ഇസ്രഈലി സൈനികരെയും ജനങ്ങളേയും ബന്ദികളാക്കിയുള്ള ഹമാസ് പ്രതിരോധം; പ്രതിസന്ധിയില്‍ നെതന്യാഹു
World
ഇസ്രഈലി സൈനികരെയും ജനങ്ങളേയും ബന്ദികളാക്കിയുള്ള ഹമാസ് പ്രതിരോധം; പ്രതിസന്ധിയില്‍ നെതന്യാഹു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th October 2023, 11:21 am

 

ജെറുസലേം: ഹമാസ് പ്രതിരോധത്തില്‍ പ്രതിസന്ധിയിലായി ഇസ്രഈലി പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും വലതുപക്ഷ സര്‍ക്കാരും. ഇസ്രാഈലി സൈനികരെയും ജനങ്ങളെയും ബന്ദികള്‍ ആക്കിയതോടെയാണ് രാജ്യത്ത് സര്‍ക്കാരിനെതിരെ ശബ്ദങ്ങള്‍ ഉയരുന്നത്.

1985ല്‍ മൂന്നു ഇസ്രാഈലി തടവുകാര്‍ക്ക് പകരമായി 1150 ഫലസ്തീനികളെ മോചിപ്പിക്കേണ്ടി വന്നിരുന്നു. കൂടാതെ 2006ല്‍ ഗിലാദ് ഷാളില്‍ എന്ന സൈനികനെ വിട്ടയക്കുന്നതിനായി 1000 ഫലസ്തീന്‍ തടവുകാരെയും മോചിപ്പിക്കേണ്ടിയും വന്നു. അതേ അവസ്ഥ വീണ്ടും നേരിടേണ്ടി വരുമോ എന്നാണ് ഇസ്രാഈലി പ്രതിപക്ഷം ഉയര്‍ത്തുന്ന ചോദ്യം.

തടവിലാക്കപ്പെട്ടിട്ടുള്ള 4500 ഫലസ്തീന്‍ തടവുകാരെ ഇതിനോടകം വിട്ടയക്കണം എന്നാണ് ഹമാസിന്റെ ആവശ്യം. ഗസയില്‍ വ്യോമാക്രമണം തുടര്‍ന്നാല്‍ പരസ്യമായി ബന്ദികളെ കൊലപ്പെടുത്തുമെന്നാണ് ഹമാസിന്റെ മുന്നറിയിപ്പ്.

അതേസമയം ദീര്‍ഘകാലം ഇസ്രാഈല്‍ പൗരന്മാര്‍ ബന്ദി ആക്കപ്പെടുകയോ ആക്രമണത്തിന് ഇരയായാകുകയോ ചെയ്താല്‍ അത് നെതന്യാഹുവിന്റെ രാഷീട്രീയ ഭാവിയെ ബാധിക്കുന്നതാണെന്ന റിപ്പോര്‍ട്ടുകള്‍ ഇതികനം തന്നെ പുറത്തുവരുന്നുണ്ട്.

നിലവിലെ യുദ്ധത്തില്‍ നൂറോളം പേരെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹമാസിന് പുറമെ ഫലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദും 30 ഇസ്രാഈലികളെ ബന്ദിയാക്കിയിട്ടുണ്ട്. ഇത് നെതന്യാഹു സര്‍ക്കാരിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ഹമാസിനെതിരെ തങ്ങളുടെ മുഴുവന്‍ സൈനിക ശക്തിയും ഉപയോഗിക്കുമെന്ന ഇസ്രഈലിന്റെ മുന്നറിയിപ്പ് ഗസാ മുനമ്പില്‍ ബന്ദികളാക്കപ്പെട്ട ഈസ്രഈലി പൗരന്മാരുടെ ജീവന് ഭീഷണിയുയര്‍ത്തുന്നതാണ്. നിലവില്‍ ബന്ദികളാക്കപ്പെട്ട അഞ്ചോളം ഇസ്രഈലി പൗരന്മാര്‍ ഇസ്രഈലിന്റെ തന്നെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായും ഹമാസ് അറിയിച്ചിട്ടുണ്ട്.

അതേസമയം ഫലസ്തീന്‍ തടവുകാരുടെ മോചനം സാധ്യമായാല്‍ ഫലസ്തീനില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് ഹമാസ്.

അതിനിടെ ഇസ്രാഈല്‍ പ്രതിരോധസേനക്ക് സഹായങ്ങളുമായി അമേരിക്ക മുന്നോട്ടു വന്നിട്ടുണ്ട്. ഇസ്രഈലിലേക്ക് സൈനിക കപ്പലുകളും വിമാനങ്ങളും അമേരിക്ക അയച്ചിട്ടുണ്ട്. ഈസ്രഈലിന് ആവശ്യമായ യുദ്ധോപകരണങ്ങള്‍ നല്‍കുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു. ഫലസ്തീനികള്‍ക്കെതിരായ ആക്രണം എന്നാണ് യുദ്ധത്തെ അമേരിക്ക വിശേഷിപ്പിച്ചിരിക്കുന്നത്.

അമേരിക്ക ഇസ്രയേലിനൊപ്പം ആണെന്നും എന്ത് സഹായങ്ങളും നല്‍കുമെന്നും ജോ ബൈഡന്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ അറിയിച്ചിട്ടുണ്ട്.

Content Highlight: Netanyahu is in Trouble? ‘If Israel Accepts Hamas Prisoner Exchange Offer