ടെല്‍ അവീവ്: ഇസ്രഈലില്‍ നെതന്യാഹു സര്‍ക്കാറിനെതിരായുള്ള പ്രതിഷേധം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ തടഞ്ഞ് പ്രതിഷേധക്കാര്‍. ഔദ്യോഗികാവശ്യത്തിന് റോമിലേക്ക് പോകാന്‍ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിലേക്ക് എത്തിയ നെതന്യാഹുവിനെ തടഞ്ഞ് കൊണ്ട് സമരക്കാര്‍ റോഡ് തടസപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് നെതന്യാഹുവിന് ഹെലികോപ്ടര്‍ വഴി യാത്ര തിരിക്കേണ്ടി വന്നുവെന്ന് ഇസ്രഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പുതിയ നിയമങ്ങളിലൂടെ നീതിന്യായ വ്യവസ്ഥയില്‍ കടന്ന് കയറാന്‍ ശമിക്കുന്ന നെതന്യാഹു സര്‍ക്കാറിനെതിരെ രണ്ട് മാസത്തോളമായി രാജ്യ വ്യാപകമായ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. അതിന്റെ ഭാഗമായി സ്വേച്ഛാധിപത്യത്തിനെതിരെയുള്ള പ്രതിരോധത്തിന്റെ വെല്ലുവിളി എന്ന പേരില്‍ വ്യാഴാഴ്ച പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു.
ഏകാധിപതി തിരിച്ച് വരരുത് എന്ന പ്രതിഷേധ മുദ്രാവാക്യങ്ങളാണ് കഴിഞ്ഞ ദിവസം ഇസ്രഈലില്‍ ഉയര്‍ന്ന് കൊണ്ടിരുന്നത്.
യു.എസ്. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഇസ്രഈല്‍ സന്ദര്‍ശനത്തിനെത്തി ചേര്‍ന്നപ്പോഴാണ് പ്രധാനമന്ത്രിയെ തടഞ്ഞുള്ള സമരമെന്നതും ശ്രദ്ധേയമാണ്. ഓസ്റ്റിന്‍ വന്നിറങ്ങിയ അതേ വിമാനത്താവളത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
എന്നാല്‍ പ്രതിഷേധം കണക്കിലെടുത്ത് ഓസ്റ്റിന്‍, നെതന്യാഹുവും പ്രതിരോധ മന്ത്രി യോവ് ഗല്ലന്‍ഡുമായുള്ള ചര്‍ച്ച ഒരു ദിവസം വൈകിപ്പിക്കുകയും ചെയ്തിരുന്നു. യോഗത്തിന്റെ സ്ഥലം പോലും മാറ്റിയതായി പെന്റഗണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ജനാധിപത്യം, നാണക്കേട്, നിങ്ങള്‍ ഹുവാറയിലെവിടെയാണ് തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് പ്രതിഷേധിച്ചത്.
അതേസമയം നീതിന്യായ വ്യവസ്ഥ സ്വതന്ത്രമാകണമെന്ന് ഓസ്റ്റിന്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.
‘പ്രധാനമന്ത്രി ബൈഡന്‍ പറഞ്ഞത് പോലെ അമേരിക്കയിലെയും ഇസ്രഈലിലെയും ജനാധിപത്യ വ്യവസ്ഥ സ്വതന്ത്രമായ ജനാധിപത്യത്തില്‍ കെട്ടിപടുത്തതാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പൊലീസ് പ്രതിഷേധക്കാരെ ബലമായി നീക്കുകയും 15 സമരക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇസ്രഈലില്‍ നെതന്യാഹു സര്‍ക്കാറിനെതിരെയുള്ള പ്രതിഷേധങ്ങള്‍ രൂക്ഷമാകുന്നതിനിടെ കഴിഞ്ഞയാഴ്ച സംഘടിപ്പിച്ച ‘ഡേ ഓഫ് ഡിസ്റപ്ഷ’ നെതിരെ ഇസ്രഈല്‍ പൊലീസ് ഗ്രനേഡുകള്‍ പ്രയോഗിച്ചിരുന്നു. നിരവധി പേര്‍ക്കാണ് അതില്‍ പരിക്കേറ്റിട്ടുള്ളത്.
എന്നാല്‍ അന്നും സംഭവത്തില്‍ പൊലീസിനെ പിന്തുണച്ച് കൊണ്ടാണ് പ്രധാനമന്ത്രി നെതന്യാഹു രംഗത്തെത്തിയത്. പൊലീസിനെതിരെയുള്ള അക്രമം, റോഡ് തടഞ്ഞുള്ള പ്രതിഷേധം എന്നിവ അംഗീകരിക്കില്ലെന്നും പ്രതിഷേധിക്കാനുള്ള അവകാശം അരാജകത്വത്തിനുള്ള അവകാശമല്ലെന്നും അദ്ദേഹം പറഞ്ഞു.
ജുഡീഷ്യല്‍ നിയമനങ്ങളില്‍ രാഷ്ട്രീയ നിയന്ത്രണം കൊണ്ടുവരിക, സര്‍ക്കാര്‍ തീരുമാനങ്ങളും നെസറ്റ് (ഇസ്രഈല്‍ പാര്‍ലമെന്റ്- സിലലൈ) നിയമങ്ങളും അസാധുവാക്കാനുള്ള സുപ്രീം കോടതിയുടെ അധികാരം പരിമിതപ്പെടുത്തുക എന്നീ പുതിയ നയങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് നെതന്യാഹു ശ്രമിക്കുന്നത്.
ഈ നയങ്ങള്‍ക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണം വകവെക്കാതെ തന്നെ പാര്‍ലമെന്റ് പ്രാരംഭഘട്ടത്തിലുള്ള അംഗീകാരം നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രഈല്‍ ജനത പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഈ നിയമം സര്‍ക്കാറിന്റെ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള അസന്തുലിതാവസ്ഥ ഇല്ലാതാക്കുമെന്നും ബിസിനസ് രംഗത്ത് ഉയര്‍ച്ച കൊണ്ട് വരുമെന്നുമാണ് നെതന്യാഹുവിന്റെ അഭിപ്രായം. എന്നാല്‍ ഈ നിയമം വഴി ഇസ്രഈല്‍ ഒറ്റപ്പെട്ട് പോകുമെന്നാണ് നിയമ വിദഗ്ദരുടെ അഭിപ്രായം.
content highlight: Netanyahu is a dictator; Blocking crowd; Israel enters second month of protests