ഇസ്രഈലില്‍ അല്‍ജസീറക്ക് പൂട്ടിട്ട് നെതന്യാഹു; നിയമം പാസാക്കി മന്ത്രിസഭ
World News
ഇസ്രഈലില്‍ അല്‍ജസീറക്ക് പൂട്ടിട്ട് നെതന്യാഹു; നിയമം പാസാക്കി മന്ത്രിസഭ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th May 2024, 6:02 pm

ടെല്‍അവീവ്: ഇസ്രഈലില്‍ അല്‍ജസീറയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തീരുമാനം ഇസ്രഈല്‍ മന്ത്രിസഭ ഏകകണ്ഠമായി പാസാക്കിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യ സുരക്ഷക്ക് ഭീഷണിയായ മാധ്യമസ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിന് അനുവദിക്കുന്ന ബില്‍ ഇസ്രഈല്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അല്‍ ജസീറയെ പൂട്ടുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭയില്‍ ഞായറാഴ്ച വോട്ടെടുപ്പ് നടന്നത്.

വോട്ടെടുപ്പില്‍ തീരുമാനത്തിന് അംഗീകാരം ലഭിച്ചതോടെ എക്‌സില്‍ കുറിപ്പ് പങ്കുവെച്ച് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇസ്രഈലില്‍ അല്‍ജസീറയെ പൂട്ടാന്‍ ഏകകണ്ഠമായി തീരുമാനിച്ചെന്ന് നെതന്യാഹു എക്‌സിലൂടെ പറഞ്ഞു.

മന്ത്രിസഭ പാസാക്കിയ ഉത്തരവില്‍ താന്‍ ഒപ്പുവെച്ചെന്ന് ഇസ്രഈല്‍ കമ്മ്യൂണിക്കേഷന്‍സ് മന്ത്രി ഷ്‌ലോമോ കാര്‍ഹി പറഞ്ഞു. തീരുമാനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യാമറകള്‍, കമ്പ്യൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനുപയോഗിക്കുന്ന ചാനലിന്റെ എല്ലാ ഉപകരണങ്ങളും പിടിച്ചെടുക്കാനും അദ്ദേഹം ഉത്തരവിട്ടു.

ഗസയില്‍ ഇസ്രഈല്‍ നടത്തിവരുന്ന ക്രൂരതകള്‍ ലോകത്തിന് മുന്നിലേക്ക് എത്തിച്ച മാധ്യമചാനലുകളില്‍ അല്‍ജസീറയും ഉള്‍പ്പെടുന്നുണ്ട്. ഇത് ദീര്‍ഘകാലമായി ഇസ്രഈലിന് അല്‍ജസീറയോടുള്ള എതിര്‍പ്പിന് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് ചാനലിന്റെ പ്രവര്‍ത്തനം രാജ്യത്ത് അവസാനിപ്പിക്കുന്നതിന് അനുവദിക്കുന്ന നിയമനിര്‍മാണത്തിലേക്ക് ഇസ്രഈല്‍ കടന്നത്.

ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ജസീറ ഹമാസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇസ്രഈലിന്റെ പ്രധാന വാദം. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം അല്‍ജസീറ തള്ളിക്കളഞ്ഞു.

മാസങ്ങളായി തുടരുന്ന ശ്രമങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ അല്‍ജസീറയെ പൂട്ടാന്‍ ഇസ്രഈൽ തീരുമാനിച്ചിരിക്കുന്നത്. ഇസ്രഈലിന്റെ സുരക്ഷ ലംഘിച്ചാണ് അല്‍ജസീറ പ്രവര്‍ത്തിക്കുന്നതെന്നും ഒക്ടോബര്‍ ഏഴിന് രാജ്യത്ത് നടന്ന ഹമാസിന്റെ ആക്രമണത്തില്‍ അല്‍ജസീറയും പങ്കാളികളാണെന്നും നെതന്യാഹു കഴിഞ്ഞ മാസം എക്‌സില്‍ കുറിച്ചിരുന്നു.

ലോകമെമ്പാടുമുള്ള തങ്ങളുടെ ജീവനക്കാരുടെ സുരക്ഷക്ക് നെതന്യാഹുവിന് ഉത്തരവാദിത്തം ഉണ്ടെന്നാണ് അല്‍ജസീറ ഇതിനോട് പ്രതികരിച്ചത്.

Content Highlight: Netanyahu government votes to close Al Jazeera channel in Israel