World News
ഗസയിലെ അധിനിവേശം; നെതന്യാഹു സര്‍ക്കാര്‍ ആഭ്യന്തരമായും അന്തര്‍ദേശീയമായും ഒറ്റപ്പെട്ടു: ദി ടൈംസ് റിപ്പോര്‍ട്ട്
ലണ്ടന്‍: ഗസയില്‍ നിരന്തരമായി അതിക്രമങ്ങള്‍ നടത്തുന്നതില്‍ ഇസ്രഈല്‍ ഭരണകൂടം ആഭ്യന്തരമായും അന്തര്‍ദേശീയമായും ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ബ്രിട്ടീഷ് ദിനപത്രമായ ദി ടൈംസ്. നൂറ് ദിവസങ്ങള്‍ പിന്നിട്ട ഗസയിലെ യുദ്ധത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രഈല്‍ മന്ത്രിസഭയില്‍ ശക്തമായ പിളര്‍പ്പുണ്ടായതായും ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രഈലി സൈന്യം ഗസയില്‍ കടുത്ത ചെറുത്തുനില്‍പ്പാണ് നിലവില്‍ അഭിമുഖീകരിക്കുന്നന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. വടക്കന്‍ ഗസയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്ന് അവകാശപ്പെടുമ്പോഴും ഇസ്രഈല്‍ സൈന്യം ഗസയില്‍ അരക്ഷിതാവസ്ഥയില്‍ ആണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വടക്കന്‍ ഗസയില്‍ ഹമാസിന്റെ ശക്തമായ സാന്നിധ്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടണ്ട്.
ആക്രമണങ്ങള്‍ക്കെതിരെ ചെറുത്തുനില്‍ക്കാനുള്ള ഹമാസിന്റെ കഴിവ് ഇസ്രഈലിന്റെ യുദ്ധ തന്ത്രത്തെ വെല്ലുവിളിക്കുന്നതായും ബ്രിട്ടനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സൈനിക നടപടികള്‍ക്കിടയില്‍ കൊല്ലപ്പെട്ട ഇസ്രഈലി സൈനികരുടെ എണ്ണവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട കണക്കുകളില്‍ നെതന്യാഹുവും ജോ ബൈഡന്റെ ഭരണകൂടവും തമ്മില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വിലയിരുത്തുന്നു.
ഹമാസിനെ ഉന്മൂലനം ചെയ്യണമെന്ന നെതന്യാഹുവിന്റെ യുദ്ധലക്ഷ്യം അപ്രാപ്യമാണെന്ന് മുന്‍ ചീഫ് ഓഫ് സ്റ്റാഫും നിലവില്‍ പ്രതിപക്ഷ നാഷണല്‍ യൂണിറ്റി പാര്‍ട്ടി അംഗവുമായ ഗാഡി ഐസന്‍കോട്ട് ചൂണ്ടിക്കാട്ടിയത് ഇസ്രഈലിന്റെ യുദ്ധ മന്ത്രിസഭയില്‍ ഭിന്നതകള്‍ സൃഷ്ട്ടിക്കാന്‍ കാരണമായെന്നും ദി ടൈംസ് പറഞ്ഞു.
ഗസയില്‍ 200ന് മുകളിലായി ഇസ്രഈലി സൈനികര്‍ കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് ഹമാസില്‍ നിന്ന് നെതന്യാഹുവിന് മേല്‍ സമ്മര്‍ദം ഉയര്‍ത്താന്‍ കാരണമായതെന്നും ദി ടൈംസ് ചൂണ്ടിക്കാട്ടി.
നിലവിലെ കണക്കുകള്‍ ഗസയിലെ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 25,295 ആയി വര്‍ധിച്ചുവെന്നും 62,681 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 50 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Content Highlight: Netanyahu government isolated domestically and internationally: The Times reports