| Monday, 15th April 2024, 9:50 pm

റഫയെ ലക്ഷ്യം വെക്കാനൊരുങ്ങി ഇസ്രഈല്‍; ഗസയില്‍ രണ്ട് അധിക ബ്രിഗേഡുകളെ നിയമിക്കാന്‍ ഉത്തരവിട്ട് നെതന്യാഹു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ഫലസ്തീനിലെ സൈനിക നടപടികള്‍ക്കായി ഗസയില്‍ രണ്ട് അധിക ബ്രിഗേഡുകളെ നിയമിക്കാന്‍ ഉത്തരവിട്ട് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രഈലിന്റെ പുതിയ നീക്കം അതിര്‍ത്തി നഗരമായ റഫയെ ലക്ഷ്യം വെച്ചുള്ളതാണെന്നാണ് വിലയിരുത്തല്‍.

‘ഇസ്രഈലിനെ പ്രതിരോധിക്കാനും രാജ്യത്തെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനുമായി സൈന്യത്തിന്റെ മുന്‍നിരയില്‍ കൂടുതല്‍ ബ്രിഗേഡുകളെ ആവശ്യമാണ്,’ ഐ.ഡി.എഫ് പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ ഫലസ്തീനില്‍ നിന്ന് ഭൂരിഭാഗം വരുന്ന കരസേനയെ ഇസ്രഈല്‍ പിന്‍വലിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് പുതിയ പ്രഖ്യാപനം.

ഇറാന്‍ നടത്തുന്ന ആക്രമണങ്ങളെ ചെറുക്കാന്‍ ഏതാനും പാശ്ചാത്യ രാജ്യങ്ങള്‍ സഹായം പ്രഖ്യാപിച്ചതും ഇസ്രഈലിന്റെ നിലവിലെ ഉത്തരവിന് പിന്നിലെ കാരണമായി മാറിയിട്ടുണ്ട്. തങ്ങള്‍ ഇസ്രഈല്‍ സര്‍ക്കാരിന്റെ ലക്ഷ്യം മറന്നിട്ടില്ലെന്നും ഹമാസിനെ ഇല്ലാതാക്കാന്‍ ഏതറ്റം വരെ പോകുമെന്നും ഐ.ഡി.എഫ് വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു.

അതേസമയം ഇറാനുമായി ഏറ്റുമുട്ടാനില്ലെന്ന് അമേരിക്ക നിലപാടെടുത്തതായി സി.എന്‍.എന്‍ റപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യം നെതന്യാഹുവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ ഫോണ്‍ സംഭഷണത്തില്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ ഇറാനെ ഇപ്പോള്‍ തിരിച്ചടിക്കേണ്ടന്നാണ് ഇസ്രഈല്‍ യുദ്ധ കാബിനറ്റിന്റെ തീരുമാനം. സമയമാകുമ്പോള്‍ ശക്തമായ മറുപടി നല്‍കുമെന്നാണ് ഇസ്രഈല്‍ പ്രതികരിച്ചത്.

Content Highlight: Netanyahu ordered two additional brigades to be deployed in Gaza for military operations in Palestine

  
We use cookies to give you the best possible experience. Learn more