന്നതിന് ഗസയില്‍ ഓഫീസുകള്‍ സ്ഥാപിക്കുമെന്നും യുദ്ധകാല കാബിനറ്റില്‍ നെതന്യാഹു അവകാശപ്പെട്ടു.

ഹമാസിന് പകരം ഈ സ്ഥാപനങ്ങളായിരിക്കും ഗസയില്‍ ഭരണം നടത്തുകയെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. ഈജിപ്ത് ഗസ അതിര്‍ത്തി അടച്ചിടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇതാദ്യമായാണ് യുദ്ധത്തിന് ശേഷമുള്ള തന്റെ തന്ത്രങ്ങളെ കുറിച്ച് നെതന്യാഹു രേഖാമൂലം ചര്‍ച്ച നടത്തുന്നത്.

എന്നാല്‍ ദ്വിരാഷ്ട്ര നിലപാടില്‍ ഉറച്ച് നില്‍ക്കുമെന്ന് അറബ് രാജ്യങ്ങള്‍ നേരത്തെ വ്യക്തമാക്കിയതാണ്. അതിനാല്‍ നെതന്യാഹുവിന്റെ പദ്ധതി അറബ് രാജ്യങ്ങള്‍ തള്ളികളയാനാണ് സാധ്യതയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

ഗസയില്‍ ഹമാസിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കലാണ് തീരുമാനത്തിന് പിന്നിലെന്നാണ് നെതന്യാഹു അവകാശപ്പെട്ടത്. അതിനിടെ, ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ സഹായം നിര്‍ത്തണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടിരുന്നു. ഗസയിലെ അക്രമ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ പങ്കാളികളാകുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു നെതന്യാഹുവിന്റെ പ്രഖ്യാപനം.

ഗസ മരണ മുനമ്പായി മാറിയെന്നാണ് ലോകാരോഗ്യ സംഘടന മേധാവി ട്രെഡോസ് അദോനം ഗീബര്‍സീയുസസ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഇതുവരെ 30,000 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 70,000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കാണാതായവരില്‍ ഭൂരിഭാഗം പേരും മരണപ്പെട്ടിരിക്കുമെന്നും ട്രെഡോസ് അദോനം കൂട്ടിച്ചേര്‍ത്തു.

Contant Highlight: Netanyahu proposes Gaza’s demilitarisation, UNRWA’s exit in post-war plan

We use cookies to give you the best possible experience. Learn more