ടെല്‍ അവീവ്: യുദ്ധകാല മന്ത്രിസഭ പിരിച്ചുവിട്ട് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ആറംഗ യുദ്ധകാല മന്ത്രിസഭ പിരിച്ചുവിടുകയാണെന്ന് നെതന്യാഹു പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം നടന്ന കാബിനറ്റ് യോഗത്തിലാണ് യുദ്ധകാല മന്ത്രിസഭ പിരിച്ചുവിടാന്‍ തീരുമാനമുണ്ടായത്.
ഗസയിലെ തുടര്‍ നടപടികളില്‍ തീരുമാനമെടുക്കാന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റും സ്ട്രാറ്റജിക് അഫയേഴ്‌സ് മന്ത്രി റോണ്‍ ഡെര്‍മറുമായും ചര്‍ച്ച നടത്തുമെന്നും നെതന്യാഹു അറിയിച്ചു.
ദിവസങ്ങള്‍ക്ക് മുമ്പാണ് സഖ്യകക്ഷിയായ ബെന്നി ഗാന്റ്‌സ് യുദ്ധകാല കാബിനറ്റില്‍ നിന്ന് രാജിവെച്ചത്. ഗാന്റ്സുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഇസ്രഈല്‍ യുദ്ധ കാബിനറ്റ് രൂപീകരിച്ചത്. അദ്ദേഹത്തിന്റെ അഭാവത്തില്‍ യുദ്ധ കാബിനറ്റിന് പ്രസക്തിയില്ലെന്ന് നെതന്യാഹു പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗാന്റ്‌സിന്റെ രാജിക്ക് പിന്നാലെ നെതന്യാഹു സര്‍ക്കാര്‍ സമ്മര്‍ദത്തിലായിരുന്നു. ഇസ്രഈല്‍ ധനമന്ത്രി ബെസേലേല്‍ സ്‌മോട്രിച്ച്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിര്‍ എന്നിവര്‍ ഗസയിലെ ആക്രമണം നെതന്യാഹു സര്‍ക്കാര്‍ തുടരണമെന്ന് ആവശ്യപ്പെട്ടിരുന്നു. പുതിയ യുദ്ധ കാബിനറ്റ് രൂപീകരിക്കണമെന്നും ഇവര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മന്ത്രിമാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ നെതന്യാഹു തള്ളിയതായാണ് റിപ്പോര്‍ട്ട്.
യുദ്ധാനന്തരം ഗസയെ സംബന്ധിക്കുന്ന പദ്ധതികള്‍ നെതന്യാഹു സര്‍ക്കാരിന്റെ പക്കലില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബെന്നി ഗാന്റ്‌സിന്റെ രാജി. എന്നാല്‍ സഖ്യത്തില്‍ നിന്ന് രാജിവെച്ചെങ്കിലും ഫലസ്തീന്‍ ജനതയെ പിന്തുണയ്ക്കുന്ന ലെബനനെതിരെയുള്ള ഇസ്രഈലിന്റെ നടപടികളില്‍ തന്റെ പാര്‍ട്ടി സര്‍ക്കാരിനെ പിന്തുണക്കുമെന്ന് ഗാന്റ്സ് പറഞ്ഞതായി ഹാരെറ്റ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഒക്ടോബര്‍ ഏഴിന് ഹമാസ് രാജ്യത്ത് നടത്തിയ ആക്രമണത്തെ ഇസ്രഈല്‍ ഇനി മുന്‍ഗണനയില്‍ വെക്കേണ്ടതില്ലെന്നും ഗാന്റ്സ് വ്യക്തമാക്കിയിരുന്നു. ബന്ദികളെ മോചിപ്പിക്കണം, അവര്‍ക്ക് സുരക്ഷയൊരുക്കണം, യുദ്ധത്തിനിടയില്‍ ദുരിതമനുഭവിക്കുന്ന ഇസ്രഈലി കുട്ടികളുടെ പ്രശ്നങ്ങള്‍ പരിഗണിക്കണമെന്നും ഗാന്റ്‌സ് ആവശ്യപ്പെട്ടിരുന്നു.
അതേസമയം മാനുഷിക സഹായം എത്തിക്കുന്നതിനായി ഗസയില്‍ പകല്‍ സമയത്ത് വെടിനിര്‍ത്തല്‍ ഉണ്ടാകുമെന്ന് ഇസ്രഈല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് ഫലസ്തീനിലെ സമ്പൂര്‍ണ വെടിനിര്‍ത്തലിന്റെ ഭാഗമല്ല.