ഇസ്രാഈല്‍ സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായാണ് പ്രതിഷേധങ്ങള്‍ ശക്തമാകുന്നത് എന്നത് ഭരണകൂടത്തിന് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. സുപ്രീംകോടതിയുടെ അധികാരത്തെ ദുര്‍ബലപ്പെടുത്താനുദ്ദേശിച്ച് കൊണ്ടുള്ള നെതന്യാഹു സര്‍ക്കാരിന്റെ നടപടികള്‍ ജനാധിപത്യത്തെ തന്നെ അപകടത്തിലാക്കുമെന്നാണ് പ്രതിഷേധക്കാരുടെ വാദം.
‘ഇത് ജുഡീഷറി പരിഷ്‌കരണവുമായി മാത്രം ബന്ധപ്പെട്ട കാര്യമല്ല, ജനാധിപത്യത്തെക്കൂടി ബാധിക്കുന്നതാണ്, ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ജുഡീഷ്യറി സ്വതന്ത്രമായി നില്‍ക്കേണ്ടത് അത്യാവശ്യമാണ്,’ നാഷണല്‍ കൗണ്‍സില്‍ ഓഫ് ജ്യൂവിഷ് വുമെന്‍ അധ്യക്ഷ ഷെയ്‌ല കത്‌സ് പറഞ്ഞു.
ഇസ്രാഈല്‍ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ 75ാം വാര്‍ഷികത്തെ കുറിക്കുന്നതും നെതന്യാഹുവിന്റെ ചിത്രത്തിന് മുകളില്‍ ക്രൈം മിനിസ്റ്റര്‍ എന്നെഴുതിയതുമായ ബാനറുകളുമായാണ് ജനങ്ങള്‍ പ്രതിഷേധത്തിനെത്തിയത്. സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള ആളുകള്‍ സമരങ്ങളുടെ ഭാഗമായതായാണ് റിപ്പോര്‍ട്ട്. സൈനികാംഗങ്ങളായ ആയിരക്കണക്കിന് പേരും തൊഴിലാളികളുമെല്ലാം പ്രതിഷേധത്തിന് പിന്തുണയുമായി എത്തുന്നുണ്ട്.
നേരത്തെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ജുഡീഷ്യറി പരിഷ്‌കരണ നീക്കങ്ങളില്‍ നിന്ന് താത്കാലികമായി നെതന്യാഹു പിന്‍വാങ്ങിയിരുന്നു. ജനങ്ങളുടെ പ്രതിഷേധത്തിന് പുറമേ സ്വന്തം സര്‍ക്കാരില്‍ നിന്നും, പാര്‍ട്ടിയില്‍ നിന്നും പരിഷ്‌കരണങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ന്നതിനെ തുടര്‍ന്നായിരുന്നു നെതന്യാഹുവിന്റെ പിന്മാറ്റം. എന്നാല്‍ സര്‍ക്കാരിന്റെ പിന്മാറ്റം താല്‍കാലികമാണെന്നും വീണ്ടും പരിഷ്‌കരണ ശ്രമങ്ങളുമായി നെതന്യാഹു മുന്നോട്ട് വരുമെന്നുമുള്ള ആശങ്ക ജനങ്ങള്‍ക്കുണ്ട്. അതിനാലാണ് പ്രതിഷേധങ്ങള്‍ തുടരുന്നതെന്നാണ് റിപ്പോര്‍ട്ട്.
ജഡ്ജിമാരുടെ നിയമനവും പുറത്താക്കലുമുള്‍പ്പെടെയുള്ള നിര്‍ണായക വിഷയങ്ങളില്‍ സര്‍ക്കാരിന് പൂര്‍ണമായ അധികാരം നല്‍കുന്നതുള്‍പ്പെടെ വിവാദപരമായ പരിഷ്‌കരണങ്ങളാണ് രാജ്യത്ത് നടപ്പാക്കാന്‍ നെതന്യാഹു സര്‍ക്കാര്‍ ശ്രമിച്ചത്. ജുഡീഷ്യറി പരിഷ്‌കരണത്തിലൂടെ അധികാരം പൂര്‍ണമായും സര്‍ക്കാരിലേക്ക് കേന്ദ്രീകരിക്കാനുള്ള ശ്രമമായിരുന്നു ഇത്.
സുപ്രീംകോടതി വിധി അസാധുവാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍, ഭരണകക്ഷിക്ക് അധികാരം ലഭ്യമാക്കുന്ന തരത്തിലായിരുന്നു നിയമ പരിഷ്‌കാരങ്ങള്‍. അഴിമതിക്കേസുകളില്‍ ആരോപണ വിധേയനായ നെതന്യാഹുവിന്, ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗമെന്ന നിലയിലാണ് ജുഡീഷ്യറി പരിഷ്‌കരണവുമായി മുന്നോട്ട് പോകുന്നതെന്ന വിമര്‍ശനം ശക്തമാണ്.
തെരഞ്ഞെടുപ്പിന് ശേഷം ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്നതിനാല്‍ തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം ചേര്‍ന്നാണ് നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി രാജ്യത്ത് സര്‍ക്കാര്‍ രൂപീകരിച്ചത്.
Content Highlights: Netanyahu Crime Minister; Protests intensify in Israel ahead of Independence Day