| Tuesday, 17th November 2020, 10:13 pm

ബൈഡനെ പ്രസിഡന്റെന്ന് വിളിക്കാനോങ്ങി നെതന്യാഹു, അപകടം മണത്ത് വാക്കു മാറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെല്‍ അവിവ്: അമേരിക്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനെ നിയുക്ത പ്രസിഡന്റ് എന്ന് വിളിക്കാന്‍ മടിച്ച് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

ജെറുസലേമില്‍ വെച്ച് നടന്ന ഒരു പ്രസ് കോണ്‍ഫറന്‍സില്‍ വെച്ച് ബൈഡനെ പ്രസിഡന്റ് എന്ന് വിളിക്കാന്‍ തുനിഞ്ഞെങ്കിലും അവസാനം നിമിഷം ഈ വാക്ക് നെതന്യാഹു പിന്‍വലിക്കുകയായിരുന്നു.

‘സമീപഭാവിയില്‍ തന്നെ ഞാന്‍ പ്രസിഡന്റുമായി സംസാരിക്കും’ എന്നു പറഞ്ഞു തുടങ്ങിയ നെതന്യാഹു പെട്ടന്ന് തന്നെ ‘അടുത്ത പ്രസിഡന്റായി നിയമിക്കപ്പെടേണ്ട ജോ ബൈഡനുമായി’ എന്ന് മാറ്റി പറയുകയായിരുന്നു.

ജോ ബൈഡനെ ഇതുവരെ നിയുക്ത പ്രസിഡന്റ് എന്ന് നെതന്യാഹു അഭിസംബോധന ചെയ്തിട്ടില്ല. ബൈഡന്റ് വിജയത്തിനു പിന്നാലെ നെതന്യാഹു അഭിനന്ദനമറിയിച്ചുകൊണ്ടിട്ട ട്വീറ്റില്‍ ജോ ബൈഡന്‍ എന്നു മാത്രമേ വിളിച്ചിരുന്നുള്ളൂ. അതേസമയം മറ്റു ലോകനേതാക്കളെല്ലാം അമേരിക്കയുടെ പുതിയ നേതാവ്, പുതിയ പ്രസിഡന്റ് എന്നിങ്ങനെ ബൈഡനെ അഭിസംബോധന ചെയ്തിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് പദവി ഡൊണാള്‍ഡ് ട്രംപ് ഒഴിയാന്‍ ഇനിയും ഒരു മാസത്തിലേറെ ബാക്കി നില്‍ക്കവെ ട്രംപിനെ പിണക്കാതിരിക്കാനാണ് നെതന്യാഹുവിന്റെ ശ്രമമെന്നാണ് വിലയിരുത്തല്‍. ജനുവരി 20 നാണ് ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുക.

ട്രംപുമായി അടുത്ത സൗഹൃദമുള്ള നെതന്യാഹുവിന് ബൈഡന്‍ അമരത്തെത്തുന്നതില്‍ ആശങ്കയുണ്ട്. ഭരണത്തില്‍ ഇസ്രഈല്‍ അനുകൂല നിലപാടുകള്‍ ബൈഡന്‍ എടുക്കുമെങ്കിലും നെതന്യാഹുവിന്റെ ഭരണത്തിന് ബൈഡന്‍ വലിയ പിന്തുണ നല്‍കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ഒപ്പം ഇറാനുമേലുള്ള വിലക്കുകളോടും ബൈഡന് അനുകൂല നയമല്ല.

അമേരിക്കന്‍ പ്രസിഡന്റുമാരെല്ലാം ഇസ്രഈലിന് അനുകൂലമായാണ് നിലനിന്നതെങ്കിലും ട്രംപിന്റെ സമയത്ത് ഈ സൗഹൃദം പൂത്തുലഞ്ഞിട്ടുണ്ട്. ജറുസലേമിനെ ഇസ്രഈലിന്റെ മാത്രം തലസ്ഥാനമായി പ്രഖ്യാപിച്ച ട്രംപ് അമേരിക്കന്‍ എംബസി ജറുസലേമിലേക്ക് മാറ്റി. യു.എ.ഇ, ബഹ്റിന്‍ എന്നീ അറബ് രാജ്യങ്ങളെ ഇസ്രഈലുമായി അടുപ്പിച്ചു. സൗദിയെ വരെ ഈ സൗഹൃദപാതയിലേക്ക് നയിക്കാന്‍ ശ്രമങ്ങള്‍ നടത്തി. ഇതിനിടെ ഇസ്രഈല്‍-ഫലസ്തീന്‍ സമാധാന പദ്ധതിയും പ്രഖ്യാപിച്ചു. പാളിപ്പോയ ഈ പദ്ധതി പിന്നീട് ഇസ്രഈല്‍-യു.എ.ഇ നയതന്ത്ര ബന്ധം സാധ്യമാക്കുന്നതിന്റെ ഭാഗമായി ഒഴിവാക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more