ഇസ്രഈലിൽ നെതന്യാഹു സർക്കാരിനെതിരെ അവിശ്വാസ പ്രമേയം
ISRAELI–PALESTINIAN CONFLICT
ഇസ്രഈലിൽ നെതന്യാഹു സർക്കാരിനെതിരെ അവിശ്വാസ പ്രമേയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd January 2024, 5:01 pm

 

ടെൽ അവീവ്:  ഇസ്രഈലിൽ സർക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങി പ്രതിപക്ഷം. ഗസയിൽ ഹമാസ് ബന്ദികളാക്കിയവരെ തിരിച്ചുകൊണ്ടുവരാൻ നെതന്യാഹു സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ ലേബർ പാർട്ടി തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ഇസ്രഈൽ പാർലമെന്റായ നെസറ്റിൽ അവിശ്വാസപ്രമേയത്തിനായി ലേബർ പാർട്ടി നിർദ്ദേശം സമർപ്പിച്ചു.

‘നമ്മുടെ ആൺമക്കളെയും പെൺമക്കളെയും 103 ദിവസമായി ഹമാസ് ബന്ധികൾ ആക്കിയിരിക്കുകയാണ്. അവർ യാതൊരു ശ്രമവും നടത്തുന്നില്ല. അവൾക്ക് അതിന് സമയമില്ല. പക്ഷേ നമ്മുടെ കയ്യിൽ സമയമുണ്ട്. ബന്ധികളെ മോചിപ്പിക്കുന്നതിനായി ഇടപെടലുകൾ നടത്താത്ത സർക്കാരിൽ ഞങ്ങൾക്ക് വിശ്വാസമില്ല. ബന്ധികളാക്കിയവർക്ക് മുൻതൂക്കം നൽകാത്ത ഗവൺമെന്റിലുള്ള വിശ്വാസം നഷ്ടപ്പെട്ട് കഴിഞ്ഞിരിക്കുന്നു. അവരെ ഭരണത്തിൽ നിന്ന് ഇറക്കി വിടണം,’ ലേബർ പാർട്ടി എക്‌സിലൂടെ പറഞ്ഞു.

മുൻ ഗതാഗത മന്ത്രിയായിരുന്ന മെറാവ് മൈക്കിലൂ നേതൃത്വം നൽകുന്ന ലേബർ പാർട്ടിക്ക് നെസറ്റിൽ നാല് സീറ്റുകളാണ് ഉള്ളത്.


നേരത്തെ ബജറ്റിനെ എതിർത്ത് കൊണ്ട് പ്രതിപക്ഷ നേതാവ് സർക്കാരിനെതിരെ അവിശ്വാസ പ്രമേയം സമർപ്പിച്ചിരുന്നു. 120 അംഗ പാർലമെൻറിൽ 24 സീറ്റാണ് പ്രതിപക്ഷ നേതാവ് യെയർ ലാപിടിന്റെ യെഷ് ആറ്റിഡ് പാർട്ടിക്ക് ഉള്ളത്. അവിശ്വാസപ്രമേയം പാസാകണമെങ്കിൽ 61 നെസറ്റ് അംഗങ്ങളുടെ ഭൂരിപക്ഷം ആവശ്യമാണ്. നെതന്യാഹു നേതൃത്വത്തിലുള്ള വലതുപക്ഷ സർക്കാരിന് 64 സീറ്റുകളുടെ ഭൂരിപക്ഷമാണുള്ളത്. അതുകൊണ്ട് പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ജയിക്കാനുള്ള സാധ്യത കുറവാണ്.

Content Highlight : Netanyahu government faces vote of no confidence over hostage issue.